അമ്മയുടെ വായ്പ അടയ്ക്കാന്‍ പണം വേണം, 44കാരനെ തേടിയെത്തി ബംപര്‍ ലോട്ടറി; ഭാഗ്യം വന്നത് ഇങ്ങനെ
ഭാഗ്യം എപ്പോഴാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെന്ന് പറയാനാവില്ല. കാനഡയിലെ ഒന്താരിയോയില്‍ നിന്നുള്ള ഒരു യുവാവിന്റെ ജീവിതം ഒന്നടങ്കം മാറിയിരിക്കുകയാണ്. അതും ഒരു ലോട്ടറിയിലൂടെയാണ് ജീവിതത്തിലേക്ക് ഭാഗ്യം കടന്നുവന്നിരിക്കുന്നത്. ജീവിതത്തില്‍ ഏറ്റവും ആവശ്യമായ സമയത്താണ് ഈ യുവാവിനെ തേടി വന്‍ ഭാഗ്യമെത്തിയത്.
അമ്മ വായ്പയെടുത്തതിന്റെ അടവുകള്‍ ഈ യുവാവിന്റെ മുന്നിലുണ്ടായിരുന്നു. വമ്പന്‍ ലോട്ടറിയടിച്ചതോടെ ഈ യുവാവ് അമ്മയുടെ വായ്പ അടച്ചുതീര്‍ക്കാമെന്ന് അറിയിച്ചിരിക്കുകയാണ്. തന്റെ മകനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നാണ് ഈ അമ്മ ഇപ്പോള്‍ പറയുന്നത്.

ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ മേഖലയിലാണ് ജെയിംസ് ഹ്യൂന്‍ എന്ന ഈ യുവാവ് ജോലി ചെയ്യുന്നത്. ഒല്‍ജിയുടെ ഇന്‍സ്റ്റന്റ് നിയോണ്‍ കസിനോ ലോട്ടറിയാണ് ഇയാള്‍ക്ക് അടിച്ചത്. രണ്ടര ലക്ഷം കനേഡിയന്‍ ഡോളറാണ് സമ്മാനത്തുക. ഇത് ഇന്ത്യന്‍ രൂപയില്‍ ഒരു കോടി 52 ലക്ഷത്തില്‍ അധികം വരും. കാനഡയിലെ മിസ്സിസോഗ സ്വദേശിയാണ് ഹ്യുന്‍.
കഴിഞ്ഞ ദിവസമാണ് ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററിലെത്തി ജെയിംസ് പണം വാങ്ങിയത്. അതോടൊപ്പം ലോട്ടറി അടിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തന്റെ ജീവിതം ഇപ്പോള്‍ മിന്നിത്തിളങ്ങുകയാണെന്ന് അദ്ദേഹം ലോട്ടറി അധികൃതരോട് വ്യക്തമാക്കി.
44കാരനായ ജെയിംസ് ഹ്യൂന്‍ ലോട്ടറി വലിയ ഇഷ്ടമുള്ള കാര്യമാണ്. സ്ഥിരമായി അദ്ദേഹം ലോട്ടറിയെടുക്കാറുണ്ട്. ഇന്‍സ്റ്റന്റ് ഗെയിമുകളാണ് തനിക്കേറെ പ്രിയപ്പെട്ടതെന്ന് ഹ്യൂന്‍ പറയുന്നു. സാധാരണ താന്‍ വാങ്ങുന്ന ടിക്കറ്റായിരുന്നില്ല. എന്നാല്‍ ഇത് വാങ്ങിയത് പുതിയ ഇന്‍സ്റ്റന്റ് ലോട്ടറി എന്ന നിലയിലാണ്. ടിക്കറ്റ് വാങ്ങിയ കടയില്‍ വെച്ച് തന്നെയാണ് ഫലം പരിശോധിച്ചത്.
വെറും ഇരുപത് ഡോളറാണ് ലഭിച്ചതെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ മൊത്തം തുക എത്രയാണെന്ന് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി. വളരെയധികം സന്തോഷം തോന്നിയെന്നും ഹ്യൂന്‍ പറഞ്ഞു. തന്റെ ഭാഗ്യനേട്ടങ്ങളെ കുറിച്ച് ആദ്യം അറിഞ്ഞത് അമ്മയാണെന്നും ഹ്യൂന്‍ വെളിപ്പെടുത്തി.
തനിക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞപ്പോള്‍ അമ്മ തമാശയായിട്ടാണ് കണ്ടത്. നിങ്ങള്‍ തമാശ പറയുകയാണോ എന്നായിരുന്നു ചോദിച്ചു. തുടര്‍ന്ന് ഞാന്‍ സമ്മാനം നേടിയ ടിക്കറ്റ് കാണിക്കുകയായിരുന്നു. അമ്മ ആ നിമിഷം കരയാന്‍ തുടങ്ങി. എനിക്കും അത് കണ്ടപ്പോള്‍ കരച്ചില്‍ വന്നു. ഇത്ര വലിയൊരു തുക ലോട്ടറിയിലൂടെ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ശരിക്കും സമ്മാനമടിച്ചതിന്റെ ത്രില്ലിലാണ് ഞാന്‍. ഈ പണം കൊണ്ട് ഒരു യാത്ര പോകാനോ ഷോപ്പിംഗ് നടത്താനോ ഒന്നുമല്ല ആഗ്രഹിച്ചത്. എന്റെ അമ്മയുമായി ഈ സമ്മാനത്തുക പങ്കുവെക്കാനാണ് ആഗ്രഹിക്കുന്നത്. അവരുടെ കടബാധ്യതയെല്ലാം തീര്‍ക്കാന്‍ ഇതിലൂടെ സാധിക്കും. അമ്മയെ സഹായിക്കണമെന്ന് എപ്പോഴും ഞാന്‍ കരുതാറുണ്ടായിരുന്നു. അതിപ്പോള്‍ സാധ്യമായെന്നും ഹ്യൂന്‍ പറഞ്ഞു.












Click it and Unblock the Notifications