സുപ്രധാന തീരുമാനവുമായി യുഎഇ; ഞായര്‍ അവധി!! ആഴ്ചയില്‍ ഇനി നാലര ദിവസം മാത്രം ജോലി
ദുബായ്: അത്ഭുതങ്ങളുടെ നാടാണ് യുഎഇ. പലപ്പോഴും ലോകരാജ്യങ്ങള്‍ക്ക് മാതൃകയുമാണ് ഈ ഗള്‍ഫ് രാഷ്ട്രം. സ്ത്രീ സുരക്ഷ, ക്രമസമാധാനം എന്നിവയിലെല്ലാം മുന്നിട്ട് നില്‍ക്കുന്ന യുഎഇ, പ്രവാസി സമൂഹം ജീവിക്കാനും ജോലി ചെയ്യാനും കൊതിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ്. ഇതിനെല്ലാം കാരണം യുഎഇയിലെ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികളാണെന്ന് പ്രവാസികള്‍ ഒന്നടങ്കം പറയുന്നു.
പുതിയ തീരുമാനം വളരെ വ്യത്യസ്തമാണ്. ജോലി സമയം കുത്തനെ കുറച്ചിരിക്കുകയാണ് യുഎഇ ഭരണകൂടം. ഇനി നാലര ദിവസം മാത്രമേ ആഴ്ചയില്‍ ജോലി ചെയ്യേണ്ടതുള്ളൂ. ബാക്കി സമയം കുടുംബത്തോടൊപ്പവും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. പുതിയ തീരുമാനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക...

ആഴ്ചയില്‍ നാലര ദിവസം മാത്രമേ ഇനി യുഎഇയില്‍ ജോലി ചെയ്യേണ്ടതുള്ളൂ. 2022 ജനുവരി ഒന്ന് മുതലാണ് ഈ നിയമം നടപ്പാക്കുക. സര്‍ക്കാര്‍ ഓഫീസുകളിലാണ് നിയമം ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ജോലി സമയം കുറയ്ക്കുന്നതിലൂടെ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് ജോലി ചെയ്യേണ്ടത്. വെള്ളിയാഴ്ച പകുതിയും ജോലി ചെയ്യണം. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 3.30 വരെയാണ് ഒരു ദിവസത്തെ ജോലി സമയം. വെള്ളിയാഴ്ചകളില്‍ ഇത് രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ എന്നാക്കി മാറ്റിയിട്ടുണ്ട്. മറ്റു ദിവസങ്ങള്‍ അവധിയാകും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കമ്പനികളും ഈ രീതി തുടര്‍ന്നേക്കും.

വെള്ളിയാഴ്ച പ്രാര്‍ഥനയുടെ സമയം ഇനി 1.15 ആയിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച ജോലി ചെയ്യുന്നതിന് ഒപ്ഷനുണ്ട്. വര്‍ക്ക് ഫ്രം ഹോം വേണമെങ്കില്‍ അന്ന് തിരഞ്ഞെടുക്കാം. അന്നേ ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കും. അവരുടെ ജോലി സമയത്തിലും മാറ്റം വരുത്താന്‍ സാധിക്കും. ഓഫീസിലെ സാഹചര്യത്തിന് അനുസരിച്ചാകും മാറ്റം വരുത്താനുള്ള അവസരം.

ആഗോള തലത്തില്‍ ആഴ്ചയിലെ ജോലി സമയം അഞ്ച് ദിവസമാണ്. ഇതിലും താഴെയായി ചുരുക്കിയിരിക്കുകയാണ് യുഎഇ. ലോകത്ത് ആദ്യമായിട്ടാണ് ഒരു രാജ്യം നാലര ദിവസം ജോലിയാക്കി മാറ്റിയിരിക്കുന്നത്. ചരിത്ര തീരുമാനം എന്നാണ് തൊഴില്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. പുതിയ തീരുമാനത്തില്‍ യുഎഇക്ക് വലിയ പ്രതീക്ഷയാണുള്ളത്.

വലിയ പ്രതീക്ഷയിലാണ് യുഎഇ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ജീവനക്കാരുടെ ജോലി ക്ഷമത വര്‍ധിക്കുമെന്ന് അവര്‍ കരുതുന്നു. കുറഞ്ഞ സമയം ജോലി ചെയ്യുമ്പോള്‍ ഊര്‍ജ സ്വലതയോടെ ജോലി ചെയ്യുമെന്നാണ് പ്രതീക്ഷ. ജീവനക്കാര്‍ക്ക് സംതൃപ്തി നല്‍കുന്നതിലൂടെ അവരുടെ ജീവിതത്തിലും ജോലിയിലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും സര്‍ക്കാര്‍ കരുതുന്നു.

ആഗോള വിപണിക്ക് അനുസൃതമായ മാറ്റങ്ങളാണ് വരുത്തുന്നത്. ഇനി ഞായറാഴ്ചകള്‍ അവധിയാകും. ഞായറാഴ്ച ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വലിയ കാര്യമില്ല എന്ന അഭിപ്രായം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. വ്യവസായ മേഖലയുടെ ഇടപാടുകള്‍ സുഗമമായി നടക്കണമെന്ന ഒരു ഉദ്ദേശവും ഞായറാഴ്ച അവധി നല്‍കുന്നതില്‍ സര്‍ക്കാരിനുണ്ട്. യുഎഇയിലെ അന്താരാഷ്ട്ര കമ്പനികളുടെ അഭ്യര്‍ഥന കൂടി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്.
നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍

ആഗോള ഓഹരി വിപണി, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുഎഇയിലെ കമ്പനികള്‍ക്ക് സൗകര്യപ്രദമാണ് പുതിയ തീരുമാനം. ഇതുവരെ ഞായര്‍ ജോലി ദിവസമായിരുന്നു. പുതിയ തീരുമാന പ്രകാരം അടുത്ത മാസം മുതല്‍ അതില്‍ മാറ്റം വരികയാണ്. സാമ്പത്തിക രംഗം, സാമൂഹിക-കുടുംബ ക്ഷേമ ഘടകങ്ങള്‍ എന്നിവയെല്ലാം പഠിച്ചാണ് മാനവ വിഭവശേഷി അധികൃതര്‍ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നത്.












Click it and Unblock the Notifications