ഫീസടക്കാനായി ട്യൂഷനെടുത്തു; ഒഴിവ് സമയത്ത് യുപിഎസ്‌സി പഠനം, ഈ പാൽവിൽപ്പനക്കാരന്റെ മകൾ ഇന്ന് ഐഎഎസുകാരി...!
ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിൽ ഒന്നാണ് യുപിഎസ്‌സിയുടെ സിവിൽ സർവീസ് പരീക്ഷകൾ. പലർക്കും ഇത് ഇന്നും കിട്ടാക്കനിയാണ്. എന്നാൽ ജീവിതം തന്നെ ദുഷ്‌കരമായിരുന്ന ചിലർ അതിൽ വിജയിച്ചു കാണുമ്പോൾ അത് തന്നെയാണ് യഥാർത്ഥത്തിൽ പ്രചോദനം ആവുക. കഷ്‌ടപ്പാടിനും മറ്റ് ദുരിതങ്ങൾക്കും ഇടയിൽ ജീവിതത്തിലെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരാൾക്ക് എങ്ങനെ സിവിൽ സർവീസ് മോഹം ഉദിക്കും. എന്നാൽ സ്വപ്‌നത്തിന് അതിരുകളില്ലലോ, അത് സാധിക്കാനും ഒരു അതിരുമില്ലെന്ന് തെളിയിച്ച ഒരു യുവതിയുടെ കഥ അറിയാം നമുക്ക്.
ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടും യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച അനുരാധ പാൽ ഐഎസിന്റെ കഥ പ്രചോദനാത്മകമായ ഒരു വിജയഗാഥയാണ് എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. ഹരിദ്വാറിലെ ഒരു ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബമായിരുന്നു അനുരാധയുടേത്. കുട്ടിക്കാലത്ത് അവർക്ക് കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അവരുടെ അച്ഛൻ പാൽ വിറ്റാണ് കുടുംബം പോറ്റിയിരുന്നത്.

ഹരിദ്വാറിലെ ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നാണ് അനുരാധ തന്റെ ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ വേണ്ടി അനുരാധ ഡൽഹിയിലേക്ക് മാറി. അവിടെ ജിബി പന്ത് യൂണിവേഴ്‌സിറ്റിയിൽ ചേർന്ന അവർ സാങ്കേതിക ബിരുദം കരസ്ഥമാക്കുകയിരുന്നു.
വീട്ടിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം അനുരാധ പിന്നീട് ടെക് മഹീന്ദ്രയിൽ ചേർന്നു. കുറച്ചുകാലം അവിടെ ജോലി ചെയ്‌ത ശേഷം യുപിഎസ്‌സിയാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ അവർ ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന്റൂർക്കിയിലെ ഒരു കോളേജിൽ ലക്‌ച്ചററായി ചേർന്നു, യുപിഎസ്‌സിക്ക് വേണ്ടി തയ്യാറെടുത്തു. തന്റെ കോച്ചിംഗ് ഫീസിന് പണം കണ്ടെത്താൻ അവർ വിദ്യാർത്ഥികൾക്ക് ട്യൂഷനും എടുത്തു കൊണ്ടിരുന്നു.
2012ലെ തന്റെ ആദ്യ ശ്രമത്തിൽ അനുരാധ യുപിഎസ്‌സി പരീക്ഷ പാസായെങ്കിലും, ആ സമയത്ത് അവളുടെ അഖിലേന്ത്യാ റാങ്ക് 451 ആയിരുന്നു. ഇതോടെ പഠനം തുടരാനായി അനുരാധ ഡൽഹിയിലെ നിർവാണ ഐഎഎസ് അക്കാദമിയിൽ ചേർന്നു. ഇത് അവരുടെ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തി. ഇക്കാലയളവിലും ജോലി ചെയ്‌തു കൊണ്ടാണ് അവർ പഠനം തുടർന്നതെന്ന് മറക്കരുത്.
ഒടുവിൽ, 2015ൽ തന്റെ രണ്ടാം ശ്രമത്തിൽ തന്നെ അഖിലേന്ത്യാ തലത്തിൽ 62ആം റാങ്ക് നേടിയ അനുരാധ പാൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്‌നം കൈവരിച്ചു. ഇപ്പോൾ ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലാ മജിസ്‌ട്രേറ്റാണ് അനുരാധ. ജീവിത പ്രതിസന്ധികളിൽ തളരാതെ തന്റെ നിശ്ചയദാർഢ്യം കൈമുതലാക്കിയ വിജയിച്ച അനുരാധ പാൽ എല്ലാവർക്കും മാതൃകയാണ്.












Click it and Unblock the Notifications