പാഷൻ മുറുകെ പിടിച്ച് സംരംഭകയായ ഡോക്‌ടർ; ഇന്ന് കളിപ്പാട്ടം വിറ്റ് നേടുന്നത് 15 ലക്ഷത്തിന്റെ വരുമാനം...
നിങ്ങളുടെ തൊഴിലും പാഷനും ഒന്നല്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും. പലരും ഇങ്ങനെയൊരു ചോദ്യം പലവട്ടം മനസ്സിൽ ചോദിച്ചിട്ടുണ്ടാവും. എന്നാൽ ഗുഡ്‌ഗാവിലെ മെദാന്ത ഹോസ്‌പിറ്റലിലെ മുൻ ഡയബറ്റോളജിസ്‌റ്റായ ഡോ. ശ്വേത ഗുപ്‌ത, കലയോടും കരകൗശലത്തോടുമുള്ള തന്റെ അഭിനിവേശത്തെ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ കഠിന പ്രയത്നത്തിന്റെ ഫലങ്ങൾ "ലിറ്റിൽ ലാമ" എന്ന ബ്രാൻഡായി ഉയരാൻ അവരെ സഹായിച്ചുവെന്ന് വേണം പറയാൻ.
ചണ്ഡീഗഢിലെ സെക്‌ടർ 33 ആസ്ഥാനമാക്കി, അവർ നിർമ്മിക്കുന്ന കരകൗശല തുണികൊണ്ടുള്ള കളിപ്പാട്ടങ്ങൾ വളരെയധികം പ്രശസ്‌തി നേടിയിരുന്നു. സോനം കപൂർ, നേഹ ധൂപിയ, സോഹ അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികളെ പോലും ഇത് ആകർഷിച്ചുവെന്നതാണ് ഏറ്റവും വലിയ കൗതുകകരമായ വസ്‌തുത.

പ്രാദേശിക വിപണിയിൽ കുറവുണ്ടായിരുന്ന പരിസ്ഥിതി സൗഹൃദ-യൂറോപ്യൻ ശൈലിയിലുള്ള തുണികൊണ്ടുള്ള കളിപ്പാട്ടങ്ങൾക്കായി തിരഞ്ഞപ്പോഴാണ് ഇത്തരത്തിലുള്ള ആശയം അവരിൽ ഉടലെടുത്തത്. തുടർന്ന് വൈവിധ്യമാർന്ന സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുകയും, ഈ വിടവ് നികത്തുകയും ചെയ്യുന്ന ഒരു ബ്രാൻഡ് രൂപപ്പെടുത്താൻ ശ്വേതാ ഗുപ്‌തയെ പ്രചോദിപ്പിക്കുകയായിരുന്നു.
നിലവിൽ, ഡോ. ശ്വേത ഗുപ്‌ത 0-12 വയസ്സിനിടയിലുള്ള കുട്ടികൾക്കായി കരകൗശല കളിപ്പാട്ടങ്ങൾ നിർമ്മിക്കുകയാണ്. കുട്ടികളുടെ ആരോഗ്യവും പരിസ്‌ഥിതി സൗഹൃദ വസ്‌തുക്കളുടെ ഉപയോഗവുമാണ് കമ്പനിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തരാക്കുന്നത്.
പ്ലാസ്‌റ്റിക്, കെമിക്കൽ പെയിന്റുകൾ ഉപയോഗിക്കുന്നതിനുപകരം, വർണ്ണാഭമായ കമ്പിളി ഉപയോഗിച്ചാണ് അവർ ഈ കളിപ്പാട്ടങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കളിപ്പാട്ടങ്ങളുടെ കൈകാലുകൾ, കണ്ണുകൾ, മുടി...എല്ലാം കമ്പിളി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ലിനൻ തുണികൊണ്ട് വസ്ത്രവും അതിൽ ധരിപ്പിക്കുന്നുവെന്നും ശ്വേത ഗുപ്‌ത പറയുന്നു.
700 മുതൽ 4,000 രൂപ വരെ വിലയുള്ള കരകൗശല പാവകളും 'ജംഗിൾ ആനിമൽസ്', ജന്മദിന ബണ്ടിംഗുകളും മറ്റുമാണ് നിലവിൽ ലിറ്റിൽ ലാമ മുഖേന ശ്വേത ഗുപ്‌ത വിൽക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം , തന്റെ സ്‌റ്റാർട്ടപ്പിലൂടെ 15 ലക്ഷം രൂപ വരുമാനം നേടാൻ അവർക്ക് കഴിഞ്ഞുവന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അപർശക്തി ഖുറാന, ഗൗഹർ ഖാൻ, നകുൽ മേത്ത എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ഡോ ശ്വേതയുടെ കളിപ്പാട്ടങ്ങൾ ഇൻസ്‌റ്റഗ്രാമിലൂടെ വാങ്ങുകയും അതിന് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ബന്ധുക്കളിൽ പലരും എതിർപ്പുമായി രംഗത്ത് വന്നിരുന്നു എങ്കിലും ഡോ. ശ്വേത മാറാൻ തയ്യാറായിരുന്നില്ല. ഒടുവിൽ തന്റെ പാഷനിൽ വിജയിച്ചു കാട്ടിയിരിക്കുകയാണ് ശ്വേത.












Click it and Unblock the Notifications