കടയില്‍ നിന്ന് വാങ്ങേണ്ട ഈ ഓണത്തിന് ശര്‍ക്കര വരട്ടി വീട്ടില്‍ ഉണ്ടാക്കാം... സിംപിളാണ്
ഓണക്കാലം എത്താറായി. ഓണപ്പൂക്കളും പോലെ ഓണസദ്യയും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഓണ സദ്യയിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ശർക്കര വരട്ടി. എപ്പോഴും കടയിൽ നിന്നല്ലേ ഇത് വാങ്ങാറുള്ളത്. ഇത്തവണ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ? ഇത് ഉണ്ടാക്കാൻ ഒരുപാട് പണിയുണ്ടെന്ന് വിചാരിച്ചാണ് പലരും ശർക്കര വരട്ടി ഉണ്ടാക്കാതെ വാങ്ങുന്നത്.
പക്ഷേ, എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണിത്. ആദ്യം നേന്ത്രക്കായ എടുത്ത് തൊലികളഞ്ഞ് വെള്ളത്തിൽ ഇട്ട് വെയ്ക്കണം. കഞ്ഞിവെള്ളത്തിൽ ഇടുന്നതാണ് നല്ലത്. കറ വേഗത്തിൽ പോയിക്കിട്ടും. 15 മിനിറ്റ് ശേഷം എടുക്കാം. കായ മുറിക്കണം ചിപ്‌സ് ഉണ്ടാക്കാൻ മുറിക്കുന്നത് പോലെ നേർത്ത് മുറിക്കേണ്ട. കുറച്ച് കനമാകാം. ഒരേ വലിപ്പത്തിൽ മുറിക്കാം.

നിങ്ങൾ എത്രയാണോ കായ എടുത്തത് അത് അനുസരിച്ചായിരിക്കണം ശർക്കര എടുക്കേണ്ടത്. ശർക്കര പൊടിച്ച് കുറച്ച് വെള്ളം ചേർത്ത് ഉരുക്കാൻ വെയ്ക്കാം. ശർക്കര നന്നായി ഉരുക്കിയെടുത്ത ശേഷം ആ പാനി അരിപ്പയിൽ അരിച്ച് മാറ്റി വെയ്ക്കണം. നാല് പച്ചക്കായ എങ്കിൽ മുക്കാൽ കപ്പ് ശർക്കര ആണ് എടുക്കേണ്ടത്. ഇനി കായ വറുത്ത് എടുക്കണം.
എണ്ണയിൽ ഇട്ട് കുറഞ്ഞ തീയിൽ വേവിച്ചെടുക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. കായ കഷ്ണങ്ങൾ ഇളക്കുമ്പോൾ പൊരിഞ്ഞ ശബ്ദം വന്നാൽ തീ കൂട്ടി അതിലേക്ക് ഇത്തിരി പച്ച വെള്ളം തളിക്കാം. എണ്ണയിലേക്ക് ഒഴിക്കുമ്പോൾ പൊട്ടുന്ന ശബ്ഗദം കേൾക്കും. വേവാത്ത കഷ്ണം ഉണ്ടെങ്കിൽ വെന്ത് കിട്ടാനും പൊരിഞ്ഞു കിട്ടാനും ആണ് ഇങ്ങനെ ചെയ്യുന്നത്.. ഇനി ഇത് കോരി മാറ്റം.
ശർക്കര പാനിയിലേക്ക് രണ്ട് ടീ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം. അതിന് ശേഷം ചെറിയ തീയിൽ ഒന്ന് കൂടി ഉരുക്കി എടുക്കണം. ഒരു നൂൽ പരുവം ആവുന്നത് വരെ ഇങ്ങനെ ചെയ്യാം.
ശർക്കരയിലേക്ക് ഏല്ക്കാ പൊടിയും ചുക്കുപൊടിയും ചേർക്കണം. ഇനി വറുത്ത് വെച്ച കായ കഷ്ണം ചേർത്ത് നന്നായി ഇളക്കണം. നന്നായി തന്നെ ഇളക്കണം. ഇങ്ങനെ ഇളക്കിയാൽ ശർക്കര ഉപ്പേരി ഒട്ടിപ്പിടിക്കാതെ ലഭിക്കും. ഇളക്കുമ്പോൾ വേണമെങ്കിൽ കുറച്ച് അരിപ്പൊടി ചേർക്കാം.












Click it and Unblock the Notifications