മകള്‍ക്കായി ജീവിതം മാറ്റിവെച്ചു; അന്‍പതുകാരിയായ അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിച്ച് മകള്‍!!
ദില്ലി: സ്വന്തം മകള്‍ക്കായി ജീവിതം മുഴുവന്‍ മാറ്റിവെക്കുക, അങ്ങനെയൊരു അമ്മയ്ക്ക് എന്തായാരിക്കും ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ കാര്യം. ചിലപ്പോള്‍ അവരുടെ ജീവിതത്തില്‍ അത്തരം ആഗ്രഹങ്ങളൊന്നും ഉണ്ടാവില്ല. എന്നാല്‍ അമ്മയുടെ ജീവിതത്തില്‍ സന്തോഷം വേണമെന്ന ചിന്തയില്‍ മകള്‍ ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അമ്മയെ അന്‍പതാം വയസ്സില്‍ വിവാഹം കഴിപ്പിച്ചിരിക്കുകയാണ് മകള്‍. അമ്മ തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മകള്‍ ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

IMAGE CREDIT: beachbum_deb instagram
വളരെ ചെറുപ്പത്തില്‍ ഷില്ലോങുകാരിയായ ദേബ് ആരതി റിയാ ചക്രവര്‍ത്തിക്ക് പിതാവിനെ നഷ്ടപ്പെട്ടിട്ടുണ്ട്. അവിടെ നിന്നാണ് റിയയെ അമ്മ വളര്‍ത്തികൊണ്ടുവന്നത്. ഇന്ന് നല്ലൊരു നിലയില്‍ എത്തിയ യുവതി അമ്മയ്ക്ക് എന്താണ് തിരികെ കൊടുക്കുക. അങ്ങനൊരു കാര്യത്തിലാണ് ഈ മകളുടെ സ്‌നേഹം ലോകത്തിന് തന്നെ മനസ്സിലായിരിക്കുന്നത്. രണ്ടാം വയസ്സിലാണ് റിയക്ക് പിതാവിനെ നഷ്ടമാകുന്നത്. ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്നായിരുന്നു ഇയാള്‍ മരിച്ചത്. അറിയപ്പെടുന്ന ഡോക്ടറായിരുന്നു റിയയുടെ പിതാവ്.

അച്ഛന്‍ മരിക്കുമ്പോള്‍ റിയയുടെ അമ്മ മൗഷുമി ചക്രവര്‍ത്തിക്ക് ആകെ 25 വയസ്സ് മാത്രമാണ് പ്രായം. രണ്ട് വയസ്സുള്ള മകളെയും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥിലായിരുന്നു അവര്‍. പിതാവ് മരിച്ച ശേഷം കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ വലിയ തര്‍ക്കം കടന്നുവന്നുവെന്ന് റിയ വെളിപ്പെടുത്തുന്നു. തന്റെ അമ്മ അന്ന് അധ്യാപികയായിരുന്നുവെന്ന് റിയ പറയുന്നു. തര്‍ക്കം കാരണം അമ്മ അവരുെട സ്വന്തം സ്ഥലത്തേക്ക് മാറി താമസിക്കുകയായിരുന്നുവെന്നും റിയ വെളിപ്പെടുത്തി.

IMAGE CREDIT: beachbum_deb instagram
പിതാവിന്റെ മരണശേഷം അമ്മ ഒരുപാട് കഷ്ടപ്പെട്ടു. എന്നെ വളര്‍ത്തി വലുതാക്കി, നല്ലൊരു നിലയില്‍ എത്തിക്കുകയായിരുന്നു അമ്മയുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് റിയ പറയുന്നു. നിലവില്‍ മുംബൈയില്‍ ഫ്രീലാന്‍സ് ടാലന്റ് മാനേജറാണ് റിയ. അമ്മ സ്വപ്‌നം കണ്ടത് പോലെ മകള്‍ നല്ല നിലയില്‍ തന്നെ എത്തിയിരിക്കുകയാണ്. എന്നാല്‍ അമ്മയുടെ ഈ ജീവിതം വെറുതെ കളയരുതെന്ന് പണ്ടേ താന്‍ പറയുമായിരുന്നുവെന്ന് റിയ പറയുന്നു. രണ്ടാമതൊരു വിവാഹം കഴിക്കുന്ന കാര്യം അമ്മയോട് എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് റിയ പറഞ്ഞു.

അമ്മ പക്ഷേ ഒരിക്കല്‍ പോലും രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഞാന്‍ വീണ്ടും വിവാഹം ചെയ്താല്‍, നിനക്ക് എന്ത് സംഭവിക്കുമെന്നായിരുന്നു അമ്മ പണ്ടേ ചോദിച്ചിരുന്നതെന്ന് റിയ പറയുന്നു. ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യത്തില്‍ അമ്മയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചത്. ഒരാളോട് സൗഹൃദം സ്ഥാപിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. അതിന് ശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കാമെന്നും പറഞ്ഞു. ചാറ്റ് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. പിന്നീടാണ് സുഹൃത്തായി മാറിയത്. പിന്നീട് അമ്മയോട് ആ വ്യക്തിയെ ജീവിത പങ്കാളിയാക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നുവെന്ന് റിയ പറഞ്ഞു.

താന്‍ ജീവിതത്തില്‍ ഇത്രയും ബോള്‍ഡും, ആത്മവിശ്വാസവും നിറഞ്ഞൊരു സ്ത്രീയെ കണ്ടിട്ടില്ലെന്ന്, അമ്മയുടെ വിവാഹ ദിന ചിത്രങ്ങള്‍ പങ്കുവെച്ച് റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എന്നെ എല്ലാ ദിവസവും അമ്മ പ്രചോദിപ്പിക്കുന്നു. ഇന്ന് ഞാന്‍ എന്താണോ, അതെല്ലാം സാധ്യമായത് അമ്മയിലൂടെയാണ്. നിങ്ങളുടെ സ്‌നേഹവും സന്തോഷവും മാത്രമാണ് എനിക്ക് കാണേണ്ടത്. ജീവിതത്തില്‍ ഏറ്റവും നല്ലത് മാത്രം നിങ്ങള്‍ക്ക് സംഭവിക്കട്ടെയെന്നും റിയ പോസ്റ്റില്‍ പറയുന്നു.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
അതേസമയം മൗഷുമി അന്‍പതുകാരനായ സ്വപന്‍ എന്നയാളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു വിവാഹം. സ്വപന്റെ ആദ്യ വിവാഹമാണിത്. തന്റെ അമ്മയുടെ ജീവിതം വിവാഹത്തിന് ശേഷം ആകെ മാറിയെന്നും, അവര്‍ ആകെ സന്തോഷത്തിലാണെന്നും റിയ പറഞ്ഞു. എല്ലാ കാര്യത്തിലും അവര്‍ നേരത്തെ രോഷാകുലയാവുമായിരുന്നു. പരാതികളുണ്ടായിരുന്നു അവര്‍ക്ക് ജീവിതത്തില്‍. എന്നാല്‍ ഇപ്പോള്‍ അമ്മ ജീവിതം ആസ്വദിക്കുകയാണെന്നും റിയ പറഞ്ഞു.












Click it and Unblock the Notifications