ഇനി തിരഞ്ഞെടുപ്പ് കാലം; വോട്ടിംഗ് സമയം ഏത് ഐഡന്റിറ്റി കാർഡ് വേണം? കൈവശം സൂക്ഷിക്കേണ്ട രേഖകൾ എന്തൊക്കെ?
നമ്മുടെ നാട് മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. നാടെങ്ങും പ്രചാരണവും ശക്തമാവുകയാണ്. അതിനിടെ സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ക്യാംപയിനുകളും തകൃതിയായി നടത്തുന്നുണ്ട്. ഒരു പൗരന്റെ ഏറ്റവും വലിയ അവകാശങ്ങളിൽ ഒന്നാണ് വോട്ട് രേഖപ്പെടുത്തുക എന്ന കാര്യം പക്ഷേ നമ്മുടെ നാട്ടിലെ പലർക്കും അറിയില്ല.
ജനാധിപത്യത്തിൽ വോട്ട് എന്ന സംവിധാനത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. അതിനാൽ തന്നെ നമ്മുടെ ചെറിയൊരു അശ്രദ്ധ കാരണം ഇത് പാഴാക്കാൻ ഇട വരരുത്. സ്ഥാനാർത്ഥി പട്ടികയിൽ വിശ്വാസം ഇല്ലാത്തവർ പോലും വോട്ട് രേഖപ്പെടുത്താനുള്ള അവസരം നിർബന്ധമായും നിയോഗിക്കേണ്ടതുണ്ട്. അതിനുള്ള അവസരം നോട്ടയുടെ നൽകുന്നു.

എത്രയോ വർഷങ്ങളായി വോട്ട് രേഖപ്പെടുത്തുന്നവർക്കും, കന്നി വോട്ടിനായി കാത്തിരിക്കുന്നവർക്കും പല കാര്യങ്ങളിലും ഇപ്പോഴും സംശയം നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം. ഈ അവസരത്തിൽ നാം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട, പാലിച്ചിരിക്കേണ്ട ചില കാര്യങ്ങൾ വോട്ടെടുപ്പ് സമയത്ത് ഉണ്ട്. അത് മറക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഏതൊക്കെ രേഖകൾ പോളിങ് ബൂത്തിൽ അനുവദിക്കും?
എല്ലാവർക്കും അറിയാവുന്നത് പോലെ ഒരു വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള ഏറ്റവും പ്രധാന രേഖ എന്ന് പറയുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്ന ഇലക്ട്രറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. തിരഞ്ഞെടുപ്പ് വേളയിൽ ഭൂരിഭാഗം പേരും ഈ ഐഡി കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
എന്നാൽ ചില ഘട്ടങ്ങളിൽ നമുക്ക് അതിന് സാധിക്കാതെ വരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് കൈവശം ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തടസങ്ങൾ ഒന്നുമില്ലെന്ന് പ്രത്യേകം ഓർക്കണം. അതിന് ബദലായി ഉപയോഗിക്കാൻ കഴിയുന്ന തിരിച്ചറിയൽ രേഖകളുടെ പട്ടിക കമ്മീഷൻ തന്നെ പുറത്തുവിട്ടിട്ടുണ്ട്.
കമ്മീഷൻ അംഗീകരിച്ച മറ്റ് രേഖകൾ
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി വോട്ടിംഗ് സമയത്ത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യു ഡി ഐ ഡി കാർഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് , എൻപിആർ സ്‌മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എംപി/എംഎൽഎ / എംഎൽസി എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, തൊഴിലുറപ്പ് കാര്‍ഡ് എന്നിവയും വോട്ട് രേഖപ്പെടുത്തുന്ന വേളയിൽ പോളിങ് ബൂത്തിലെ സ്ഥിരീകരണത്തിനായി ഉപയോഗിക്കാം.












Click it and Unblock the Notifications