പോർഷെ കയെൻ മുതൽ റേഞ്ച് റോവർ സ്പോർട്ട് വരെ; ബോബി ഡിയോളിന്റെ സമ്പത്ത് ആരെയും അതിശയിപ്പിക്കും...
ബോളിവുഡിലെ പ്രമുഖ നടനാണ് ബോബി ഡിയോൾ. പ്രശസ്‌ത നടൻ ധർമ്മേന്ദ്രയുടെ ഇളയ മകനും സണ്ണി ഡിയോളിന്റെ സഹോദരനുമായ ബോബിയുടെ ബോളിവുഡ് പ്രവേശം ഒട്ടും അപ്രതീക്ഷിതമല്ല. എങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി തന്റെ താരമൂല്യത്തിന് കോട്ടം തട്ടാതെ സൂക്ഷിക്കാൻ ബോബി ഡിയോളിന് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ആസ്‌തി തെളിയിക്കുന്നത്.
ബോബി ഡിയോളിന്റെ മൊത്തം ആസ്‌തി 10 മില്യൺ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് എഴുപത് കോടി രൂപ. അദ്ദേഹത്തിന്റെ മാസ വരുമാനം അൻപത് ലക്ഷത്തിൽ അധികം രൂപയോളമാണെന്നാണ് കണക്കാക്കുന്നത്. ഏറ്റവും ഒടുവിൽ രൺബീർ കപൂർ നായകനായെത്തിയ ആനിമൽ എന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചതും ബോബി ഡിയോൾ ആയിരുന്നു. ചിത്രം ആഗോള തലത്തിൽ തന്നെ കളക്ഷൻ റെക്കോർഡുമായി മുന്നേറുകയാണ്.

അദ്ദേഹത്തിന്റെ വരുമാനത്തിന്റെ പ്രധാന ഉറവിടം സിനിമകൾ തന്നെയാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലലോ, എന്നാൽ പ്രമുഖ ബ്രാൻഡുകളുമായുള്ള ഇടപാടുകളിൽ നിന്നും മോശമല്ലാത്ത വരുമാനം ബോബി നേടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ താരമൂല്യം പരിഗണിച്ച് വരുമാനത്തിലും ആസ്‌തിയിലും 40 ശതമാനത്തിലധികം വർധന ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുംബൈ വില്ലെ പാർലെയിലെ ധർമേന്ദ്ര ഹൗസ് എന്ന ആഡംബരപൂർണ്ണമായ വീട്ടിലാണ് ബോബി ഡിയോൾ താമസിക്കുന്നത്. ഈ റിയൽ വസ്‌തുവിന്റെ ഏകദേശ മൂല്യം 6 കോടി രൂപയോളമാണെന്നാണ് സൂചന. ഇതിന് പുറമെ അദ്ദേഹത്തിന് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരവധി റിയൽ എസ്‌റ്റേറ്റ് സ്വത്ത് വകകൾ ഉണ്ടെന്നാണ് റിപോർട്ടുകൾ.
അദ്ദേഹത്തിന്റെ കാർ കളക്ഷൻ ചെറുതല്ല എന്നതും ശ്രദ്ധേയമാണ്. റേഞ്ച് റോവർ സ്‌പോർട്ട്, ലാൻഡ് റോവർ ഫ്രീലാൻഡർ 2, റേഞ്ച് റോവർ വോഗ്, ഡബ്ല്യു221 മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, പോർഷെ കയെൻ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്ന ഏതാനും ആഡംബര കാറുകളുടെ ശേഖരം തന്നെ ബോബി ഡിയോളിന് സ്വന്തമായുണ്ട്.
സിനിമകളിൽ നിന്നുള്ള ബോബി ഡിയോളിന്റെ വരുമാനം ബോളിവുഡിലെ അദ്ദേഹത്തിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. ഇടക്കാലത്ത് വരുമാനത്തിൽ അൽപം ഇടിവ് നേരിട്ടെങ്കിലും വീണ്ടും അദ്ദേഹം മുഖ്യധാരയിലേക്ക് തിരിച്ചു വരികയാണ്. നിലവിൽ ആറ് കോടിയോളം രൂപയും, ലാഭവിഹിതവുമാണ് താരം ഒരു സിനിമയ്ക്ക് ഈടാക്കുന്നതെന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications