ഈ വർഷം പൂജ വയ്‌ക്കേണ്ടത് എപ്പോൾ? എടുക്കാനുള്ള ദിവസം ഇതാണ്, വിദ്യാരംഭത്തെ കുറിച്ചും അറിയാം
നമ്മുടെ രാജ്യത്ത് ഒന്നാകെ എല്ലായിടത്തും ഒരുപോലെ ആഘോഷിക്കുന്ന ചുരുക്കം ചില ഉത്സവങ്ങളിൽ ഒന്നാണ് നവരാത്രി. ദേവി ദുർഗയെ പ്രീതിപ്പെടുത്താൻ ഒൻപത് ദിവസത്തോളം നീളുന്ന പൂജകളും ആഘോഷങ്ങളും ഒക്കെയായി നീളുന്ന ഈ ചടങ്ങ് പക്ഷേ കേരളത്തിൽ പൂജ വയ്ക്കലിന്റെ കാലം കൂടിയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഇതിലെ അവസാന ദിനങ്ങളിൽ ആയുധങ്ങളും പുസ്‌തകങ്ങളും ഒക്കെ പൂജയ്ക്ക് വയ്ക്കുന്ന കാഴ്‌ച നാം കാണാറുണ്ട്.
ഏറെ പ്രത്യേകതകളുള്ള സമയം കൂടിയാണിത്. ദുഷ്‌ട ശക്തികളുടെ മേൽ നന്മ വിജയം നേടിയതിന്റെ ഓർമ്മക്കായി വേണ്ടിയാണ് ഈ ദിനങ്ങൾ കൊണ്ടാടുന്നത്. ഈ ഉത്സവകാലത്തെ പ്രധാന ശ്രദ്ധാകേന്ദ്രം ദേവി ദുർഗ തന്നെയാണ്. ദുർഗാ ദേവിയുടെ ഒൻപത് രൂപഭാവങ്ങളെയാണ് ഈ നവരാത്രി ദിനങ്ങളിൽ ആരാധിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

കൂടാതെ അറിവിന്റെ വെളിച്ചം എല്ലാവർക്കും പകർന്നുനൽകുന്ന ദിനങ്ങളായും ഇതിനെ കണക്കാക്കുന്നു. മറ്റിടങ്ങളിൽ വ്യത്യസ്‌തമാണ് കേരളത്തിലെ നവരാത്രി ആഘോഷങ്ങൾ. പന്തലുകൾ ഒരുക്കിയും, അമ്പലങ്ങളിൽ പൂജകൾ നടത്തിയും മാത്രമല്ല വിവിധ കലാപരിപാടികളുടെ അകമ്പടിയോടെയാണ് കേരളത്തിലെ ആഘോഷങ്ങൾ നടക്കുക.
എന്നാൽ ഇതിലൊക്കെയുപരി കേരളത്തിൽ ഈ സമയത്താണ് പൂജവെപ്പ് എന്ന കർമ്മം നടക്കുന്നത്. നവരാത്രി ആഘോഷ കാലത്ത് നമ്മുടെ നാട്ടിൽ നടക്കുന്ന സവിശേഷമായ ആചാരമാണ് പൂജവെപ്പ്. മൈസൂരു, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിൽ ദസറ ഉൾപ്പെടെയുള്ളവ കൊണ്ടാടുമ്പോൾ മലയാളിക്ക് അറിയേണ്ടത് പൂജാവേപ്പിന്റെ വിവരങ്ങളാണ് എന്നത് തീർച്ചയാണ്.
പൂജവെപ്പ് ഈ വർഷം എപ്പോൾ?
കുട്ടികൾ പുസ്‌തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന സമയമാണിത്, മുതിർന്നവരും പങ്കാളികൾ ആവാറുണ്ട്. നവരാത്രി ആഘോഷങ്ങളിലെ അവസാന മൂന്ന് ദിനങ്ങളിലാണ് പൂജവെപ്പുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കാറുള്ളത്. അഷ്‌ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടതെന്നാണ് പറയപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ ഒക്ടോബർ 10 വ്യാഴാഴ്‌ചയാണ് പൂജയ്ക്ക് വയ്‌ക്കേണ്ടത്.
ഇത്തവണ പക്ഷേ പൂജ എടുക്കൽ നീളുമെന്നതാണ് മറ്റൊരു പ്രത്യേകത. സാധാരണ ഗതിയിൽ പത്താം ദിവസമാണ് വിജയദശമി വരാറുള്ളത്. എന്നാൽ ഇക്കുറി വിനാഴികകളിലെ വ്യത്യാസം കാരണം പതിനൊന്നാം ദിവസമാണ് പൂജയെടുക്കൽ. ഒക്ടോബർ 13 ഞായറാഴ്‌ച രാവിലെയായിരിക്കും പൂജ എടുക്കൽ നടക്കുക. അന്ന് തന്നെയാവും വിദ്യാരംഭം കുറിക്കുക.
വീടുകളിൽ പുസ്‌തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്നവർ ആയാലും അടുത്തുള്ള ക്ഷേത്രങ്ങളിൽ കൊണ്ട് വയ്ക്കുന്നവർ ആയാലും ഞായറാഴ്‌ച രാവിലെ തന്നെ പൂജ എടുക്കലിന് ഒരുങ്ങേണ്ടതാണ്, കാരണം രാവിലെ 9.06 വരെയാണ് ദശമി തിഥിയുള്ളത്. കൂടാതെ ഈ ദിവസം തന്നെ ക്ഷേത്രങ്ങളും മറ്റും വാഹനങ്ങൾ ഉൾപ്പെടെ പൂജിച്ചു നൽകുന്നതാണ്.
കുട്ടികൾ പഠനത്തോട് താൽക്കാലികമായെങ്കിലും വിട പറയുന്ന ദിനങ്ങൾ കൂടിയാണ് പൂജ വയ്ക്കുന്ന സമയം. പണ്ടൊക്കെ പത്രം വായിക്കാനോ, കടയിലെ ബോർഡ് വായിക്കാനോ പോലും പാടില്ലെന്നാണ് പറയാറുള്ളത്. കൂടാതെ സ്‌കൂളുകളിൽ തന്നെ പൂജയ്ക്ക് വയ്ക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു, വിദ്യാരംഭ ചടങ്ങുകൾക്കും അവസരമുണ്ടായിരുന്നു. ഇന്ന് ഇവ കൂടുതലും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.












Click it and Unblock the Notifications