യുഎഇ നാഷണൽ ബോണ്ട് നറുക്കെടുപ്പ്; ഭാഗ്യം തേടിയെത്തിയത് പ്രവാസിയെ, ലഭിച്ചത് 2.27 കോടിയുടെ സമ്മാനം
ദുബായ്: യുഎഇ നാഷണൽ ബോണ്ട് നറുക്കെടുപ്പിൽ ഇന്ത്യക്കാരനെ തേടി 2.27 കോടി രൂപയുടെ (10 ലക്ഷം ദിർഹം) സമ്മാനം. ആന്ധ്രപ്രദേശ് ഗൊല്ലപള്ളി സ്വദേശിയും യുഎഇയിൽ ഇലക്ട്രീഷ്യനുമായ നാഗേന്ദ്രം ബൊരുഗഡയാണ് നറുക്കെടുപ്പിലൂടെ കോടിപതിയായത്. മാസം തോറും 100 ദിർഹം വീതം നാഷണൽ ബോണ്ടിൽ നിക്ഷേപിച്ചു വരുന്നതിനിടെയാണ് വൻ സമ്മാനം അപ്രതീക്ഷിതമായി നാഗേന്ദ്രത്തെ തേടിയെത്തിയത്.
ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന നാഗേന്ദ്രം ബൊരുഗഡ, 2017 മുതൽ യുഎഇയി ജോലി ചെയ്‌തു വരികയാണ്. 2019 മുതൽ, നാഷണൽ ബോണ്ടുകളിൽ നേരിട്ടുള്ള ഡെബിറ്റ് വഴി അദ്ദേഹം പ്രതിമാസം 100 ദിർഹം (2,275.41 രൂപ) വരെ നിക്ഷേപിച്ചു വരികയായിരുന്നു. ലളിതവും എന്നാൽ സ്ഥിരതയുള്ളതുമായ സേവിംഗ്‌സ് രീതിയാണ് അദ്ദേഹത്തിന് തുണയായത്.

"ഇത് ശരിക്കും വല്ലാത്ത അതിശയമാണ്. എൻ്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനും എന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിനുമാണ് ഞാൻ യുഎഇയിൽ വന്നത്. ഈ വിജയം അത്ഭുതമായാണ് എനിക്ക് തോന്നുന്നത്" ബൊരുഗഡ നാഷണൽ ബോണ്ട് സംഘാടകരോട് പറഞ്ഞു.
"എന്റെ കൂട്ടികളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാനും അവരുടെ വിദ്യാഭ്യാസത്തിനായുള്ള എന്റെ ദീർഘകാല അഭിലാഷങ്ങൾ നിറവേറ്റാനും നാഷണൽ ബോണ്ടുകൾ എനിക്ക് അവസരം നൽകി." അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വിജയകഥ കേട്ടതോടെ എമിറേറ്റ്സിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം തികഞ്ഞ പ്രതീക്ഷയിലാണ്.
നറുക്കെടുപ്പ് വഴി ഇതിനുമുമ്പും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കോടീശ്വരന്മാരായിരുന്നു. അതിൽ ഏറ്റവും അവസാനം ചേർക്കപ്പെട്ട പേരാണ് നാഗേന്ദ്രത്തിന്റേത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായ നാഗേന്ദ്രത്തെ പോലെ ഒട്ടേറെ പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച ചരിത്രമുണ്ട് ഈ നറുക്കെടുപ്പിന്.
എന്താണ് നാഷണൽ ബോണ്ട് ?
2006-ൽ സ്ഥാപിതമായ നാഷണൽ ബോണ്ട് കോർപ്പറേഷൻ, ദുബായിലെ ഇൻവെസ്‌റ്റ്മന്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സേവിംഗ്‌സ് ആൻഡ് ഇൻവെസ്‌റ്റ്മന്റ് കമ്പനിയാണ്. യുഎഇ ഗവൺമെന്റിന്റെ നയത്തിന് അനുസൃതമായി അച്ചടക്കമുള്ള സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്ന യുഎഇ പൗരന്മാർക്കും താമസക്കാർക്കും പ്രവാസികൾക്കും ഒരു നിക്ഷേപ സുരക്ഷാ വലയും മത്സര നിക്ഷേപ പരിപാടികളും വാഗ്‌ദാനം ചെയ്യുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
നാഷണൽ ബോണ്ട്‌സ് അതിന്റെ നിക്ഷേപകർക്ക് 35.5 മില്യൺ ദിർഹം വരുന്ന റിവാർഡ് പദ്ധതികളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഒരു മില്യൺ ദിർഹം മുതൽ ആഡംബര കാറുകൾ വരെ പ്രതിമാസ, ത്രൈമാസ സമ്മാനങ്ങൾ ഇതിലൂടെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരു നറുക്കെടുപ്പിലൂടെയാണ് ഇപ്പോൾ നാഗേന്ദ്രവും കോടിപതിയായി മാറിയത്.












Click it and Unblock the Notifications