ആധാർ പുതുക്കാൻ മറന്നോ? അവസാന തീയതി സെപ്റ്റംബർ 14, വൈകിയാൽ മുട്ടൻ പണി, ഇതാണ് കാരണം
ഇന്ത്യക്കാരുടെ ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് മാറിയിട്ട് അധിക നാളുകളൊന്നും ആയിട്ടില്ല. നിലവിൽ ഏതൊരു ആവശ്യത്തിനും നമ്മളോട് ആദ്യം ഹാജരാക്കാൻ പറയുക ആധാർ കാർഡ് ആണ്. അത് സാമ്പത്തിക സേവനങ്ങൾ (ബാങ്കിംഗ്) ആവട്ടെ അല്ലാതെ സർക്കാർ സംബന്ധമായ രേഖകൾ ഉൾപ്പെടെയുള്ളവയ്ക്ക് ആവട്ടെ ആധാർ നിർബന്ധമാണ്. എങ്കിലും ചിലർ ആധാറിൽ അലംഭാവം കാണിക്കുന്നുണ്ട് എന്നതാണ് സത്യം.
ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനായി പലവട്ടം കേന്ദ്ര സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായി അവർ ഒരു അവസാന തീയതി നിശ്ചയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇത് പലപ്പോഴായി നീട്ടി നൽകി ഇപ്പോൾ സെപ്റ്റംബർ 14 വരെ എത്തിയിരിക്കുകയാണ്, ഞെട്ടണ്ട അതായത് നാളെ തന്നെയാണ് ഈ അവസാന തീയതി.

നിങ്ങളുടെ പത്ത് വർഷം പഴക്കമുള്ള ആധാർ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനും അതിൽ തെറ്റുകൾ തിരുത്താനുമുള്ള അവസാന തീയതിയാണ് സെപ്റ്റംബർ പതിനാല്. ഈ വാർത്ത റിപ്പോർട്ട് ചെയ്യും വരെ ഈ തീയതി സർക്കാർ നീട്ടി നൽകിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ പലതവണ സർക്കാർ ഇക്കാര്യത്തിൽ ഉദാസീനത കാണിച്ചുവെങ്കിലും ഇനിയൊരു ആനുകൂല്യം ലഭിക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എങ്ങനെയാണ് ആധാർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യേണ്ടത്?
ഇനി അധിക സമയം ശേഷിക്കുന്നില്ല എന്നതിനാൽ തന്നെ ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതാവും ഏറ്റവും ഉചിതമായ മാർഗം. ഇതിനായി നിങ്ങൾക്ക് സ്വന്തം ലാപ്ടോപ്പിൽ നിന്ന് വീട്ടിലിരുന്ന് കൊണ്ട് തന്നെ വിവരങ്ങൾ പുതുക്കി നൽകാനും മറ്റുള്ളവ മാറ്റാനും കഴിയും എന്ന കാര്യം മറക്കരുത്. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
ആദ്യം myaadhaar.uidai.gov.in എന്ന പോർട്ടലിൽ കയറി നിങ്ങളുടെ ആധാർ നമ്പറും നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത് "ആധാർ അപ്‌ഡേറ്റ്" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പ്രൊഫൈലിൽ കാണിച്ചിരിക്കുന്ന ഐഡന്റിറ്റിയും മേൽവിലാസത്തിന്റെ വിശദാംശങ്ങളും വായിച്ച് ഉറപ്പ് വരുത്തുക.
എല്ലാ വിവരങ്ങളും ശരിയാണെങ്കിൽ 'മുകളിലുള്ള വിശദാംശങ്ങൾ ശരിയാണെന്ന് ഞാൻ സ്ഥിരീകരിക്കുന്നു' ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ലഭ്യമായ ഡ്രോപ്പ്-ഡൗൺ മെനുകളിൽ നിന്ന് തിരിച്ചറിയലിനും മേൽവിലാസ പരിശോധനയ്ക്കും നിങ്ങൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന രേഖ തിരഞ്ഞെടുക്കുക.
തിരഞ്ഞെടുത്ത രേഖ അപ്‌ലോഡ് ചെയ്യുക, അതിൽ പറയുന്ന മാനദണ്ഡങ്ങൾ പലിച്ചു കൊണ്ട് വേണം ഫോട്ടോ ഉൾപ്പെടെ അപ്‌ലോഡ് ചെയ്യാൻ.
നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും അവലോകനം ചെയ്യുക, തുടർന്ന് നിങ്ങളുടെ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കുക.
ശേഷം 14 അക്ക അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷയുടെ തൽസ്ഥിതി അറിയാവുന്നതാണ്.
സെപ്റ്റംബർ പതിനാലിന് ശേഷം ആധാർ അസാധുവാകുമോ?
ഇത്തരത്തിൽ സർക്കാർ അനുവദിച്ച സമയപരിധിയായ സെപ്റ്റംബർ 14ന് ശേഷവും ആധാർ അപ്‌ഡേറ്റ് ചെയ്യാത്തവരുണ്ടെങ്കിൽ അവർക്ക് തുടർന്ന് സേവനം ലഭ്യമാവുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. നിലവിലെ സാഹചര്യത്തിൽ ആധാർ ഉപയോഗിക്കാൻ കഴിയില്ലെന്ന പേടി വേണ്ടെന്നാണ് യുഐഡിഐഎ അറിയിച്ചിരിക്കുന്നത്.
ആധാർ ആരുടേയും റദ്ദാക്കാൻ ഉദ്ദേശമില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സെപ്റ്റംബർ പതിനാലിന് ശേഷം ഈ സേവനം സൗജന്യമാവാൻ ഇടയില്ല. പിഴ അടയ്‌ക്കേണ്ടി വരുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതുവരെയും പിഴയുമായി ബന്ധപ്പെട്ട പ്രഖ്യാപനവും വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്തായാലും നിശ്ചിത തീയതിക്കുള്ളിൽ ഇത് നടപ്പാക്കിയാൽ ആശങ്ക വേണ്ടെന്ന് ഉറപ്പിക്കാം.












Click it and Unblock the Notifications