റിഹാനയും പെറിയും മാറി നിൽക്കും; ആനന്ദ് അംബാനിയുടെ വിവാഹത്തിന് പാടി ജസ്‌റ്റിൻ ബീബറും, പ്രതിഫലം 83 കോടി?
രാജ്യം ഉറ്റുനോക്കുന്ന വിവാഹങ്ങളിൽ ഒന്നാണ് മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. അത്യാഡംബരങ്ങളോടെ പൂർത്തിയായ രണ്ട് ഘട്ട പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾക്ക് ശേഷമാണ് അംബാനി കുടുംബം വിവിധ ചടങ്ങുകളോട് കൂടിയ വിവാഹ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.
കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയുടെ വിവാഹത്തിന്റെ ഭാഗമായുള്ള സംഗീത സദസിൽ പാടാനായി പ്രശസ്‌ത പോപ്പ് ഗായകൻ ജസ്‌റ്റിൻ ബീബർ മുംബൈയിൽ എത്തിയിരുന്നു. വലിയ സംഗീതജ്ഞരും സെലിബ്രിറ്റികളും ഒക്കെ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് പ്രധാന ആകർഷണമായാണ് ജസ്‌റ്റിൻ ബീബറിനെ അവർ കൊണ്ട് വരുന്നത്.

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളിൽ താരനിബിഡമായ പ്രകടനങ്ങൾ അവതരിപ്പിക്കുന്നത് തുടരുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബീബറിന്റെ വരവെന്ന് വേണമെങ്കിൽ പറയാം. നേരത്തെ റിഹാന, കാറ്റി പെറി, ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ് എന്നിവരും ഇവരുടെ വിവാഹ ആഘോഷങ്ങളിൽ പാടാൻ എത്തിയിരുന്നു.
വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ചടങ്ങിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കലാകാരനാണ് ജസ്‌റ്റിൻ ബീബർ. തന്റെ പ്രകടനത്തിന് 83 കോടി രൂപയാണ് അദ്ദേഹം ഈടാക്കുന്നതെന്നാണ് ലഭ്യമായ റിപ്പോർട്ട്. ഇതോടെ വെള്ളിയാഴ്‌ചത്തെ ചടങ്ങുകളിൽ എല്ലാവരുടെയും കണ്ണ് പതിഞ്ഞത് ജസ്‌റ്റിൻ ബീബറുടെ മേലായിരുന്നു.
അതേസമയം, അംബാനി കല്യാണത്തിന് പാടാനെത്തുന്ന ജസ്‌റ്റിൻ ബീബറും ആസ്‌തിയിൽ ഒട്ടും പുറകിലല്ല. നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2024ൽ ജസ്‌റ്റിൻ ബീബറിന്റെ ആസ്‌തി ഏകദേശം 2,350 കോടി രൂപയാണ്. സംഗീത പരിപാടികൾ, ലോക പര്യടനങ്ങൾ, വിവിധ ബിസിനസ്സ് സംരംഭങ്ങൾ എന്നിവ ജസ്‌റ്റിന്റെ വരുമാന സ്രോതസ്സുകളിൽ ഉൾപ്പെടുന്നു.
അതിനിടെ ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങ് ജൂലൈ 12നാണ് നടക്കുന്നത്. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററാണ് ഇതിന്റെ വേദിയാവുക. വിവാഹത്തിന് ശേഷം, ജൂലൈ 13ന് ശുഭ് ആശിർവാദ് ചടങ്ങുകൾ നടക്കും. ജൂലൈ 14 ന് മംഗൾ ഉത്സവത്തോടെ (വിവാഹ സൽക്കാരം) ആഘോഷങ്ങൾ സമാപിക്കും.
അടുത്തിടെ ആനന്ദിന്റെ വിവാഹത്തിന് മുന്നോടിയായി നിരാലംബരായ അൻപത് ദമ്പതികളുടെ വിവാഹവും അംബാനി കുടുംബം ഏറ്റെടുത്ത് നടത്തിയിരുന്നു. നവി മുംബൈയിലുള്ള റിലയന്‍സ് കോര്‍പ്പറേറ്റ് പാര്‍ക്കില്‍ (ആര്‍സിപി) നടന്ന സമൂഹ വിവാഹത്തില്‍ പാല്‍ഘര്‍ മേഖലയിൽ നിന്നുള്ള 50 ദമ്പതികള്‍ക്കാണ് പുതുജീവിതം ലഭിച്ചത്.
കൂടാതെ ദമ്പതികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും അംബാനി കുടുംബം സമ്മാനിച്ചിരുന്നു. പാത്രങ്ങള്‍, ഗ്യാസ് സ്‌റ്റൗ, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, മെത്ത, തലയിണ എന്നിങ്ങനെ മുപ്പത്തിയാറിൽ അധികം വസ്‌തുക്കൾ അടങ്ങിയ കിറ്റാണ് ദമ്പതികൾക്ക് ലഭിച്ചത്. ഒപ്പം ഓരോ വധുവിനും 1.01 ലക്ഷം രൂപയുടെ ചെക്കും മുകേഷ് അംബാനി കൈമാറി.












Click it and Unblock the Notifications