ലഖ്‌നൗവിലെ ഓര്‍ഗാനിക് റെസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്യാനെത്തിയത് പശു; വീഡിയോ വൈറല്‍
ലഖ്‌നൗ: ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ വന്‍ ഡിമാന്റാണ്. കലര്‍പ്പില്ലാത്ത ഭക്ഷണത്തിനായി പലരും ഓര്‍ഗാനിക് ഹോട്ടലുകളെ സമീപിക്കാറുമുണ്ട്. അതുകൊണ്ട് റെസ്റ്റോറന്റുകളും പുതിതതായി തുറക്കാറുമുണ്ട്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്നുള്ള ഒരു റെസ്റ്റോറന്റ് കഴിഞ്ഞ ദിവസം പുതുതായി ആരംഭിച്ചിരുന്നു. എന്നാല്‍ ഈ ഹോട്ടലിന്റെ ഉദ്ഘാടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പ്രധാന കാരണം, അത് ഉദ്ഘാടനം ചെയ്തത് ആരാണെന്ന കാരണം കൊണ്ടാണ്. ലഖ്‌നൗവിലെ ഈ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത് ഒരു പശുവാണ്. ഇതിനെ പ്രത്യേകം ക്ഷണിച്ച് കൊണ്ടുവന്നതാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓര്‍ഗാനിക് ഓയാസിസ് എന്നാണ് റസ്‌റ്റോറന്റിന്റെ പേര്. പൂജകളും മന്ത്രങ്ങളും ചൊല്ലിയാണ് ഉദ്ഘാടനം ചെയ്യാനെത്തിയ അതിഥിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ചേര്‍ന്ന് വരവേറ്റത്.

ഈ പശുവിനായി സ്വാദേറിയ ഭക്ഷണവും ഇവര്‍ നല്‍കി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എഎന്‍ഐയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഒരു മഞ്ഞ തുണി കൊണ്ട് ഈ പശുവിനെ പുതപ്പിച്ചിട്ടുണ്ട്. ഹോട്ടലിലെ അടുക്കളയിലേക്ക് പശുവിനെ പ്രവേശിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
ഹിന്ദു മത വിശ്വാസപ്രകാരം പശുവിന് പ്രത്യേക സ്ഥാനം തന്നെ ശുഭകാര്യങ്ങള്‍ക്കുണ്ട്. വിശുദ്ധ മൃഗമായിട്ടാണ് പശുവിനെ ഹിന്ദു മതത്തിലെ വിശേഷിപ്പിക്കുന്നത്. ഹിന്ദു പുരാണത്തില്‍ പല ദൈവങ്ങളുമായിട്ടാണ് പശുവിനെ ബന്ധിപ്പിച്ചിരിക്കുന്നത്. പശുവിനെ ആരാധിക്കുന്നത് കൊണ്ട് ഐശ്വര്യം വരുമെന്ന വിശ്വാസവും ഹിന്ദുക്കള്‍ക്കിടയിലുണ്ട്.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
അതേസമയം പശു ഉദ്ഘാടനം ചെയ്ത ഈ റെസ്റ്റോറന്റിനും ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഓര്‍ഗാനിക് കൃഷിയിലൂടെ ഉണ്ടായ ഉല്‍പ്പന്നങ്ങളാണ് ഇവിടെ ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ആരോഗ്യം സംരക്ഷിക്കുന്നതിനായി, കൂടുതല്‍ പേര്‍ ഓര്‍ഗാനിക് ഫുഡിലേക്ക് മാറുന്നതാണ് റസ്‌റ്റോറന്റ് ഉടമയെ ഇങ്ങനെയൊരു പരീക്ഷണത്തിന് പ്രേരിപ്പിച്ചത്.
കെമിക്കലുകള്‍ ഇല്ലാത്ത, എന്നാല്‍ ധാരാളം പോഷക ഘടകങ്ങള്‍ ഉള്ള ഭക്ഷണമെന്ന ആളുകളുടെ ആഗ്രഹമാണ് ഈ ഹോട്ടലിന് പ്രചോദനമായതെന്ന് റെസ്‌റ്റോറന്റ് ഉടമ പറഞ്ഞു. നമ്മുടെ കൃഷിയും, സമ്പദ് വ്യവസ്ഥയും പശുക്കളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതുകൊണ്ടാണ് പശു തന്നെ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാന്‍ കാരണമെന്നും ഉടമ പറഞ്ഞു.
മുന്‍ ഡെപ്യൂട്ടി എസ്പിയാണ് ഈ റസ്റ്റോറന്റ് ഉടമ. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഓര്‍ഗാനിക് ഭക്ഷണങ്ങളുടെ രുചി പെട്ടെന്ന് തിരിച്ചറിയാന്‍ ആളുകള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും കഴിച്ചാല്‍ പലരും വീണ്ടും ആവശ്യപ്പെടുമെന്നാണ് റസ്റ്റോറന്റ് ഉടമയുടെ പ്രതീക്ഷ.












Click it and Unblock the Notifications