എട്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ ദിവസമായി ജൂലൈ 21; കണ്ടെത്തലുമായി കാലാവസ്ഥാ ഏജൻസി
ന്യൂഡൽഹി: ആഗോള താപനിലയിൽ പ്രകടമായ വർധനവ് ഉണ്ടായതിന്റെ സൂചനകൾ പുറത്തുവിട്ട യൂറോപ്യൻ കലാവസ്ഥാ ഏജൻസി. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (സി3എസ്) പ്രകാരം ജൂലൈ 21ന് ആഗോള ശരാശരി താപനില 17.09 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. കുറഞ്ഞത് 84 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസം എന്ന റെക്കോർഡാണ് ജൂലൈ 21 നേടിയിരിക്കുന്നത്.
ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് എത്തുകയോ അതിലധികമോ ആയതിന്റെ തുടർച്ചയായ 12-ാം മാസത്തെയാണ് ജൂൺ അടയാളപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂൺ മുതലുള്ള എല്ലാ മാസവും ഏറ്റവും ചൂടേറിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 1940ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസങ്ങളിൽ ഒന്നാണ് ജൂലൈ 21 എന്ന് സി3എസിന്റെ പ്രാഥമിക കണക്കുകളിൽ നിന്ന് വ്യക്തമാവുന്നു.

2023 ജൂലൈ 6ന് സ്ഥാപിച്ച 17.08 ഡിഗ്രി സെൽഷ്യസിന്റെ മുൻ റെക്കോർഡ് മറികടന്നു കൊണ്ടാണ് പുതിയ ഉയരം കുറിച്ചിരിക്കുന്നത്. 2023 ജൂലൈ മുതലുള്ള താപനിലയും മുമ്പത്തെ എല്ലാ വർഷങ്ങളിലെയും താപനിലയും തമ്മിലുള്ള വ്യത്യാസമാണ് വേറിട്ടുനിൽക്കുന്നത്. അത് അവഗണിക്കാൻ കഴിയാത്ത നിലയിലുള്ള മാറ്റമാണ്.
നേരത്തെ 2023 ജൂലൈയ്ക്ക് മുമ്പ്, 2016 ഓഗസ്‌റ്റിൽ രേഖപ്പെടുത്തിയ ഭൂമിയുടെ പ്രതിദിന ശരാശരി താപനില റെക്കോർഡ് 16.8 ഡിഗ്രി സെൽഷ്യസായിരുന്നു. എന്നാൽ, 2023 ജൂലായ് 3 മുതൽ 57 ദിവസങ്ങളിൽ താപനില മുമ്പത്തെ റെക്കോർഡ് മറികടന്നു കൊണ്ട് മുന്നേറുകയായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2023ലും 2024ലും വാർഷിക പരമാവധി ദൈനംദിന ആഗോള താപനില ഗണ്യമായി ഉയർന്നതായി റിപ്പോർട്ട് കാണിക്കുന്നു.
ഏറ്റവും ഉയർന്ന പ്രതിദിന ശരാശരി താപനിലയുള്ള ദശാബ്‌ദവും 2015 മുതൽ 2024 വരെയാണ്. ആഗോള ശരാശരി താപനില സാധാരണയായി ജൂൺ അവസാനത്തിനും ഓഗസ്‌റ്റ് ആദ്യത്തിനും ഇടയിൽ കൂടി വരുന്നു എന്നതാണ് പ്രവണത, ഇത് വടക്കൻ അർദ്ധഗോളത്തിലെ വേനൽക്കാലത്തിന്റെ ഫലമായാണ് ഉണ്ടാവുന്നതെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.
ആഗോള ശരാശരി താപനില ഇതിനകം റെക്കോഡ് നിലവാരത്തിനടുത്ത എത്തിയതിനാൽ, ഒരു പുതിയ പ്രതിദിന ശരാശരി താപനില റെക്കോർഡ് പൂർണ്ണമായും അപ്രതീക്ഷിതമായിരുന്നില്ല എന്ന് വേണം പറയാൻ. അതേസമയം, അന്റാർട്ടിക്കയുടെ വലിയ ഭാഗങ്ങളിൽ ശരാശരിയേക്കാൾ വളരെ ഉയർന്ന താപനില രേഖപ്പെടുത്തിയതാണ് ഈ മാറ്റത്തിന് കാരണമെന്നാണ് സി3എസ് ഗവേഷകർ വ്യക്തമാക്കുന്നത്.
കൂടാതെ ക്ലൈമറ്റ് സയൻസ് നോൺ-പ്രാഫിറ്റ് ബെർക്ക്‌ലി എർത്ത് സംഘടന 2024-ൽ ഒരു പുതിയ വാർഷിക താപനില റെക്കോർഡ് സ്ഥാപിക്കാൻ 92 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. 2024ൽ വാർഷിക ശരാശരി താപനില 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാനുള്ള സാധ്യത 99 ശതമാനമാണെന്ന് ഇവർ പറയുന്നു. അങ്ങനെയെങ്കിൽ സ്ഥിതി കൂടുതൽ ആശങ്കയ്ക്ക് വക നൽകുന്നതാണെന്ന് ഉറപ്പാണ്.












Click it and Unblock the Notifications