വേനലിൽ വില്ലനായി മഞ്ഞപ്പിത്തം; ശ്രദ്ധിച്ചില്ലെങ്കിൽ ജീവനെടുക്കും, രോഗലക്ഷണവും പ്രതിരോധവും അറിയാം
സംസ്ഥാനത്ത് വേനൽക്കാലത്തിന്റെ ബുദ്ധിമുട്ടുകൾ കൂടി വരികയാണ്. അതിന്റെ ചുവട് പിടിച്ച് ഒട്ടേറെ രോഗങ്ങളും വിവിധ ഇടങ്ങളിൽ വ്യാപകമാവുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞപ്പിത്തം കൂടി വരികയാണെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. മലപ്പുറത്ത് രണ്ട് പേരുടെ ജീവനും രോഗബാധ മൂലം നഷ്‌ടമായത് ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്. ഉഷ്‌ണകാലത്ത് കൂടുതലായി കണ്ടുവരുന്ന രോഗം ആയതിനാൽ കൂടുതൽ മേഖകളിലേക്ക് ഇത് പടരുമോ എന്നതാണ് ഭയം.
രോഗബാധ ഉയർന്നതോടെ ജനങ്ങളും ആശങ്കയിലാണ്. 3000ത്തില്‍ അധികം കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ ഈ രോഗബാധയിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാമെന്നും, എങ്ങനെ വരാതെ നോക്കാമെന്നും ഒക്കെയുള്ള ചിന്തയിലാണ് സാധാരണ ജനങ്ങൾ. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ, പ്രതിരോധം എന്നിവയെ കുറിച്ച് കൂടുതൽ അറിയാം.

എന്താണ് മഞ്ഞപ്പിത്തം ?
ചർമ്മത്തിന്റെ നിറവും കണ്ണിന്റെ വെള്ളയും മഞ്ഞനിറമാകാൻ കാരണമാകുന്ന രോഗമാണ് മഞ്ഞപ്പിത്തം കരൾ രോഗം, ചുവന്ന രക്താണുക്കളുടെ അമിതമായ തകർച്ച, അല്ലെങ്കിൽ പിത്തരസ നാളത്തിന്റെ തടസ്സം എന്നിവ കാരണം രക്തത്തിലെ ബിലിറൂബിൻ അമിതമായതിനാലാണ് ഇത്തരത്തിൽ മഞ്ഞനിറം ഉണ്ടാവുന്നത്.
ലക്ഷണങ്ങൾ
മഞ്ഞ ചർമ്മവും കണ്ണുകളും, ഇരുണ്ട നിറമുള്ള മൂത്രം, ഇളം അല്ലെങ്കിൽ കളിമൺ നിറമുള്ള മലം, ഛർദ്ദിയും ഓക്കാനവും, വിശപ്പ് ഇല്ലായ്‌മ, വയറുവേദന, പെട്ടെന്ന് ശരീര ഭാരം കുറയുക, പേശികളിലും സന്ധികളിലും വേദന, കടുത്ത പനി, തൊലിയിൽ ചൊറിച്ചിൽ എന്നിവയാണ് പ്രധാനമായും ഇതിന്റെ ലക്ഷണങ്ങൾ. ആളുകൾക്ക് അനുസരിച്ച് ഇവ കൂടിയും കുറഞ്ഞും പ്രത്യക്ഷപ്പെടാം.
രോഗകാരണം
മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് ഇന്ത്യയിൽ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രക്ത പരിശോധനയിലൂടെയാണ് ഈ രോഗബാധ സ്ഥിരീകരിക്കുന്നത്.
രോഗപ്രതിരോധം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാരത്തിനു മുമ്പും ശേഷവും, മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ശീതളപാനിയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക, കിണറുകളിലും, കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ നടത്തുക. വീടും പരിസരവും മാലിന്യങ്ങൾ കുമിഞ്ഞു കൂടാതെ വൃത്തിയായി സൂക്ഷിച്ച് ഈച്ച പെരുകുന്നത് തടയുക.
രോഗബാധ വന്നാൽ എങ്ങനെ നേരിടാം
സംശയം തോന്നിയാൽ ഉടൻ ചികിത്സ തേടേണ്ടതുണ്ട്. മഞ്ഞപ്പിത്തം വന്നാല്‍ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പഴങ്ങളും പച്ചക്കറികളും മറ്റും ധാരാളമായി കഴിക്കുക. കൂടുതൽ വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തണുത്തതും, തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക. കട്ടിയുള്ള ഭക്ഷണം ഒഴിവാക്കുക. ഉപ്പിന്റെ അളവ് നിയന്ത്രിക്കുക. മാംസവും മത്സ്യവും ഒഴിവക്കുന്നത് നല്ലതാണ്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം മാത്രം കഴിക്കുക.












Click it and Unblock the Notifications