ഗാംഗുലിയുടെ മകൾ ചില്ലറക്കാരിയില്ല; ഇന്റേൺഷിപ്പ് ഈ ബഹുരാഷ്ട്ര കമ്പനിയിൽ, വരുമാനം 30 ലക്ഷം..!
സൗരവ് ഗാംഗുലിയെ പരിചയമില്ലാത്തവർ അധികമുണ്ടാവില്ല. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമായിരുന്നു ദാദ എന്ന് വിളിപ്പേരുള്ള സൗരവ് ഗാംഗുലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും താരം ഇപ്പോഴും ആ രംഗത്ത് തന്നെ തുടരുകയാണ്. കഴിഞ്ഞ വട്ടം ബിസിസിഐ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പറഞ്ഞുവന്നത് ഗാംഗുലിയെ കുറിച്ചല്ല, അദ്ദേഹത്തിന്റെ മകളെ കുറിച്ചാണ്.
ഗാംഗുലിയുടെ മകൾ എന്ന് കേൾക്കുമ്പോൾ ഏതെങ്കിലും തരത്തിൽ ക്രിക്കറ്റ് പോലെയുള്ള കായിക മേഖലയിലോ, കലാസാംസ്‌കാരിക മേഖലയിലോ പ്രവർത്തിക്കുന്ന കുട്ടിയാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. തന്റെ 21-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും വലിയ മൾട്ടിനാഷണൽ കോർപ്പറേഷനുകളിലൊന്നിൽ (എംഎൻസി) തന്റെ പ്രൊഫഷണൽ കരിയറിന് ആരംഭം കുറിക്കുകയാണ് സന ഗാംഗുലി.

ഇന്റേൺഷിപ്പ് സൂപ്പർ സ്‌റ്റാർ എന്ന വിളിപ്പേരും ഇതിനകം തന്നെ ഈ മിടുക്കി സ്വന്തമാക്കി കഴിഞ്ഞു. പിതാവ് തീർത്ത വഴിയിൽ നിന്ന് മാറി സാമ്പത്തിക മേഖലയുടെ അനന്തമായ സാധ്യതകൾ ലക്ഷ്യമാക്കിയാണ് ഈ പെൺകുട്ടിയുടെ യാത്ര. അതിപ്പോൾ എത്തി നിൽക്കുന്നതാവട്ടെ പിഡബ്ള്യുസി എന്ന മഹാ പ്രസ്ഥാനത്തിന് മുൻപിലും.
മികച്ച നൃത്ത പ്രകടനങ്ങളുടെ പേരിലും, ആകർഷകമായ ബേബി ഫോട്ടോഗ്രാഫുകളുടെ പേരിലും ആരാധകർക്ക് സുപരിചിതയായ സന അടുത്തിടെയാണ് യുകെയിലെ തന്നെ ഏറ്റവും പ്രശസ്‌തമായ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബിരുദം നേടിയിരുന്നു. ഫിനാൻഷ്യൽ മേഖലയിൽ തന്നെ കരിയർ മുന്നോട്ട് കൊണ്ട് പോവാനാണ് സനയുടെ തീരുമാനം.
യുസിഎൽ ബിരുദ പഠന വേളയിൽ തന്നെ സന കാമ്പസ് കമ്പനിയായ എനാക്‌റ്റസിലെ മുഴുവൻ സമയ ജോലിയിൽ മുഴുകിയിരുന്നു. കൂടാതെ, എച്ച്എസ്ബിസി, കെപിഎംജി, ഗോൾഡ്മാൻ സാച്ച്സ്, ബാർക്ലേസ്, ഐസിഐസിഐ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി പരിചയവും സ്വന്തമാക്കി. ഈ വിപുലമായ അനുഭവ സമ്പത്ത് സനയുടെ ഭാവി ഉദ്യമങ്ങൾക്കുള്ള ബയോഡാറ്റയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.
ബിരുദപഠനം പൂർത്തിയാകാറായപ്പോൾ, സന ഏറ്റവും വലിയ ബഹുരാഷ്ട്ര കമ്പനികളിൽ ഒന്നായ ആഗോളതലത്തിൽ അറിയപ്പെടുന്ന പിഡബ്ള്യുസിയിൽ ഒരു ഇന്റേൺഷിപ്പ് ആരംഭിച്ചു. പിഡബ്ള്യുസി അവരുടെ വിദഗ്‌ധ തൊഴിലാളികൾക്ക് വാഗ്‌ദാനം ചെയ്യുന്ന ഇന്റേൺഷിപ്പ് പാക്കേജ് പ്രതിവർഷം 30 ലക്ഷം രൂപ വരെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തന്റെ പിഡബ്ല്യുസി ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, സന തന്റെ ശ്രദ്ധ മറ്റൊരു കോർപ്പറേറ്റ് ഭീമനായ ഡെലോയിറ്റിലേക്ക് മാറ്റിയിരുന്നു. ഈ വർഷം ജൂണിൽ അവളുടെ ഇന്റേൺഷിപ്പ് ആരംഭിക്കുന്നത്, അത് സെപ്റ്റംബർ വരെ നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് താര പുത്രിമാരിൽ നിന്ന് വ്യത്യസ്‌തമായി കഠിനാധ്വാനവും, കഴിവും കൊണ്ട് വാർത്തകളിൽ ഇടം നേടുന്ന സനയെ ആരാധകരും പുകഴ്ത്തുകയാണ്.












Click it and Unblock the Notifications