ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ അസാധുവാകുമോ? യുഐഡിഎഐ നൽകിയ മറുപടി ഇങ്ങനെ, ഇക്കാര്യം ശ്രദ്ധിക്കണം
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖ എന്ന നിലയിലേക്ക് ആധാർ മാറിയത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. നിലവിൽ സർക്കാർ-സ്വകാര്യ ആവശ്യങ്ങൾക്കും അല്ലാതെയുള്ള ബാങ്കിംഗ് സേവനങ്ങൾക്കും ഉൾപ്പെടെ ആധാർ സാർവത്രികമായി ഉപയോഗിച്ച് വരികയാണ്. അതുകൊണ്ട് തന്നെ ആധാർ നഷ്‌ടപെടുത്തുക എന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.
എന്നാൽ അടുത്തിടെയായി വലിയ രീതിയിൽ നടക്കുന്ന ഒരു പ്രചരണമാണ് ആധാർ അസാധുവാകുന്ന വിഷയവുമായി ബന്ധപ്പെട്ടത്. നേരത്തെ തന്നെ ആധാർ പുതുക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരു സമയ പരിധി നിശ്ചയിച്ചിരുന്നു. നിലവിൽ സെപ്റ്റംബർ 14 വരെയാണ് ഇതിന് അനുവദിച്ചിരിക്കുന്ന കാലാവധി. ഇതിനകം പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകും എന്നാണ് വ്യാപക പ്രചരണം.

എന്നാൽ ഇതിൽ കഴമ്പുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ വ്യാജ പ്രചരണങ്ങൾ ശക്തമാവുന്ന ഘട്ടത്തിൽ യുഐഡിഎഐ തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ആധാർ സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിച്ചാലും നിങ്ങളുടെ ആധാർ അസാധുവാകില്ല എന്നാണ് അവർ അറിയിച്ചിരിക്കുന്നത്.
ആധാർ അപ്‌ഡേഷൻ അവസാന തീയതി എപ്പോൾ?
നേരത്തെ ജൂൺ 14 വരെ ഇതിനുള്ള അവസരമായി സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ വിവിധ ആവശ്യങ്ങൾ കണക്കിലെടുത്ത് ഈ തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു യുഐഡിഎഐ. ആധാർ കാർഡ് ഉടമകൾക്ക് ഫീസ് ഈടാക്കാതെ അവരുടെ അപ്‌ഡേറ്റുകൾ പൂർത്തിയാക്കാൻ സെപ്റ്റംബർ 14 വരെ സമയമുണ്ട്. മൈആധാർ പോർട്ടലിലൂടെ ഇപ്പോഴും ആധാർ കാർഡ് അപ്‌ഡേറ്റ് സൗജന്യമായി തുടരുമ്പോൾ, ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾക്ക് 50 രൂപ ഫീസ് ബാധകമാണ്.
എങ്ങനെ ആധാർ പുതുക്കാം?
ആധാർ പുതുക്കുന്ന വേളയിൽ മേൽവിലാസവും ജനന തീയതിയും ഉൾപ്പെടെ സുപ്രധാന വിവരങ്ങളും ഓണ്‍ലൈനിലൂടെ സ്വയം അപ്‌ഡേറ്റ് ചെയ്യാനാകും. ഇതിനായി https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാൽ മതി. നിങ്ങളുടെ മേൽവിലാസം മാറ്റാനാണ് എങ്കിൽ 'അഡ്രസ് അപ്‌ഡേഷന്‍ ഓപ്ഷന്‍' തിരഞ്ഞെടുക്കുകയാണ് വേണ്ടത്.
തുടർന്ന് 'അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അതില്‍ പേര്, ജനനതീയതി എന്നിവ തിരുത്താന്‍ പ്രത്യേകം നല്‍കിയിരിക്കുന്ന വിൻഡോയിൽ ക്ലിക്ക് ചെയ്‌താല്‍ മതി. കുടുംബാംഗങ്ങളുടെ അഡ്രസില്‍ മാറ്റങ്ങളുണ്ടെങ്കിലും നിങ്ങള്‍ക്ക് തന്നെ സ്വയം അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.
നിങ്ങളുടെ ആധാറും, മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം എന്നതാണ് ഇതിൽ നിർബന്ധമായും ഓർക്കേണ്ട കാര്യം. ഇത്തരത്തിൽ ബന്ധപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) ഫോണിൽ വരികയുള്ളൂ. അതിനാൽ തന്നെ കാലാവധിക്ക് മുന്നേ അപ്‌ഡേഷൻ പൂർത്തിയാക്കാനായി ഫോണും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.












Click it and Unblock the Notifications