ചെത്തി പറക്കാൻ 4100 കോടി ചെലവഴിച്ചയാൾ; ഈ സൗദി രാജകുമാരൻ സമ്പത്തിൽ അംബാനിക്കും അദാനിക്കും പിന്നിൽ
ലോകത്തിലെ ഏറ്റവും വിലയേറിയതും, ആഡംബരം കൂടിയതുമായ സ്വകാര്യ ജെറ്റ് ആരുടെ സ്വന്തമാണ് എന്ന കാര്യത്തിൽ പലർക്കും സംശയം ഉണ്ടാകും. അതിസമ്പന്നരായ ഇലോൺ മസ്‌കും, മുകേഷ് അംബാനിയും, അദാനിയുമൊക്കെ നിൽക്കുമ്പോൾ ഇവരിൽ ഒരാളുടെ സ്വന്തമായിരിക്കും ഇതെന്ന ചിന്ത സ്വാഭാവികമായി നമ്മുടെ ഉള്ളിൽ വന്നുപോകും. എന്നാൽ ഉത്തരം അതല്ല, ഈ നേട്ടത്തിനുടമ സൗദിയിലെ ഒരു രാജകുമാരനാണ്.
ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ വിമാനത്തിന്റെ ഉടമ ലോകത്തിന് അത്ര പരിചിതനായ ഒരു വ്യക്തിയല്ല, സൗദി അറേബ്യൻ രാജകുമാരനും വ്യവസായിയുമായ അൽ വലീദ് ബിൻ തലാൽ അൽ സൗദ് ആണ് ഈ നേട്ടം മറ്റ് ശത കോടീശ്വരൻമാർക്ക് പോലും തൊടാനാവാത്ത അകലത്തിൽ സ്വന്തമാക്കി സൂക്ഷിച്ചിരിക്കുന്നത്. മിഡിൽ ഈസ്‌റ്റേൺ രാജകുടുംബത്തിലെ അംഗമാണ് തലാൽ.

അൽവലീദ് ബിൻ തലാൽ അൽ സൗദിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റിന് ഏകദേശം 500 മില്യൺ ഡോളർ വിലവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 4100 കോടിയോളം രൂപ. അംബാനിയ്ക്കും ടാറ്റയ്ക്കും ഒക്കെ സ്വന്തമായി സ്വകാര്യ ജെറ്റുകൾ ഉണ്ടെങ്കിലും, അവയുടെ ഒന്നും മൂല്യം ഇതിനടുത്ത് പോലും വരില്ല എന്നതാണ് യാഥാർഥ്യം.
പ്രമുഖ ബിസിനസുകാരനായ അൽ വലീദ് ബിൻ തലാൽ അൽ സൗദ് തന്റെ ഇഷ്ട്രപകാരം മാറ്റിയത് ബോയിംഗ് 747 വിമാനമാണ്. ഈ മോഡലിന് പൊതുവേ 150 മുതൽ 200 മില്യൺ ഡോളർ വരെയാണ് വില വരാറുള്ളത്. എന്നാൽ വലീദിന്റെ ഇഷ്‌ടപ്രകാരം നവീകരിച്ച സ്വകാര്യ വിമാന മോഡലിന് ഏകദേശം 500 മില്യൺ ഡോളറോളം വില വരും.
വില മാത്രമല്ല, വലീദിന്റെ സ്വകാര്യ ജെറ്റിലെ സൗകര്യങ്ങളും നിങ്ങളെ ഞെട്ടിക്കുന്നതാണ്. ഈ സ്വകാര്യ വിമാനത്തിൽ 800 അതിഥികളെ ഉൾക്കൊള്ളാൻ കഴിയും. 10 സീറ്റുകളുള്ള ഡൈനിംഗ് ഹാൾ, സമൃദ്ധമായ മാസ്‌റ്റർ സ്യൂട്ട്, പ്രാർത്ഥനാ മുറി, ഹോം തിയറ്റർ സിസ്‌റ്റം, സ്‌പാ, സ്റ്റീം ബാത്ത് അടക്കമുള്ള സേവനങ്ങളും ഈ വിമാനത്തിൽ ലഭ്യമാണ് എന്നതാണ് പ്രത്യേകത.
അതേസമയം, അൽ വലീദ് ബിൻ തലാൽ അൽ സൗദിന്റെ നിലവിലെ ആസ്‌തി 1.55 ലക്ഷം കോടി രൂപയാണെന്ന് ഫോർബ്‌സ് മാസിക കണക്കാക്കുന്നു. ഇത് ഇന്ത്യയിലെ കോടീശ്വരൻമാരായ അംബാനി, അദാനി, ടാറ്റ എന്നിവരേക്കാൾ കുറവാണെന്നതാണ് വസ്‌തുത. ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ബോയിംഗ് ബിസിനസ് ജെറ്റ് 2ന്റെ മൂല്യം ഏകദേശം 603 കോടിയാണ്.
ഹോക്കർ ബീച്ച്ക്രാഫ്റ്റ് 850എക്‌സ്‌പി, എംബ്രയർ ലെഗസി 650, ബൊംബാർഡിയർ ചലഞ്ചർ 605 മോഡലുകൾ ഉൾപ്പെടെ നിരവധി സ്വകാര്യ വിമാനങ്ങൾ അദാനി ഗ്രൂപ്പിന്റെ ഉടമയായ ഗൗതം അദാനിയുടെ പക്കലുണ്ട്. രത്തൻ ടാറ്റയ്ക്ക് 200 കോടിയിലധികം വിലമതിക്കുന്ന സ്വകാര്യ ജെറ്റ് സ്വന്തമായുണ്ട്. ഇലോൺ മസ്‌ക്, ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ് എന്നിവർക്കും സ്വന്തമായി സ്വകാര്യ ജെറ്റുകളുണ്ട്.












Click it and Unblock the Notifications