പ്രവാസികള്‍ക്ക് കോളടിച്ചു, കോഴിക്കോട്ടേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍; കാരണം ഇതാണ്
മസ്‌കത്ത്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒമാന്‍ എയര്‍. യാത്രക്കാരുടെ വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. ഒമാനില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ കോഴിക്കോട്ടേക്ക് ആവശ്യമാണെന്ന് മനസിലാക്കിയാണ് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.
ഒമാന്‍ എയര്‍ ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതേസമയം വിവിധ രാജ്യാന്തര സെക്ടറുകളിലേക്കും സര്‍വീസുകള്‍ വര്‍ധിപ്പിക്കും. തായ്‌ലന്‍ഡ്, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളിലേക്കും യൂറോപ്പ്യന്‍ നഗരങ്ങളിലേക്കും ഒമാന്‍ എയര്‍ അധിക സേവനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ സെക്ടറുകളില്‍ കോഴിക്കോട്ടേക്ക് മാത്രമാണ് അധിക സര്‍വീസുകള്‍ ഒമാന്‍ എയര്‍ നടത്തുന്നത്. മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്ക് ജൂണ്‍ മൂന്ന് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ച്ചതോറും പതിനൊന്ന് സര്‍വീസുകള്‍ ആയിരിക്കും നടത്തുക. നിലവില്‍ ആഴ്ച്ചയില്‍ ഏഴ് സര്‍വീസുകളുണ്ട്.
മസ്‌കത്ത്-കോഴിക്കോട് റൂട്ടില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഓരോ സര്‍വീസ് വീതവും, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതവും നടത്തും. വരുന്ന വേനല്‍ അവധിക്കാലത്തും ബലി പെരുന്നാളിനും നാട്ടിലേക്കുള്ള യാത്ര സ്വപ്‌നം കാണുന്നത് മലബാറിലെ പ്രവാസികള്‍ക്ക് ഈ അധിക സര്‍വീസുകള്‍ ഒരുപാട് ഗുണം ചെയ്യും.
പ്രധാനമായും കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒമാനിലേക്ക് പോകുന്നവര്‍ക്ക് അധിക സര്‍വീസുകള്‍ ഏറെ ഗുണം ചെയ്യും. കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അധിക സര്‍വീസുകള്‍ ഈ മാസം രണ്ട് മുതല്‍ ആരംഭിച്ചിരുന്നു.
നേരത്തെ ഒമാന്‍ ദേശീയ വിമാന കമ്പനി കൂടിയായ എയര്‍ സമ്മര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരുന്നു. മസ്‌കറ്റില്‍ നിന്ന് പ്രാദേശിക ലക്ഷ്യസ്ഥാനങ്ങള്‍ക്ക് പുറമേ ഗള്‍ഫ്, അറബ്, ഫാര്‍ ഈസ്റ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക ഉള്‍പ്പെടെ ലോകത്തിന്റെ നാല്‍പ്പത് നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
മസ്‌കറ്റ്-സലാല റൂട്ടില്‍ ആഴ്ച്ചതോറും 24 സര്‍വീസുകള്‍, മസ്‌കറ്റ്-കസബ് റൂട്ടില്‍ ആറ് പ്രതിവാര സര്‍വീസുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ബാങ്കോക്ക്, ക്വാലാലംപൂര്‍, ഫുകെത്, ജക്കാര്‍ത്ത മനില എന്നിവിടങ്ങളിലേക്കും മസ്‌കറ്റില്‍ നിന്ന് ഒമാന്‍ എയര്‍ സര്‍വീസുകളുണ്ടാവും.












Click it and Unblock the Notifications