ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങുകൾ വൈകില്ല; പ്രീ വെഡ്ഡിംഗിന് 1200 കോടി, അപ്പോൾ കല്യാണത്തിനോ?
മുംബൈ: ഒരു പ്രീ വെഡ്ഡിംഗ് ആഘോഷം പോലും വലിയ വാർത്തയായ അംബാനി കുടുംബത്തിലെ ഇലമുറക്കാരന്റെ കല്യാണം അടുത്ത മാസം നടക്കാനിരിക്കുകയാണ്. മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനി രാധിക മെർച്ചന്റിനെയാണ് വിവാഹം കഴിക്കുന്നത്. ജൂലായ് 12നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക. എന്നാൽ ഇപ്പോഴിതാ അതിന് രണ്ടാഴ്‌ച മുൻപ് തന്നെ ചടങ്ങുകൾക്ക് തുടക്കമാവും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജൂൺ 29ന് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിൽ വെച്ച് വിവാഹവുമായി ബന്ധപ്പെട്ട പൂജാ ചടങ്ങുകൾ ആരംഭിക്കുമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. അതിന് ശേഷമാവും കല്യാണത്തിന്റെ മറ്റ് ചടങ്ങുകളിലേക്ക് കടക്കുകയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അടുത്ത മാസം നടക്കുന്ന വലിയ കല്യാണ ആഘോഷങ്ങളുടെ മുന്നോടിയായാണ് ഈ സ്വകാര്യ ചടങ്ങ് എന്നാണ് സൂചന. വധൂവരന്മാരുടെ വിവാഹ സമയത്തെ സ്‌റ്റൈലിംഗിനായി പ്രമുഖ ഫാഷൻ സ്‌റ്റൈലിസ്‌റ്റുകളായ റിയ കപൂറും ശാലീന നഥാനിയും ചുമതല ഏറ്റെടുത്തതായി നേരത്തെ തന്നെ വർത്തകൾ പുറത്തുവന്നിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങൾ ഇതിനകം തന്നെ സജീവമായി തന്നെ പുരോഗമിക്കുന്നുണ്ട്.
പ്രമുഖ ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയും ചേർന്നാണ് ഇവരുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്. ജൂലൈ 12ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങളോടെയാണ് വിവാഹത്തിന് തുടക്കമാവുക. വലിയ പരിപാടികളാണ് ഇതിനോട് അനുബന്ധിച്ച് അംബാനി കുടുംബം ഒരുക്കിയിരിക്കുന്നത്.
മുകേഷ് അംബാനിയുടെയും നിതയുടെയും ഇളയ മകനായ ആനന്ദ് അംബാനി, റിലയൻസ് ഇൻഡസ്ട്രീസ്, ജിയോ പ്ലാറ്റ്‌ഫോമുകൾ, റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ്, റിലയൻസ് ന്യൂ എനർജി, റിലയൻസ് ന്യൂ സോളാർ എനർജി തുടങ്ങി നിരവധി റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ ഡയറക്‌ടർ കൂടിയാണ്. രാധിക മെർച്ചന്റ് ആണ് ആനന്ദിന്റെ വധു.
നേരത്തെ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് ഏതാണ്ട് 1200 കോടിയോളം ചിലവായെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗുജറാത്തിലെ ജാംനഗറിലാണ് മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ഈ പരിപാടി നടന്നത്. വലിയ ആഡംബരത്തിന്റെ വേദിയായിരുന്നു ഇത്. മാർച്ചിലായിരുന്നു ഈ ആഘോഷ പരിപാടി നടന്നത്.
ആഗോള ടെക് സിഇഒമാർ, ബോളിവുഡ് താരങ്ങൾ, പോപ്പ് ഐക്കണുകൾ, രാഷ്ട്രീയക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറയിൽ നിന്നും വലിയൊരു വിഭാഗമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ഇതോടെ വിവാഹത്തിന് അംബാനി കുടുംബം ഇനി എത്ര ചെലവഴിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അടുത്തിടെ ഇവരുടെ രണ്ടാം പ്രീ വെഡ്ഡിംഗ് ആഘോഷവും അംബാനി കുടുംബം സംഘടിപ്പിച്ചിരുന്നു.
യൂറോപ്പിൽ പര്യടനം നടത്തുന്ന ഒരു ആഡംബര ക്രൂയിസ് കപ്പലിൽ വച്ചാണ് രണ്ടാം പ്രീ-വെഡ്ഡിംഗ് ആഘോഷ പരിപാടി കൂടി നടന്നത്. ചലച്ചിത്ര, ബിസിനസ്, കലാ സാംസ്‌കാരിക രംഗത്ത് നിന്നുള്ള വമ്പന്മാർ ഈ പരിപാടിയിൽ പങ്കെടുത്തിന്നിരുന്നു. ഇറ്റലിയിലും ഫ്രാൻസിലുമായി നടന്ന ഈ ആഘോഷത്തിന് എത്ര തുക ചിലവായെന്ന് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
അതേസമയം, ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയെടുത്താൽ അതിലെ ആദ്യ പേരുകാരിൽ ഒരാളായിരിക്കും മുകേഷ് അംബാനി. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി മുകേഷ് അംബാനി തന്നെയാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. ഇടയ്ക്ക് ഗൗതം അദാനിയെ പോലുള്ളവർ വന്നെങ്കിലും പിന്നീട് മുകേഷ് അംബാനി തന്റെ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വിവാഹത്തിലും ഈ സമ്പന്നത പ്രകടിപ്പിക്കാനാണ് അംബാനി കുടുംബം ശ്രമിക്കുന്നത്.












Click it and Unblock the Notifications