വിദ്യാഭ്യാസ ലോൺ എടുക്കുന്നുണ്ടോ? കുഴിയിൽ ചെന്ന് ചാടാതെ സൂക്ഷിക്കണേ, ഈ കാര്യങ്ങൾ ഓർത്തിരിക്കാം
ഇന്നത്തെ കാലത്ത് എല്ലാവരും പഠനത്തിനായി വിവിധ സാമ്പത്തിക സേവനങ്ങളെ ആശ്രയിക്കുന്നു. അത് ലോണായാലും മറ്റ് ആനുകൂല്യങ്ങളായാലും അത് പലപ്പോഴും നമുക്ക് വളരെ അത്യാവശ്യമായ കാര്യമാണ്. വിദ്യാഭ്യാസ ലോൺ സൗകര്യങ്ങൾ അത്യാവശ്യമായ കാര്യമായി മാറിയതിനൊപ്പം തന്നെ അവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും, ചൂഷണങ്ങളും വ്യാപകമാണ്.
ഇത്തരമൊരു ഘട്ടത്തിൽ നമ്മൾ വിദ്യാഭ്യാസ ലോൺ എടുക്കാൻ ശ്രമിക്കുമ്പോൾ ധാരാളം പേർ ഓഫറുകളുമായി ഒപ്പം കൂടുകയും ചെയ്യും. എന്നാൽ അവയിലൊന്നും വീഴാതെ നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് പഠിക്കേണ്ട കോഴ്‌സിന്റെ ഭാവി പരിഗണിച്ചും ഒക്കെ വേണം കൃത്യമായ വിദ്യാഭ്യാസ വായ്‌പ നമ്മൾ എടുക്കേണ്ടത്. അത്തരത്തിൽ ഇതുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നിങ്ങളുടെ കോഴ്‌സിന് അനുസരിച്ചുള്ള വായ്‌പ തിരഞ്ഞെടുക്കുക എന്നതാണ്. കമ്പനികൾ നൽകുന്ന വലിയ വാഗ്‌ദാനങ്ങൾ പൂർണമായും വിശ്വാസത്തിൽ എടുക്കാതെ നിങ്ങളുടെ കോഴ്‌സിന്റെ ഭാവിയെ കുറിച്ചും, അതിന്റെ സാധ്യതകളെ കുറിച്ചുമൊക്കെ കൃത്യമായി മനസിലാക്കിയിട്ട് വേണം വായ്‌പ എടുക്കാൻ. അതല്ലെങ്കിൽ മതിയായ ശമ്പളത്തോടെയുള്ള ജോലി ലഭിക്കാതിരിക്കുകയും വായ്‌പ ബാധ്യത തലയിലേറ്റേണ്ടി വരികയും ചെയ്യും.
പലിശ നിരക്ക്
വായ്‌പ അനുവദിക്കുന്ന ധനകാര്യ സ്ഥാപനം, വായ്‌പ തുക, നിലവിലെ വിപണി സാഹചര്യം എന്നിവ കണക്കിലെടുത്താണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. മിക്ക ബാങ്കുകളും മത്സര സ്വഭാവത്തോടെയുള്ള പലിശ നിരക്കിലാണ് വായ്‌പ വാഗ്‌ദാനം ചെയ്യുന്നത് എന്നത് മനസിലാക്കണം. ചില പദ്ധതികളുടെ ഭാഗമായി കുറഞ്ഞ പലിശ നിരക്കിലും വായ്‌പകൾ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുറഞ്ഞ പലിശ നിരക്ക് ഉള്ളത് കൃത്യമായി തിരഞ്ഞെടുക്കുക.
തിരിച്ചടവ്
വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവ് പൊതുവേ ആരംഭിക്കുന്നത് കോഴ്‌സ് പൂർത്തിയായ ശേഷമാണ്. ചില ധനകാര്യ സ്ഥാപനങ്ങൾ കോഴ്‌സ് പൂർത്തിയായി ജോലി സമ്പാദിക്കുന്നതിനായി നിശ്ചിത കാലയളവിലേക്ക് തിരിച്ചടവ് ആരംഭിക്കുന്നതിന് മുൻപ് സാവകാശവും നൽകുന്നുണ്ട്. വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവ് കാലാവധി വിവിധ കാലയളവ് വരെ നീണ്ടുകിടക്കുന്നതാണ് (15 വർഷം വരെ) ഇവ വായ്‌പ എടുക്കും മുൻപ് കൃത്യമായി അറിഞ്ഞിരിക്കണം. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് കാലയളവ് തിരഞ്ഞെടുക്കുകയുമാവാം.
വായ്‌പ നൽകുന്ന സ്ഥാപനം
നിങ്ങൾ വിദ്യാഭ്യാസ വായ്‌പ എടുക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയും അതിന്റെ മുൻകാല ചരിത്രവും ഒക്കെ നിർബന്ധമായും മനസിലാക്കണം. കൂടാതെ അവരുടെ പ്രവർത്തന രീതിയും അറിഞ്ഞിരിക്കണം. ഹിഡൻ ചാർജുകൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തണം.
നികുതി ഇളവ്
വിദ്യാഭ്യാസ ആവശ്യകതയും ഇതിനായി വേണ്ടിവരുന്ന സാമ്പത്തികവും ശരിയായി കണക്കിലെടുത്ത് വിദ്യാഭ്യാസ വായ്‌പ എടുത്താൽ നിരവധി നികുതി ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ആദായ നികുതി നിയമത്തിലെ ചട്ടം 80-ഇ പ്രകാരം വിദ്യാഭ്യാസ ലോണിന്റെ തിരിച്ചടവിന് നികുതി ഇളവുകൾ ലഭ്യമാണ്. ഇത് ഉറപ്പായും നിങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്.












Click it and Unblock the Notifications