എൽ ഗോർഡോ; ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുത്തു: സമ്മാനം 22300 കോടി
ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ലോട്ടറികളൊന്നായ സ്പെയിനിലെ പരമ്പരാഗത ക്രിസ്മസ് ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. മാഡ്രിഡിലെ ടീട്രോ റിയൽ ഓപ്പറ ഹൗസിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ നറുക്കെടുപ്പിൽ മാഡ്രിഡിലെ സാൻ ഇൽഡെഫോൻസോ സ്‌കൂളിലെ കുട്ടികളാണ് ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കാളിയായ ലോട്ടറിയിലെ വിജയികളെ പ്രഖ്യാപിക്കുന്നത്.
എൽ ഗോർഡോ എന്നറിയപ്പെടുന്ന ഈ ലോട്ടറി നറുക്കെടുപ്പിലൂടെ ഏകദേശം 2.5 ബില്യണ്‍ യൂറോയാണ് ആകെ സമ്മാനമായി ക്രിസ്മസ് കാലത്ത് ആളുകളിലേക്ക് എത്തുന്നത്. അതായത് ഏകദേശം ഇരുപത്തി രണ്ടായിരത്തി മുന്നൂറ് കോടിക്ക് മുകളിൽ രൂപയാണ് സമ്മാനത്തുക. ഈ ലോട്ടറി നറുക്കെടുപ്പിലൂടെയാണ് പതിറ്റാണ്ടുകളായി സ്പെയിനിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

20 യൂറോയാണ് (എകദേശം 1757 രൂപ) ഒരു എല്‍ ഗോർഡോ ലോട്ടറിയുടെ വില. ടിക്കറ്റ് എടുക്കുന്നവരില്‍ ഇരുപതിനായിരത്തോളം പേർക്ക് സമ്മാനം നല്‍കുന്ന ലോട്ടറിയെന്ന പ്രത്യേകതയും എല്‍ ഗോർഡോയ്ക്കുണ്ട്. 400,000 യൂറോയാണ് (3.5 കോടി രൂപ) ഒരു ജേതാവിന് ലഭിക്കുന്ന പരമാവധി സമ്മാനത്തുക. ഏറ്റവും കുറഞ്ഞ സമ്മാനം 100 യൂറോയും.

എവിടുത്തെ പോലേയും സ്പെയ്നിലും ലോട്ടറികള്‍ക്ക് നികുതിയുണ്ട്. എന്നാല്‍ അത് ഇവിടുത്തെ അത്രയില്ലതാനും. അതുകൊണ്ട് തന്നെ 400,000 യൂറോയുടെ സമ്മാനം ലഭിക്കുന്ന ഒരാള്‍ക്ക് നികുതി കിഴിച്ച് 325,000 യൂറോ വിജയിക്ക് ലഭിക്കും. അതുപോലെ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചവർക്ക് നികുതിയില്ലാതെ മുഴുവന്‍ തുകയും ലഭിക്കും.

സ്പെയിനിന്റെ പാരമ്പര്യവുമായി ഏറെ അടുത്ത് നില്‍ക്കുന്ന ഒരു ബന്ധം കൂടി എല്‍ ഗോർഡോ ലോട്ടറിക്കുണ്ട്. എല്ലാ വർഷവും ക്രിസ്‌മസിന് മുന്നോടിയായി എൽ ഗോർഡോ ടിക്കറ്റുകൾ സമ്മാനമായി വാങ്ങി ബന്ധുക്കൾക്കിടയിലും, സുഹൃത്തുക്കൾക്കിടയിലും കൈമാറുന്ന ചടങ്ങും ഇവിടെ നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള വില്‍പ്പനയാണ് ഈ ലോട്ടറി ടിക്കറ്റിനുള്ളത്.
Christmas Day 2022: ജനുവരി 7 നുമുണ്ട് ക്രിസ്തുമസ്: അറിയാം ചില ക്രിസ്തുമസ് കൗതുകങ്ങള്‍

രണ്ടര നൂറ്റാണ്ടിന്റെ ചരിത്രമാണ് എല്‍ ഗോർഡോ ലോട്ടറിക്കുള്ളത്. 1763 ലാണ് ആദ്യ എൽ ഗോർഡോ ലോട്ടറി നടപ്പിലാക്കുന്നത്. അന്ന് രാജ്യം ഭരിച്ച കാർലോസ് മൂന്നാമൻ രാജാവിന്‍റെ ഭരണകാലത്താണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി എൽ ഗോർഡോ ലോട്ടറി എന്ന ആശയം നടപ്പിലാക്കിയത്. പിന്നീട് ചാരിറ്റി പ്രവർത്തനം എന്നതില്‍ ഉപരി സർക്കാറിനുള്ള ഒരു വരുമാന മാർഗ്ഗമായും ഈ ലോട്ടറി മാറി .ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്‍റെ ഒരു വിഹിതം സർക്കാർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇപ്പോഴും വിനിയോഗിക്കുന്നുണ്ട്.

അതേസമയം, കേരളത്തിലും ക്രിസ്മസ്-ന്യൂഇയർ ബംമ്പർ ലോട്ടറിയുടെ വില്‍പ്പന മികച്ച രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓണം ബംപറിന് സമാനമായി ഇത്തവണ ക്രിസ്തുമസ്-പുതുവത്സര ബംപർ സമ്മാനത്തുകയും ലോട്ടറി വകുപ്പ് ഉയർത്തിയിട്ടുണ്ട്. നേരത്തെ 12 കോടിയായിരുന്ന ബംപറിന് ഇക്കുറി 16 കോടിയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കും ലഭിക്കും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആകെ സമ്മാനത്തുകകളുടെ എണ്ണവും ഇത്തവണ ഉയർത്തിയിട്ടുണ്ട്. 400 രൂപ വിലയുള്ള ടിക്കറ്റിന് ആകെ മൂന്ന് ലക്ഷത്തി എൺപത്തി എട്ടായിരത്തി എണ്ണൂറ്റി നാല്പത് സമ്മാനങ്ങളാണ് ഉള്ളത്. 2023 ജനുവരി 19 നാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ക്രിസ്മസ്- പുതുവത്സര ഭാഗ്യക്കുറിയുടെ ബംപര്‍ സമ്മാനമായ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനായിരുന്നു ലഭിച്ചത്. XG 218582 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3 കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമായിരുന്നു നല്‍കി.












Click it and Unblock the Notifications