'35 ഏക്കർ ഭൂമി, 67 ലക്ഷം സ്ക്വയർ ഫീറ്റ്'; സൂറത്ത് ഡയമണ്ട് ബോഴ്‌സ് ലോകത്തിൽ ഒന്നാമത്, പെന്റഗൺ പോലും പിന്നിലായി
സൂറത്ത്: ലോകത്തിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളോടും കൂടിയ സൂറത്ത് ഡയമണ്ട് ബോഴ്‌സ് എന്ന ഓഫീസ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്‌ഘാടനം ചെയ്‌തിരിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളോടെ ഒരുങ്ങിയ ഈ മെഗാ ഓഫീസ് സമുച്ചയം യുഎസിലെ പെന്റഗണിനേക്കാളും വലുപ്പമേറിയതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
67 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ 'സൂറത്ത് ഡയമണ്ട് ബോഴ്‌സ്' കെട്ടിടം ഗുജറാത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നായ സൂറത്തിനടുത്തുള്ള ഖജോദ് ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധ തരം ഡയമണ്ടിന്റെയും, ആഭരണങ്ങളുടെയും ആഗോള വിൽപ്പന കേന്ദ്രമായി ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്.

ഇറക്കുമതിക്കും കയറ്റുമതിക്കുമായി അത്യാധുനിക 'കസ്‌റ്റംസ് ക്ലിയറൻസ് ഹൗസ്', റീട്ടെയിൽ ജ്വല്ലറി ബിസിനസിനായുള്ള ഒരു ജ്വല്ലറി മാൾ, അന്താരാഷ്ട്ര ബാങ്കിംഗ്, സുരക്ഷിത ലോക്കറുകൾക്കുള്ള സൗകര്യം എന്നിവ ഈ ഭീമൻ ഓഫീസ് സമുച്ചയത്തിൽ ഉൾപ്പെടും.
ഈ വർഷം ഓഗസ്‌റ്റിൽ, ഡയമണ്ട് റിസർച്ച് ആൻഡ് മെർക്കന്റൈൽ (ഡ്രീം) സിറ്റിയുടെ ഭാഗമായ ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകരിച്ചിരുന്നു. യുഎസിലെ പെന്റഗൺ ഉൾപ്പെടെയുള്ള കെട്ടിടങ്ങളെ മറികടന്നാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഇന്ത്യയുടെ അഭിമാനമായത്.
സൂറത്ത് ഡയമണ്ട് ബോഴ്‌സിന്റെ നിർമ്മാണം 2015 ഫെബ്രുവരിയിൽ ആരംഭിച്ച് 2022ലാണ് പൂർത്തിയായത്. ഏകദേശം 3,500 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ കെട്ടിടത്തിന് 67 ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുണ്ട്, കൂടാതെ ഏകദേശം 4500 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകൾ ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്.
35.54 ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഭീമൻ കെട്ടിടത്തിന് ഒമ്പത് ഗ്രൗണ്ട് ടവറുകളും 15 നിലകളും ഉണ്ട്, ഓഫീസ് ഏരിയകൾ 300 ചതുരശ്ര അടി മുതൽ 1 ലക്ഷം ചതുരശ്ര അടി വരെ വിസ്‌തീർണമുള്ളതാണ്. ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകൾ മധ്യഭാഗത്ത് ബന്ധിപ്പിച്ചിരിക്കുന്നു. ഈ കെട്ടിടത്തിന് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ (ഐജിബിസി) പ്ലാറ്റിനം റാങ്കിംഗ് ആണുള്ളത്.
അതേസമയം, സൂറത്ത് വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് മോദി സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഉദ്ഘാടനം നിർവഹിച്ചത്. , തിരക്കുള്ള സമയങ്ങളിൽ 1,200 ആഭ്യന്തര യാത്രക്കാരെയും 600 അന്താരാഷ്ട്ര യാത്രക്കാരെയും കൈകാര്യം ചെയ്യാൻ സജ്ജീകരിച്ചിരിക്കുന്നതുമാണ് ഈ ടെർമിനൽ.












Click it and Unblock the Notifications