ഐശ്വര്യ മുതൽ നയൻസ് വരെ; ആസ്‌തി 800 കോടിക്കുമപ്പുറം, ഇന്ത്യയിലെ സമ്പന്ന നടിമാർ ഇവരൊക്കെ
സിനിമാ താരങ്ങളുടെ പ്രതിഫലവും ആസ്‌തിയുമെല്ലാം ഏറ്റവും കൂടുതൽ പേർ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിൽ പലപ്പോഴും നടിമാരുടെ പ്രതിഫലവും, ആസ്‌തി എന്താണെന്നറിയാൻ ഒരുപാട് പേർക്ക് കൗതുകമുണ്ടാവും. അത്തരത്തിൽ ഇന്ത്യയിൽ ഏറ്റവും സമ്പന്നരായ 10 നടിമാർ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് സൂപ്പർ നായിക ഐശ്വര്യ റായ് ആണ്. പാൻ ഇന്ത്യൻ താരമായ ഐശ്വര്യ മുൻ ലോക സുന്ദരി കൂടിയായിരുന്നു. 800 കോടിയാണ് ഐശ്വര്യയുടെ ആസ്‌തി. ഓർ ചിത്രത്തിന് താരം പ്രതിഫലമായി ഈടാക്കുന്നത് പത്ത് മുതൽ പന്ത്രണ്ട് കോടി വരെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ താരനായികമാരിൽ ഒരാൾ കൂടിയായ ഐശ്വര്യയുടെ ആസ്‌തിയുടെ അടുത്തെങ്ങും മറ്റ് നായികമാരില്ല എന്നതാണ് വാസ്‌തവം.

പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമത്. ബോളിവുഡിന് പുറമെ ഹോളിവുഡ് സിനിമയിലേക്ക് കൂടി ചുവടുമാറ്റിയ പ്രിയങ്കയുടെ അകെ ആസ്‌തി 620 കോടിയാണ്. നാൽപത് കോടി വരെയാണ് അവരുടെ പ്രതിഫലം. പരസ്യങ്ങളിലും താരം അഭിനയിക്കുന്നുണ്ട്.
ദീപിക പദുക്കോണാണ് പട്ടികയിൽ മൂന്നാമത്. ഷാരൂഖ് ഖാന്റെ ഭാഗ്യ നായികയായ ദീപിക നിലവിൽ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാൾ കൂടിയാണ്. 500 കോടിയാണ് ദീപികയുടെ ആസ്‌തി. മുപ്പത് കോടി വരെയാണ് താരത്തിന്റെ ഒരു ചിത്രത്തിലെ പ്രതിഫലം.
നിലവിൽ സജീവമല്ലെങ്കിലും കരീന കപൂർ പട്ടികയിൽ നാലാമതുണ്ട്. 440 കോടിയോളം രൂപയുടെ ആസ്‌തിയുള്ള താരം ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും വലിയ നായികമാരിൽ ഒരാളായിരുന്നു. പരസ്യ ചിത്രങ്ങളിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.
പട്ടികയിൽ അഞ്ചാമത് അനുഷ്‌ക ശർമ്മയാണ്. വിരാട് കോഹ്‌ലിയുടെ ഭാര്യ കൂടിയായ അനുഷ്‌ക സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ടു നിൽക്കുകയാണ് ഇപ്പോൾ. എങ്കിലും പരസ്യ ചിത്രങ്ങളിൽ ഉൾപ്പെടെ അഭിനയിക്കാൻ പത്ത് കോടി വരെ അനുഷ്‌ക പ്രതിഫലമായി കൈപ്പറ്റുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആകെ ആസ്‌തി 255 കോടി.
ആറാം സ്ഥാനത്ത് പഴയകാല നടി മാധുരി ദീക്ഷിത് ആണ്. തന്റെ പ്രതാപ കാലത്ത് നടന്മാരെക്കാൾ അധികം പ്രതിഫലം കൈപറ്റിയിരുന്ന താരമാണ് മാധുരി. നായികാ വേഷങ്ങളിൽ നിന്ന് മാറിയെങ്കിലും പരസ്യങ്ങളിൽ ഉൾപ്പെടെ അഭിനയിക്കുന്നത് തുടരുന്ന മാധുരിയുടെ ആകെ ആസ്‌തി 250 കോടിയാണ്.
പിന്നീട് കത്രീന കൈഫ്, ആലിയ ഭട്ട്, ശ്രദ്ധ കപൂർ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. എന്നാൽ സമ്പന്ന പട്ടികയിൽ സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു താരം മാത്രമാണുള്ളത്. ലേഡി സൂപ്പർ സ്‌റ്റാർ നയൻതാരയാണ് അത്. ഇന്ത്യയിലെ സമ്പന്നരായ നടിമാരിൽ പത്താമതുള്ള നയൻസിന്റെ ആകെ സമ്പാദ്യം നൂറ് കോടി രൂപയാണ്. പത്ത് കോടിയോളമാണ് നയൻതാരയുടെ നിലവിലെ പ്രതിഫലം.












Click it and Unblock the Notifications