സ്വിഗ്ഗി ഡെലിവറിയ്ക്ക് കുൽദീപ് യാദവും...?; ആരാധകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ
നിങ്ങൾ സ്ഥിരമായി സ്വിഗ്ഗിയിലോ, സൊമാറ്റോയിലോ ഭക്ഷണം ഓർഡർ ചെയ്യുന്ന ആളാണെങ്കിൽ അതിൽ ഡെലിവറിയ്ക്ക് എത്തുന്ന ആളുടെ പേര് കാണാൻ കഴിയുമെന്ന കാര്യം അറിയാമായിരിക്കും. ഏതെങ്കിലും ആഘോഷവേളയിൽ അങ്ങനെ ഭക്ഷണം ഓർഡർ ചെയ്‌ത് കഴിഞ്ഞപ്പോൾ ഡെലിവറി ബോയായി ഏറെ പരിചിതമുള്ളൊരാളുടെ പേര് കണ്ടാൽ ആരായാലും ഒന്ന് ഞെട്ടും. ഇത്തരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേരുള്ള ഡെലിവറി ബോയ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

അടുത്തിടെ ഒരു ഉപയോക്താവ് സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്‌തപ്പോഴാണ് കുൽദീപ് യാദവ് എന്ന് പേരുള്ള ഡെലിവറി ബോയ് അത് നൽകാനായി എത്തിയത്. ഇതോടെ ഉപയോക്താവ് സ്‌ക്രീൻ ഷോട്ട് സഹിതം ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇന്ത്യയുടെ ചൈനാമാൻ സ്‌പിന്നർ കുൽദീപ് യാദവ് ക്രിക്കറ്റ് മതിയാക്കി സ്വിഗ്ഗിയിൽ ചേർന്നോ എന്നായിരുന്നു ഉപയോക്താവിന്റെ ചോദ്യം.
ഇതിന് പിന്നാലെ മറുപടിയുമായി കുൽദീപ് യാദവ് തന്നെ നേരിട്ടെത്തി. 'എന്താണ് നിങ്ങൾ ഓർഡർ ചെയ്‌തത് ?' എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇതിന് നിരവധി പേരാണ് റിപ്ലൈ ചെയ്‌തിരിക്കുന്നത്. ലോകകപ്പ് സെമി ഫൈനലിൽ താരം അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവയ്ക്കണം എന്നും ചിലർ കമന്റുകളിൽ ചൂണ്ടിക്കാട്ടി.
എന്തായാലും താരത്തിന്റെ മറുപടി സമൂഹമാധ്യങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ തിരക്കേറിയ താരമായിരുന്നിട്ട് കൂടിയും ആരാധകരുടെ തമാശകളിൽ പങ്ക് ചേരാനുള്ള കുൽദീപിന്റെ മനസിനെ പലരും കമന്റിലൂടെ പ്രശംസിക്കുന്നു.












Click it and Unblock the Notifications