ആനന്ദിന്റെ വിവാഹം; ജാംനഗറില്‍ 14 ക്ഷേത്രങ്ങള്‍ നിര്‍മിച്ച് അംബാനി കുടുംബം, ആഡംബരങ്ങള്‍ ഇങ്ങനെ
ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. പ്രീ വെഡ്ഡിംഗ് പരിപാടികള്‍ മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയാണ്. ജൂലായ് പന്ത്രണ്ടിനായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗറിലാണ് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടക്കുന്നത്.
അതേസമയം വിവാഹത്തിന് മുന്നോടിയായി ജാംനഗറില്‍ പതിനാല് ക്ഷേത്രങ്ങള്‍ പണിതിരിക്കുകയാണ് അംബാനി കുടുംബം. നിത അംബാനി കള്‍ച്ചറല്‍ സെന്ററാണ് ഈ ക്ഷേത്രങ്ങളുടെ നിര്‍മാണം നടത്തുന്നത്. അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

വീഡിയോയില്‍ ക്യാമ്പസിലൂടെ നിത അംബാനി നടക്കുന്നതും, സമീപപ്രദേശത്ത് ഉള്ളവരോട് സംസാരിക്കുന്നതുമാണ് ഉള്ളത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, പുരാണങ്ങള്‍ എന്നിവയാണ് ഈ ക്ഷേത്രങ്ങളുടെ അടിത്തറയെന്ന് നിത അംബാനി കള്‍ച്ചറല്‍ സെന്റര്‍ പറയുന്നു.
ദേവീ ദേവന്‍മാരുടെ പ്രതിമകള്‍, മനോഹരമായി പണിത തൂണുകള്‍, ഫ്രെസ്‌കോ സ്‌റ്റൈലിലുള്ള പെയിന്റിംഗുകള്‍, എന്നിവയെല്ലാം ചേര്‍ന്നതാണ് ഈ ക്ഷേത്രങ്ങള്‍. ഏറ്റവും പ്രശസ്തരായ ശില്‍പ്പികളാണ് ഇത് നിര്‍മിക്കുന്നത്. പൗരാണികവും, പരമ്പരാഗത രീതികളും പിന്തുടര്‍ന്നാണ് ഈ ക്ഷേത്രത്തിലെ കൊത്തുപണികളെല്ലാം നിര്‍മിച്ചിരിക്കുന്നത്.
അതേസമയം ചടങ്ങിനായി ഗംഭീര ഭക്ഷണങ്ങളാണ് അംബാനി കുടുംബം ഏര്‍പ്പാടാക്കിയിരിക്കുന്നത്. ലഖ്‌നൗവില്‍ നിന്നുള്ള ഷെഫാണ് ഭക്ഷണം തയ്യാറാക്കുന്നത്. മൊത്തം ഇന്‍ഡോറില്‍ നിന്ന് 65 ഷെഫുമാര്‍ ഉണ്ടാവുമെന്ന് എബിപി മീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ ജാംനഗറിലെ പ്രത്യേക ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. പാര്‍സി ഫുഡ് താലിയാണ് ഇതില്‍ ഏറ്റവും പ്രത്യേകത നിറഞ്ഞത്.
തായ്, മെക്‌സിക്കന്‍, ജാപ്പനീസ്, പാന്‍ ഏഷ്യന്‍ ഭക്ഷണങ്ങളെല്ലാം ചടങ്ങിലുണ്ടാവും. നിത്യേന ഉച്ചഭക്ഷണത്തിന് 225 വിഭവങ്ങള്‍ ഉണ്ടാവും. 75 തരം വിഭവങ്ങള്‍ ബ്രേക്ഫാസ്റ്റിനുണ്ടാവും. അതുപോലെ അത്താഴത്തിന് 85 തരം വിഭവങ്ങളുമുണ്ടാവും. മിഡ് നൈറ്റ് മീല്‍ രാത്രി പന്ത്രണ്ട് മുതല്‍ പുലര്‍ച്ചെ നാല് മണി വരെ വിളമ്പും. ഇതില്‍ ഒരു ഭക്ഷണ സാധനം പോലും മറ്റൊരു ചടങ്ങില്‍ ആവര്‍ത്തിക്കില്ല.
അതേസമയം ചടങ്ങിലേക്ക് ലോകത്തെ തന്നെ പ്രമുഖരെല്ലാം എത്തുന്നുണ്ട്. ഇലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചൈ പോലുള്ളവര്‍ ചടങ്ങിനെത്തും. പോപ്പ് ഗായിക റിഹാനയുടെയും അര്‍ജിത്ത് സിംഗിന്റെയും സംഗീത നിശ ചടങ്ങിന് കൊഴുപ്പേകും.
ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരുടെ ലൈവ് പെര്‍ഫോമന്‍സും ചടങ്ങിലുണ്ടാവും. ആനന്ദിന്റെ മുത്തശ്ശി ജാംനഗറുകാരിയാണ്. അതുകൊണ്ട് കൂടിയാണ് ഇവിടം അംബാനി കുടുംബം പ്രീ വെഡ്ഡിംഗിനായി തിരഞ്ഞെടുത്തത്. ഇപ്പോഴും മുകേഷ് അംബാനിയുടെ അമ്മ ഇവിടെയാണ് താമസിക്കുന്നത്.












Click it and Unblock the Notifications