ഇറ്റലിയിലെ ഈ സ്വകാര്യ ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഗയോള എന്ന ശപിക്കപ്പെട്ട നാട്; കാരണം ഇതാണ്
ഇറ്റലി മനോഹരമായ നാടാണ്. വെനീസ് അടക്കമുള്ള മനോഹരമായ നഗരങ്ങള്‍ അവിടെയുണ്ട്. എന്നാല്‍ നിങ്ങള്‍ അധികം കേള്‍ക്കാത്ത ഇറ്റലിയിലെ ഒരു ദ്വീപിനെ കുറിച്ച് പറഞ്ഞുതരാം. ഗയോള ദ്വീപിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ദക്ഷിണപടിഞ്ഞാറന്‍ ഇറ്റലിയിലെ ഗള്‍ഫ് ഓഫ് നേപ്പിള്‍സിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ലോകത്തെ തന്നെ ഏറ്റവും മനോഹര ദ്വീപാണ് ഗയോള എന്ന് പെട്ടെന്ന് നോക്കുമ്പോള്‍ നമുക്ക് തോന്നാം. തെളിഞ്ഞ കാലാവസ്ഥയുള്ള ഈ ദ്വീപ് പക്ഷേ നിങ്ങള്‍ കരുതുന്നത് പോലെ അത് സുന്ദരമാണെന്ന് പറയാന്‍ പറ്റില്ല. ഇതൊരു ശപിക്കപ്പെട്ട നാടാണ്. അങ്ങനെയാണ് ഇറ്റലിയിലുള്ളവരും കരുതുന്നത്.

image credit: atlas obscura.com
ഈ ദ്വീപ് വാങ്ങുന്നവരുടെ ദുരിതം ഒരിക്കലും തീരാത്തതാണ്. ഈ സ്വകാര്യ ദ്വീപ് വാങ്ങുന്നവരുടെ ദൗര്‍ഭാഗ്യം ഒരിക്കലും മാറില്ലെന്നാണ് ഇറ്റലിക്കാര്‍ പൊതുവേ വിശ്വസിക്കുന്നത്. ഈ ദ്വീപ് ആദ്യം വാങ്ങിയത് ലൂയിജി നെഗ്രിയാണ്. 1800കളിലാണ് ഈ ദ്വീപ് അദ്ദേഹം സ്വന്തമാക്കിയത്. ഈ ദ്വീപില്‍ ഒരു വില്ല അദ്ദേഹം നിര്‍മിക്കുകയും ചെയ്തു.
ഈ വീട് ഇപ്പോഴും ആ ദ്വീപിലുണ്ട്. എന്നാല്‍ ദ്വീപ് വാങ്ങി അധികം വൈകാതെ തന്നെ നെഗ്രിയുടെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടു. 1911ല്‍ ഗ്യാസ്പരെ ആല്‍ബെംഗ എന്ന ഒരാള്‍ ഈ ദ്വീപ് വാങ്ങാന്‍ താല്‍പര്യപ്പെട്ടിരുന്നു. ഒരു കപ്പലിന്റെ ക്യാപ്റ്റനായിരുന്നു ഗ്യാസ്പരെ. എന്നാല്‍ കപ്പലിടിച്ച് ഇയാള്‍ മരിക്കുകയായിരുന്നു.
പിന്നീട് വന്നത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ധനികനായ ഹാന്‍സ് ബ്രൗണായിരുന്നു. 1920കളിലായണ് ഇയാള്‍ ഈ ദ്വീപ് വാങ്ങിയത്. അധികം വൈകാതെ തന്നെ ഇയാളെ ആരോ കൊലപ്പെടുത്തുകയായിരുന്നു. പായയില്‍ ചുരുട്ടിയ നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. അധികം വൈകാതെ ഇയാളുടെ ഭാര്യ സമുദ്രത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.
ഓട്ടോ ഗ്രണ്‍ബാക്കായിരുന്നു ദ്വീപിന്റെ അടുത്ത ഉടമ. ഇയാള്‍ ഈ ദ്വീപിലെ വില്ലയില്‍ താമസിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ദ്വീപ് ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരനായ മോറിസ് യീവ് സാന്‍ഡോസ് സ്വന്തമാക്കി. സാന്‍ഡോസ് 1958ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഈ ദ്വീപ് പിന്നീട് വാങ്ങിയത് ജര്‍മന്‍ സ്റ്റീല്‍ വ്യവസായിയായ ബാരോണ്‍ കാള്‍ പോള്‍ ലാഗെം ആയിരുന്നു. ഇയാളുടെ ബിസിനസ് ആകെ പൊളിഞ്ഞ് പോയി. തുടര്‍ന്ന് ഈ ദ്വീപ് ജിയാനി ആഗ്നെല്ലിക്ക് വില്‍ക്കുകയായിരുന്നു. ഫിയറ്റ് ഓട്ടോ മൊബൈല്‍സിന്റെ ഉടമയായിരുന്നു ജിയാനി. അദ്ദേഹത്തിന്റെ കുടുംബത്തില്‍ വലിയ ദുരന്തങ്ങളാണ് ഉണ്ടായത്. സഹോദരന്‍ ഉമ്പെര്‍ട്ടോ ആഗ്നെല്ലി 1997ല്‍ അപൂര്‍വമായ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു.
പിന്നീട് അമേരിക്കന്‍ ബിസിനസ് മാഗ്നറ്റായ പോള്‍ ഗെറ്റിയാണ് വാങ്ങിയത്. ഇയാള്‍ക്കും ദുരന്തങ്ങളുടെ കാലമായിരുന്നു. മകന്‍ പന്ത്രണ്ടാം വയസ്സില്‍ ബ്രെയിന്‍ ട്യൂമര്‍ വന്ന് മരിച്ചു. മൂത്ത മകന്‍ ആത്മഹത്യ ചെയ്തു. രണ്ടാം ഭാര്യ താലിത്ത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് റോമില്‍ വെച്ച് മരിച്ചു.
1973ല്‍ ഗെറ്റിയുടെ മരുമകനെ ഇറ്റാലിയന്‍ മാഫിയ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി 2.2 മില്യണാണ് നല്‍കേണ്ടി വന്നത്. അവസാനമായി ഈ ദ്വീപ് വാങ്ങിയ ജിയാന്‍പാസ്‌ക്വല്‍ ഗ്രാപ്പോണെയാണ്. ഇയാള്‍ പിന്നീട് ജയിലിലായി. ഭാര്യ കാറപകടത്തില്‍ മരിക്കുകയും ചെയ്തു. നിലവില്‍ ഈ ദ്വീപ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ കൈവശമാണ്.












Click it and Unblock the Notifications