ദിവസക്കൂലി 2000 രൂപ വരെ..! പൊറോട്ടയടി പഠിക്കാൻ പോരുന്നോ മധുരയിലേക്ക്
നമ്മുടെ നാട്ടിൽ എന്തൊക്കെ പരിശീലന കേന്ദ്രങ്ങൾ ഉണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ, ഉണ്ടെങ്കിൽ പിഎസ്‌സി, യുപിഎസ്‌സി, കുറച്ചുകൂടി കടന്നാൽ സിവിൽ സർവീസ് എന്നൊക്കെയാവും നമ്മുടെ ഉത്തരം. എന്നാൽ പൊറോട്ട അടിക്കാൻ പഠിപ്പിക്കുന്ന ഒരു കേന്ദ്രത്തെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ? ഇല്ലെന്നാവും ഭൂരിപക്ഷം പേരുടെയും ഉത്തരം. എന്നാൽ അങ്ങനൊരു ഇടമുണ്ട് തമിഴ്‌നാട്ടിൽ.
മധുരയിലെ ഈ പൊറോട്ട മേക്കിംഗ് കോച്ചിങ് സെന്റർ ഒരു അപൂർവ സംഗമ ഭൂമിയാണെന്ന് വേണമെങ്കിൽ നമുക്ക് താമശയായി പറയാം, കാരണം ഇവിടെ ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ ആഗ്രഹിച്ച് വന്നെത്തിയവർ മുതൽ, സ്വന്തമായി ഹോട്ടൽ തുടങ്ങണമെന്ന മോഹവുമായി എത്തിയവർ വരെയുണ്ട്. വന്നത് എന്തിനായാലും മൈദയ്ക്ക് മുൻപിലെത്തിയാൽ ഇവിടെയുള്ള എല്ലാവർക്കും ഒരേമനസാണ്, ഉഗ്രൻ പൊറോട്ട അടിക്കാരാവുക.

മധുരയിലെ കലൈനഗറിലാണ് ഈ സെന്റർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ പൊറോട്ട മേക്കിംഗ് പരിശീലനം നൽകുന്ന ഒരേയൊരു സ്ഥാപനമാണിതെന്ന് ഉടമകൾ പറയുന്നു. ഇവിടെ എത്തുന്ന ആർക്കും പത്ത് ദിവസത്തിനുള്ളിൽ അസ്സൽ പൊറോട്ട ഉണ്ടാക്കാൻ കഴിയുമെന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ കാസിം പറയുന്നത്.
പാചകത്തോടുള്ള അതിയായ താൽപ്പര്യം കൊണ്ട് ഡോക്‌ടർമാരും എഞ്ചിനീയർമാരും അടക്കമുള്ള പ്രൊഫഷണലുകളും ഈ കോച്ചിംഗ് സെന്ററിന്റെ പടി കയറിയിട്ടുണ്ടെന്ന് കാസിം ഓർത്തെടുക്കുന്നു.
കാസിമിന്റെ കാഴ്‌ചപ്പാടിൽ നല്ല പൊറോട്ട അടിക്കാരനാവാൻ വിദ്യാഭ്യാസ യോഗ്യത അല്ല മാനദണ്ഡം, ജീവിതത്തിൽ തോൽക്കാൻ തയ്യാറാവാത്ത ആർക്കും നല്ലൊരു പൊറോട്ട മേക്കറാവാമെന്ന് കാസിം പറഞ്ഞുവയ്ക്കുന്നു.

ബൺ പൊറോട്ട, വീറ്റ് പൊറോട്ട, കൊത്ത് പൊറോട്ട, മലബാർ പൊറോട്ട തുടങ്ങി പൊറോട്ടയുടെ തന്നെ പല വകഭേദങ്ങളും അഥവാ സ്‌പെഷ്യലൈസ്‌ഡ് കോഴ്‌സുകളും ഇവിടെ എത്തുന്നവർക്ക് പഠിപ്പിച്ചു കൊടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർ ഇവിടെ പരിശീലനത്തിനായി എത്തുന്നുണ്ട് എന്നതാണ് കൗതുകകരമായ വസ്‌തുത. സിലബസിന് പുറത്തുള്ള പഠനവും ഇവിടെയുണ്ട്, ഉദാഹരണത്തിന് തട്ടുദോശ, ഗ്രേവി, മറ്റ് ചൈനീസ് വിഭവങ്ങൾ എന്നിവ ഉണ്ടാക്കാനും ഇവിടെ പഠിപ്പിക്കുന്നു.
ഇനി ഒരുപക്ഷേ നിങ്ങളൊരു തട്ടുകടയോ, ഹോട്ടലോ നടത്തുന്ന ആളാണെങ്കിൽ പെട്ടെന്നൊരു ദിവസം പൊറോട്ട മേക്കർ ഇല്ലാതെ വന്നാൽ സ്വയം രംഗത്തിറങ്ങാവുന്നതാണ്, അതിന് ഈ പരിശീലനം വളരെയേറെ ഗുണം ചെയ്യും. ഇനി ഇതൊരു ഇതൊരു തൊഴിലായി സ്വീകരിക്കുന്നവരെ കാത്ത് വൻ ദിവസക്കൂലി കാത്തിരിക്കുന്നു എന്ന കാര്യം മറക്കരുത്.
ദിവസം 600 മുതൽ 2000 രൂപ വരെ സമ്പാദിക്കുന്ന പൊറോട്ട മേക്കർമാരാണ് നമ്മുടെ നാട്ടിലുള്ളത്. അതിനാൽ തന്നെ വൈകാതെ ഇതും ഒരു തൊഴിലവസരമായി കണ്ടു മുന്നോട്ട് പോകുന്നവരെ സംബന്ധിച്ച് മധുരയിലെ കോച്ചിംഗ് സെന്റർ വലിയൊരു അനുഭവമായിരിക്കും, ഭാവിയിൽ എത്രയെത്ര പൊറോട്ട മേക്കർമാർ ഇവിടെ നിന്ന് ഉയർന്നു വരുമെന്നും കണ്ടറിയാം...












Click it and Unblock the Notifications