സൽമാൻ ഖാനും ആമിറും പിന്നിൽ; ഈ ബോളിവുഡ് സൂപ്പർതാരം സമ്പത്തിൽ ഷാരുഖിന് തൊട്ടുതാഴെ, ആസ്‌തി 3120 കോടി..!
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം കാലമായി ബോളിവുഡിനെ അടക്കി ഭരിച്ചിരുന്നത് മൂന്ന് ഖാൻമാരാണ്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരായിരുന്നു അത്. ഇവർക്ക് മുൻപിൽ വീഴാത്ത ബോക്‌സ് ഓഫീസ് റെക്കോർഡുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സമാനതകൾ ഇല്ലാത്തവിധം ബോളിവുഡിൽ വിജയങ്ങൾ കൊയ്‌ത ഈ മൂവർ സംഘത്തിന് ഇക്കാലയളവിൽ കാര്യമായ വെല്ലുവിളിയായിരുന്നത് അക്ഷയ് കുമാറായിരുന്നു.
അതുകൊണ്ട് തന്നെ ബോളിവുഡിലെ ഏറ്റവും ധനികനായ നടൻമാരുടെ പട്ടിക എടുക്കുമ്പോൾ ഇവർ നാല് പേരെയും തന്നെയാവും നാം മനസിൽ കാണുക. എന്നാൽ അതിലൊരു ചെറിയ തിരുത്തുണ്ട്. ഒന്നാം സ്ഥാനത്ത് നമ്മൾ പറഞ്ഞ നാല് പേരിൽ ഒരാൾ തന്നെയാണ്. എന്നാൽ രണ്ടാമതുള്ള താരം ആരെന്ന് നിങ്ങൾ സ്വപ്‌നത്തിൽ പോലും കരുതിക്കാണില്ല.

തന്റെ 26ആം വയസിൽ സിനിമയിൽ സൂപ്പർ താരമായ, കഴിഞ്ഞ 10 വർഷത്തിനിടെ വെറും മൂന്ന് സോളോ ഹിറ്റുകൾ മാത്രമുള്ള ഒരു താരമാണ് ഷാരൂഖ് ഖാന് പിന്നിൽ സമ്പത്തിന്റെ കാര്യത്തിൽ തൊട്ട് താഴെയുള്ളത്. മറ്റാരുമല്ല ഗ്രീക്ക് ഗോഡ് എന്ന അപരനാമത്തിൽ ആരാധകർ വിളിക്കുന്ന സാക്ഷാൽ ഹൃത്വിക് റോഷൻ തന്നെയാണ് ഈ സ്ഥാനത്തിന് അവകാശി.
സിഎൻബിസി ടിവി18 റിപ്പോർട്ട് പ്രകാരം 375 മില്യൺ ഡോളർ (3120 കോടി രൂപ) ആസ്‌തിയുള്ള ഹൃത്വിക് റോഷനാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ രണ്ടാമത്തെ നടൻ. 6000 കോടി രൂപ ആസ്‌തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളായ ഷാരൂഖ് ഖാൻ മാത്രമാണ് താരത്തെ പിന്നിലാക്കിയത്.
എന്നാൽ അദ്ദേഹത്തിന് ശേഷം, സൽമാൻ ഖാൻ (2900 കോടി രൂപ), അക്ഷയ് കുമാർ (2500 കോടി രൂപ), ആമിർ ഖാൻ (1900 കോടി രൂപ) തുടങ്ങിയ വമ്പൻ സൂപ്പർ താരങ്ങളെക്കാൾ മുന്നിലെത്തിയാണ് ഹൃത്വിക് രണ്ടാം സ്ഥാനം പിടിച്ചെടുത്തത്. ബ്രാൻഡ് പങ്കാളിത്തങ്ങൾ, സിനിമകൾ, തന്റെ സ്വന്തം ബ്രാൻഡായ എച്ച്ആർഎക്‌സ് എന്നിവയിലൂടെ ഹൃത്വിക് ദശലക്ഷക്കണക്കിന് രൂപ സമ്പാദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
കൂടാതെ പിതാവ് രാകേഷ് റോഷന്റെ നിർമ്മാണ കമ്പനിയിലും അദ്ദേഹത്തിന് ഓഹരിയുണ്ട്, ഇതിന് പുറമെ കഴിഞ്ഞ 10 വർഷമായി അദ്ദേഹത്തിന്റെ എല്ലാ സിനിമകളിൽ നിന്നും ലാഭ വിഹിതവും അദ്ദേഹം എടുക്കുന്നു. നിരവധി പരസ്യ ചിത്രങ്ങളിലാണ് ഹൃത്വിക് റോഷൻ മുഖം കാണിച്ചത്. ഇതും അദ്ദേഹത്തിന്റെ സമ്പത്ത് ഉയരാൻ ഇടയാക്കി.
ഇത്രയൊക്കെ ആണെങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ ഹൃത്വിക് ഏഴ് സിനിമകൾ മാത്രമേ ചെയ്‌തിട്ടുള്ളൂ, അതിൽ മൂന്ന് ഹിറ്റുകളാണ് ഉള്ളത്- വാർ, സൂപ്പർ 30, ബാംഗ് ബാംഗ് എന്നിവയാണ് ആ ചിത്രങ്ങൾ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസായ ഫൈറ്റർ ഇപ്പോഴും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നതിനാൽ അതിന്റെ ബോക്‌സ് ഓഫീസ് വിധി എന്താണെന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications