ഓണം കെങ്കേമമാകും; യുഎഇയില്‍ ഓഫറുകളുടെ പെരുമഴ, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കേറി
ദുബായ്: ഗള്‍ഫ് വിപണികളിലെ ഓഫറുകളുടെ പെരുമഴ പ്രവാസികളുടെ ഓണാഘോഷം കെങ്കേമമാക്കും. വിവിധ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓണക്കിറ്റും പച്ചക്കറിയുമെല്ലാം വന്‍തോതില്‍ വിറ്റു പോകുന്നുവെന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ തുടങ്ങിയ തിരക്ക് ഇപ്പോഴും കുറവില്ല. വെള്ളിയാഴ്ച വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പലരും നേരത്തെ സാധനങ്ങള്‍ വാങ്ങിവയ്ക്കുകയായിരുന്നു.

സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്നതിനാല്‍ പഠനോപകരണങ്ങള്‍ക്കും ഓഫറുകളുണ്ട്. നാടന്‍ പച്ചക്കറികളാണ് പല മാര്‍ക്കറ്റുകളിലെയും ആകര്‍ഷണം. ഒമാനില്‍ നിന്നുള്ള പച്ചക്കറികളും നിറഞ്ഞിട്ടുണ്ട്. നാടന്‍ പഴങ്ങള്‍ വാങ്ങുന്നതിനും ആവശ്യക്കാര്‍ ഏറെയാണ്. നേന്ത്ര, പൂവന്‍ എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കോഴി ഇറച്ചിക്കും ഓഫറുകളുണ്ട്. ഓണ സദ്യയ്‌ക്കൊപ്പം പൊരിച്ച ചിക്കനും ഇടം പിടിക്കുമെന്ന് ചുരുക്കം.
ആഘോഷങ്ങളില്‍ നിയന്ത്രണം വരുത്തിയാണ് ഇത്തവണ നാട്ടിലെ പോലെ പ്രവാസികളുടെയും ഓണം. പലരും ഓണ്‍ലൈന്‍ ഒത്തുചേരലുകള്‍ പദ്ധതിയിട്ടുകഴിഞ്ഞു. നാട്ടിലേക്ക് പോകാന്‍ സാധിക്കാത്ത ഒട്ടേറെ പേര്‍ പ്രവാസ ലോകത്തുണ്ട്. വിഷവും ചെറിയപെരുന്നാളും ബലി പെരുന്നാളും നിയന്ത്രണങ്ങളോടെ ആഘോഷിച്ച പോലെ മാവേലി മന്നന്റെ വരവും ചുരുക്കിയാണ് ആഘോഷിക്കുക.
നാട്ടിലും കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാക്കാം ആഘോഷം എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, കുടുംബ സന്ദര്‍ശനം ഇത്തവണ കുറയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications