അവസരം മുതലെടുക്കുന്നു, പ്രവാസികളെ പിഴിഞ്ഞ് വീണ്ടും വിമാനകമ്പനികള്‍: ടിക്കറ്റിന് 50000 വരെ
ദോഹ: ഖത്തറില്‍ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള യാത്രാക്കൂലി വർധിപ്പിച്ച് വിമാന കമ്പനികള്‍. നാളെ സ്കൂളുകള്‍ക്ക് മധ്യവേനല്‍ അവധി തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വില വർധനവ്. ഈ സമയത്ത് നിരക്ക് വർധനവ് സ്വാഭാവികമാണെങ്കിലും ഇത്തരത്തിലുള്ള വർധനവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ പലരും നാട്ടിലേക്കുള്ള യാത്രകള്‍ മാറ്റി വെച്ചിരിക്കുകയാണ്.
നിരക്ക് വർധനവ് മുന്നില്‍ കണ്ട് മാസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റെടുത്തവരുണ്ട്, ഇവരെ മാത്രമാണ് വർധനവ് കാര്യമായി ബാധിക്കാത്തത്. നേരിട്ടുള്ള വിമാനങ്ങൾക്ക് നിരക്ക് കൂടുതലായതിനാൽ പലരും കണക്‌ഷൻ വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കിലും നേരിയ ആശ്വാസം മാത്രമാണ് ലഭിക്കുന്നത്. അതോടൊപ്പം കുടുംബവുമായി യാത്ര ചെയ്യുന്നവരാണെങ്കില്‍ തുടർ വിമാനത്തിനായി വിമാനത്താവളങ്ങളില്‍ കുടുംബവുമായി കാത്തിരിക്കേണ്ടി വരുമെന്ന ബുദ്ധിമുട്ടുമുണ്ട്.

ഖത്തർ എയർവേഴ്സിന് പുറമെ, ഇന്ത്യയുടെ ബജറ്റ് എയർലൈനുകളായ ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ മാത്രമാണ് നിലവില്‍ ഖത്തറിനും ഇന്ത്യക്കും ഇടയില്‍ സർവ്വീസ് നടത്തുന്നത്. ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പടെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനമില്ല. ഈ സാഹചര്യത്തില്‍ തെക്കന്‍ ജില്ലക്കാർ കൊച്ചിയില്‍ ഇറങ്ങി വേണം നാട്ടിലെത്താന്‍
ദോഹയിൽ നിന്ന് കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിൽ ഈ മാസം 19 മുതൽ 25 വരെയുള്ള വിമാന നിരക്കനുസരിച്ച് ഒരാൾക്ക് ഇക്കോണമി ക്ലാസിൽ 43,000- 52,000 രൂപ ടിക്കറ്റിനായി നല്‍കണം. അതേസമയം, കേരളത്തില്‍ നിന്നും ദോഹയിലെത്താന്‍ ഈ ദിവസങ്ങളില്‍ 14,700 -23,000 രൂപ മാത്രം നല്‍കിയാല്‍ മതി. അതേസമയം, അവധി കഴിയുന്ന സമയത്ത് നിരക്കില്‍ വലിയ വർധനവുണ്ടായേക്കും.












Click it and Unblock the Notifications