മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം അറിയാമോ? 24 ലക്ഷം കീശയിൽ, ഇതൊക്കെയാണ് ജോലി
രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് മുകേഷ് അംബാനി. അടുത്തിടെ അദ്ദേഹത്തിന്റെ മകൻ ആനന്ദിന്റെ വിവാഹം ആഡംബര പൂർവം നടന്നത് നിങ്ങളൊക്കെ ഓർക്കുന്നുണ്ടല്ലോ. അയ്യായിരം കോടി രൂപയോളം ചെലവഴിച്ചാണ് അദ്ദേഹം തന്റെ മകന്റെ വിവാഹം നടത്തിയതെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾക്കായി വൻ തുക വേറെയും അദ്ദേഹം ചിലവാക്കിയിരുന്നു.
ഇതൊക്കെ അദ്ദേഹത്തിന്റെ കുടുംബ കാര്യം, ഇനി മുകേഷ് അംബാനിക്കൊപ്പം ജോലി ചെയ്യുന്നവരുടെ ശമ്പളത്തെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ? ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ ഡ്രൈവറുടെ ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടുമെന്ന് ഉറപ്പാണ്. അംബാനിയുടെ ഡ്രൈവർ എന്ന് പറയുമ്പോൾ അതൊരു സാധാരണ ജോലിയല്ലെന്ന കാര്യം ഉറപ്പാണല്ലോ.

അപ്പോൾ അതിന് അനുസരിച്ച് ലഭിക്കുന്ന പ്രതിഫലത്തിലും മാറ്റം വരാറുണ്ട്. താരതമ്യേന സുരക്ഷ കുറഞ്ഞ ഇന്ത്യൻ നിരത്തുകളിൽ അംബാനിയുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ടാണ് കാറും ഡ്രൈവറും ഒക്കെ മുന്നോട്ട് നീങ്ങുന്നത്. പറഞ്ഞു വന്നത് മറ്റൊന്നുമല്ല, മുകേഷ് അംബാനിയുടെ ഡ്രൈവർ വെറുമൊരു സാധാരണക്കാരൻ അല്ലെന്നത് തന്നെ.
പ്രത്യേക സുരക്ഷ ഫീച്ചറുകളാൽ സമ്പന്നമായ കസ്‌റ്റമൈസ് ചെയ്‌ത വാഹനത്തിലാണ് അംബാനിയുടെ യാത്ര. ഇതിന്റെ വളയം പിടിക്കുന്നതും വിശ്വസ്‌തൻ തന്നെയാണ്. മുൻപ് പുറത്തുവന്ന ഒരു വൈറൽ വീഡിയോ പ്രകാരം, അംബാനിയുടെ സ്വകാര്യ ഡ്രൈവർ പ്രതിമാസം 2 ലക്ഷം രൂപ ശമ്പളമാണ് കൈപ്പറ്റുന്നത്. ഇതിൽ കാലാനുസൃതമായ വർധനവ് ഉണ്ടായിരിക്കും എന്നുറപ്പാണ്. ഏഴ് വർഷം മുൻപാണ് ഈ വീഡിയോ പുറത്തുവന്നത്.
പല മുൻനിര കമ്പനികളുടെയും എക്‌സിക്യൂട്ടീവുകൾ പോലും ഇതിലും താഴ്ന്ന ശമ്പളം വാങ്ങുന്നവരാണ്. ഈ കണക്ക് പ്രകാരം അംബാനിയുടെ ഡ്രൈവർക്ക് ലഭിക്കുന്ന വാർഷിക ശമ്പളം 24 ലക്ഷം രൂപയാണ്. അംബാനി അത്രയെങ്കിലും കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. കാരണം വെറും ഡ്രൈവിംഗ് അറിഞ്ഞത് കൊണ്ട് മാത്രം അംബാനിയുടെ ഡ്രൈവർ ആവാൻ കഴിയില്ല.
അംബാനിക്ക് ഒപ്പം ജോലി ചെയ്യുന്നതിന് മുന്നോടിയായി ഡ്രൈവർമാർ കഠിനമായ പരിശീലനത്തിന് വിധേയരാകുകയും, സ്വകാര്യ കരാർ സ്ഥാപനങ്ങൾ വഴി കഴിവ് തെളിയിക്കുകയും ചെയ്യേണ്ടി വരും. മികച്ച പാക്കേജിനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണ്. വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും, സുരക്ഷ ഉറപ്പാക്കാനും സാധിക്കുന്ന ഡ്രൈവർമാർക്ക് മാത്രമാണ് അംബാനി കുടുംബത്തിൽ ജോലി ഉള്ളൂ.
അതിന് പുറമെ ആഡംബര വാഹനങ്ങളുടെ വൻ ശേഖരം തന്നെ സ്വന്തമായുള്ള ആളാണ് മുകേഷ് അംബാനി. അതുകൊണ്ട് ഏത് വാഹനവും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇവർക്ക് കഴിയണം. ബുള്ളറ്റ് പ്രൂഫ് സുരക്ഷയോടെയാണ് അംബാനിയുടെ വാഹനം സഞ്ചരിക്കാറുള്ളത്. അതിന് പുറമെ ഉയർന്ന നിലവാരത്തിലുള്ള മറ്റ് സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ഡ്രൈവർക്കും ഇക്കാര്യത്തിൽ ധൈര്യമായിരിക്കാം.












Click it and Unblock the Notifications