ആരുമില്ലാത്ത കാലത്ത് തുണയായി; പഴക്കച്ചവടക്കാരന് 4 കോടിയുടെ വീടെഴുതി നൽകി വയോധികൻ, വല്ലാത്തൊരു കഥ..!
സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നൊരു പഴഞ്ചൊല്ല് എല്ലാവർക്കും ഓർമ്മയുണ്ടാകുമല്ലോ. എന്നാൽ എത്രയൊക്കെ ആസ്‌തിയും സമ്പത്തും ഉണ്ടെന്ന് പറഞ്ഞാലും ചിലപ്പോഴൊക്കെ നമ്മൾ നിസഹായരാകും, ചിലർക്ക് അവസാന കാലത്ത് ആരും തുണയില്ലാത്ത അവസ്ഥയും ഉണ്ടാവാറുണ്ട്. എന്നാൽ അത്തരം ഘട്ടങ്ങളിൽ രക്തബന്ധം അല്ലാതിരുന്നിട്ട് കൂടി സഹായത്തിനെത്തുന്ന മനുഷ്യർ ദൈവ തുല്യരാണ്.
അവർ ഒരിക്കലും പ്രത്യുപകാരം കൊതിച്ചാവില്ല എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്നത്. എന്നാൽ നിനച്ചിരിക്കാതെ അവരെ തേടി ചില ഭാഗ്യങ്ങൾ എത്തുകയും ചെയ്യും. അങ്ങനെയുള്ള ഒരു കഥയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യങ്ങളിൽ നിറയുന്നത്. ചൈനയിൽ നടന്ന ഒരു വ്യത്യസ്‌തമായ സ്വത്തു ദാനത്തിന്റെ കഥയാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ഒരുപക്ഷേ കഴിഞ്ഞ കുറേ കാലത്തിനിടയ്ക്ക് സംതൃപ്‌തിയോടെ വായിച്ചു തീർത്ത, കേട്ടറിഞ്ഞ സംഭവമായിരിക്കും ഇതെന്ന് ഉറപ്പാണ്.

സാധാരണ പഴക്കച്ചവടം നടത്തി ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ലിയു എന്ന യുവാവ് ഒരു വയോധികനെ പരിചയപ്പെട്ടത്. 88കാരനായ മുത്തശ്ശനും ലിയുവും അടുപ്പത്തിലായത് പെട്ടെന്നാണ്. ഒരിക്കൽ അദ്ദേഹം കാലൊടിഞ്ഞ് ആശുപത്രിയിലായപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധത്തിലെ വിള്ളലുകൾ ലിയുവിന് ബോധ്യമായത്.
ബന്ധുക്കൾ ഉണ്ടായിരുന്നിട്ടും ഈ മുത്തശ്ശനൊപ്പം ആശുപത്രിയിൽ പക്ഷേ ആരുമില്ലായിരുന്നുവെന്ന കാര്യം ലിയുവിനെ വേദനിപ്പിച്ചു. ഇതോടെ ലിയു മുത്തശ്ശന് കൈത്താങ്ങായി ഒപ്പം നിന്നു. തനിക്ക് കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്‌തു കൊടുക്കാൻ അവൻ മുൻപന്തിയിൽ തന്നെ നിന്നു. അങ്ങനെ രക്തബന്ധത്തേക്കാൾ വലുതാണ് സ്നേഹബന്ധമെന്ന സത്യം എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുത്തു.
തീർന്നില്ല, ഇനിയാണ് ക്ലൈമാക്‌സ് ട്വിസ്‌റ്റ്. മുത്തശ്ശൻ ചില്ലറക്കാരനായിരുന്നില്ല. താമസിക്കുന്ന ആഡംബര വീടുൾപ്പെടെ നാല് കോടി രൂപയോളം വരുന്ന സ്വത്തുക്കൾ എല്ലാം ലിയുവിൻെറ പേർക്ക് എഴുതിവച്ചാണ് ആ വയോധികൻ എല്ലാവരെയും ഞെട്ടിച്ചത്. മാ എന്ന് വിളിപ്പേരുള്ള കോടീശ്വരനാണ് മരണശേഷം തന്റെ ആസ്‌തികൾ ആരുമല്ലാതിരുന്നിട്ട് കൂടി ലിയുവിന് നൽകിയത്.
ഇതിന് പിന്നാലെ മായുടെ സഹോദരിമാർ കേസുമായി കോടതിയിൽ എത്തിയിരുന്നു. ഒരു ബന്ധവുമില്ലാത്തയാൾക്ക് സ്വത്ത് കൈമാറാൻ കഴിയില്ലെന്നായിരുന്നു അവരുടെ വാദം. പക്ഷേ വിൽപത്രം തയ്യാറാക്കിയിരുന്നതിനാൽ വീടും എസ്‌റ്റേറ്റുമെല്ലാം വയോധികൻെറ ആഗ്രഹ പ്രകാരം ലിയുവിന് തന്നെ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications