ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തി സാക്ഷാൽ ഗൗതം അദാനിയും; പങ്കെടുത്തത് ഭാര്യയ്‌ക്കൊപ്പം
ഇന്ത്യയിലെ സമ്പന്നൻമാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന വ്യവസായികളാണ് മുകേഷ് അംബാനിയും അദാനിയും. ആസ്‌തിയിലെ ആരോഗ്യകരമായ ഈ മത്സരം ജീവിതത്തിൽ ഇരുവരും വച്ചുപുലർത്തുന്നില്ല എന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോകം ഉറ്റുനോക്കുന്ന മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ കല്യാണത്തിന് ഗൗതം അദാനിയും പങ്കെടുത്തിരിക്കുകയാണ്.
കുടുംബത്തോടൊപ്പം ചടങ്ങിനെത്തിയ ഗൗതം അദാനിയുടെ ചിത്രം ഇതിനോടകം തന്നെ വൈറലായിരുന്നു. ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും ചടങ്ങിനെത്തി. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ആഡംബര പൂർണമായ ചടങ്ങിൽ വച്ചാണ് ആനന്ദ് അംബാനിയും രാധിക മെർച്ചന്ററും ഔദ്യോഗികമായി വിവാഹിതരായത്. നാളുകളായുള്ള കാത്തിരിപ്പിന് ഒടുവിലാണ് ഇരുവരും വരണമാല്യമണിഞ്ഞത്.

പ്രിയങ്ക ചോപ്ര ജോനാസ്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, അന്താരാഷ്‌ട്ര സെൻസേഷൻ കിം കർദാഷിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത പ്രമുഖരാണ്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെ വിനോദം, കായികം, ബിസിനസ്, രാഷ്ട്രീയം എന്നീ മേഖലകളിലെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
ജോൺ സീന, എആർ റഹ്മാൻ, അനിൽ കപൂർ, ഖുഷി കപൂർ, ഷനായ കപൂർ, അർജുൻ കപൂർ, സാറാ അലി ഖാൻ എന്നിവർ ഉൾപ്പെടെ വിവാഹത്തിൽ പങ്കെടുക്കാൻ ജിയോ വേൾഡ് സെന്ററിൽ എത്തിയിട്ടുണ്ട്. ഫ്യൂച്ചറിസ്‌റ്റ് പീറ്റർ ഡയമാൻഡിസ്, ആർട്ടിസ്‌റ്റ് ജെഫ് കൂൺസ്, സെൽഫ് ഹെൽപ്പ് കോച്ച് ജെയ് ഷെട്ടി, മുൻ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറി, മുൻ കനേഡിയൻ പ്രധാനമന്ത്രി സ്‌റ്റീഫൻ ഹാർപ്പർ എന്നിവർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആനന്ദ്- രാധിക വിവവാഹ ചടങ്ങുകളുടെ ആരംഭം ജൂലായ് 12നായിരുന്നു. വിവാഹത്തിന് ഷെര്‍വാണിയും സ്‌നീക്കേഴ്‌സുമണിഞ്ഞെത്തിയ ആനന്ദിന്റെ വേഷം ശ്രദ്ധ നേടിയിരുന്നു. സ്വര്‍ണ എമ്പ്രോയിഡറി വര്‍ക്കുകളുള്ള, വിലപിടിപ്പുള്ള രത്‌നങ്ങള്‍ പതിച്ചതാണ് ആനന്ദിന്റെ ഷെര്‍വാണി, സോഷ്യൽ മീഡിയയിൽ ഈ വസ്‌ത്രം വൈറലായിരുന്നു.
അതേസമയം, ഇവിടേക്ക് അതിഥികളെ എത്തിക്കുന്നത് പ്രത്യേക വിമാനങ്ങളിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇതിനായി അംബാനി കുടുംബം നൂറോളം വിമാനങ്ങൾ വാടകയ്ക്ക് എടുത്തുവെന്നാണ് റിപ്പോർട്ട്. ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിനായി അംബാനി കുടുംബം ചെലഴിക്കുന്നത് ഏകദേശം 5000 കോടി രൂപയോളമാണെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ വിവാഹങ്ങളിൽ ഒന്നായി ഇത് മാറും.












Click it and Unblock the Notifications