എൽപിജി വില കൂടുമോ? പുതിയ ടെലികോം നിയമങ്ങളും പ്രാബല്യത്തിൽ, നവംബർ 1 മുതലുള്ള ഈ മാറ്റങ്ങൾ അറിയണം
ന്യൂഡൽഹി: പുതിയ മാസം ആരംഭിക്കാൻ ഇനി രണ്ട് നാൾ കൂടിയേ ശേഷിക്കുന്നുള്ളൂ. ഒക്ടോബർ മാറി നവംബറിലേക്ക് കടക്കുമ്പോൾ രാജ്യത്തെ ജനങ്ങളെ കാത്തിരിക്കുന്നത് സുപ്രധാനമായ ചില മാറ്റങ്ങളാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ മധ്യവർഗത്തിനെ നേരിട്ട് ബാധിക്കുന്ന ചില കാര്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ ചിലതൊക്കെ എല്ലാ മാസവും പരിഷ്‌കരണത്തിന് വിധേയമാവുന്നതാണെങ്കിൽ ചില കാര്യങ്ങളിൽ അങ്ങനെയല്ല.
നവംബർ ഒന്ന് മുതൽ നിലവിൽ വരുന്ന ഈ പരിഷ്‌കാരങ്ങൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. കാരണം അതിൽ നിങ്ങളുടെ നിത്യജീവിതവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളുമുണ്ട്. എൽപിജി വിലയിലെ മാറ്റം, ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ പുതിയ തീരുമാനങ്ങൾ, ടെലികോം നിയമങ്ങളിലെ പരിഷ്‌കരണം എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്.

നവംബർ ഒന്ന് മുതൽ ഈ കാര്യങ്ങൾ ഓർത്ത് വയ്ക്കൂ
എൽപിജി വില: നമ്മുടെ രാജ്യത്ത് എല്ലാ മാസവും പാചകവാതക വില പരിഷ്‌കരിക്കുന്നത് മാസത്തിലെ ആദ്യ ദിനമാണ്. ഇക്കുറി പക്ഷേ നമ്മളിൽ പലരും ആശ്രയിക്കുന്ന 14 കിലോ സിലിണ്ടറിന്റെ വിലയിൽ കാര്യമായ മാറ്റങ്ങൾ കമ്പനികൾ വരുത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇവയുടെ വില ഒരേനിലയിൽ തുടരുകയായിരുന്നു.
എന്നാൽ കൊമേഴ്‌സ്യൽ സിലിണ്ടറുകളുടെ ഒക്ടോബറിൽ പരിഷ്‌കരിച്ചിരുന്നു. അപ്പോഴും ഗാർഹിക പാചക വാതക വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഈ മാസം ഒന്നിന് ഏതാണ്ട് 48 രൂപയോളമാണ് കൊമേഴ്‌സ്യൽ സിലിണ്ടറിന് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതിനൊപ്പം സിഎൻജി ഉൾപ്പെടെയുള്ളവയുടെ വിലയും കമ്പനികൾ മാസം ഒന്നാം തീയതി പരിഷ്‌കരിക്കാറുണ്ട്.
ടെലികോം നിയമം: ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മാറ്റം നിലവിൽ വരാൻ പോവുന്നത് രാജ്യത്തെ ടെലികോം മേഖലയിലാണ്. നിരന്തരം തുടർക്കഥയാവുന്ന തട്ടിപ്പുകൾ തടയാൻ വേണ്ടി സ്വകാര്യ ടെലികോം സേവനദാതാക്കളോട് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിലൂടെ ഇത്തരം സന്ദേശങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് എന്നാണ് വിലയിരുത്തൽ.
എസ്ബിഐ ക്രെഡിറ്റ് കാർഡ്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തങ്ങളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ പരിഷ്‌കരിക്കുകയാണ് നവംബർ ഒന്ന് മുതൽ. ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ചാർജ് ഏർപ്പെടുത്താനാണ് തീരുമാനം. കൂടാതെ 50,000 രൂപയിൽ കൂടുതൽ വരുന്ന ബില്ലുകൾക്ക് ഒരു ശതമാനം ഫീയും ഈടാക്കും.
മ്യൂച്വൽ ഫണ്ട് നിയന്ത്രണങ്ങൾ: മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ നേതൃത്വത്തിൽ മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ കൂടുതൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഇത് നവംബർ ഒന്ന് മുതലാണ് നിലവിൽ വരിക. ഇത് പ്രകാരം അസറ്റ് മാനേജ്മെന്റ് കമ്പനികൾ 15 ലക്ഷത്തിൽ അധികം വരുന്ന ഇടപാടുകൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
ബാങ്ക് അവധികളും ഏറെ
ഒക്ടോബർ മാസം പോലെയല്ല നവംബർ മാസത്തിൽ ബാങ്ക് അവധികളും ഒട്ടേറെയുണ്ട്. പൊതു അവധികളും തിരഞ്ഞെടുപ്പുകളും ഒക്കെയായി ഏതാണ്ട് 13 ദിവസത്തോളം ബാങ്കുകൾ അടച്ചിടും (പ്രാദേശിക തലത്തിൽ). അതുകൊണ്ട് തന്നെ ഇടപാടുകൾ നടത്താനുള്ളവർ അതിന്റെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.












Click it and Unblock the Notifications