'ജോലി വേണം, അച്ഛനേം അമ്മേം ഹെൽപ് ചെയ്യണം..'; കരച്ചിലടക്കി പ്രണവ് പറഞ്ഞതിന് യൂസഫലിയുടെ മറുപടി ഇതായിരുന്നു...
പാലക്കാട് മിനി ഷോപ്പിങ് മാൾ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു ലുലു ഗ്രൂപ്പ് എംഡിയായ എംഎ യൂസഫലി. ഇവിടേക്കാണ് രണ്ട് കൈകളുമില്ലാത്ത പാലക്കാട് സ്വദേശിയായ പ്രണവ് എത്തിയത്. യൂസഫലിയെ ഒന്ന് കാണണം, സെൽഫിയെടുക്കണം ഇത്രയേ പ്രണവിന് ആഗ്രഹമുണ്ടായിരുന്നുള്ളൂ. ഒടുവിൽ അതിനുള്ള അവസരവും ആ ചെറുപ്പക്കാരന് വന്നെത്തി.
യൂസഫലിക്കൊപ്പം സെൽഫിയെടുക്കുമ്പോൾ പ്രണവിന്റെ കണ്ണിലൊരു തിളക്കമുണ്ടായിരുന്നു, പ്രണവിനൊപ്പം കസേരയിൽ ഇരുന്ന് വേണ്ടത്ര സെൽഫിക്ക് അദ്ദേഹം അവസരം ഒരുക്കി കൊടുത്തു. പെട്ടന്നായിരുന്നു പ്രണവ് യൂസഫലിയോട് ഒരു സഹായം ചോദിച്ചത്.

'എനിക്ക് സാറിന്റെ വലിയൊരു ഹെൽപ് വേണം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമെന്ന് പറഞ്ഞാൽ ഒരു ജോലിയില്ല എന്നതാണ്. എനിക്കൊരു ജോലി കിട്ടിയിട്ട് അച്ഛനേം അമ്മേം ഹെൽപ് ചെയ്യണം.' ഇത്രയും പറഞ്ഞപ്പോഴേക്കും പ്രണവിന് കരച്ചിലടക്കാനായില്ല. തന്റെ മുൻപിൽ ഇരിക്കുന്ന മനുഷ്യന് തന്നെ സഹായിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം കൊണ്ടാവാം ആ ചെറുപ്പക്കാരൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വ്യഥ തുറന്നുപറഞ്ഞത്.
'എന്ത് ജോലി ചെയ്യാൻ കഴിയും..?' യൂസഫലിയുടെ മറുചോദ്യം പെട്ടെന്നായിരുന്നു. എന്തും ചെയ്യാമെന്നായിരുന്നു പ്രണവിന്റെ മറുപടി. ആ നിശ്ചയ ദാർഢ്യവും, വാക്കുകളിലെ ആത്മവിശ്വാസവും തിരിച്ചറിഞ്ഞത് കൊണ്ടാവാം എംഎ യൂസഫലി ഉടൻ ശരിയാക്കാമെന്ന് ഉറപ്പ് നൽകിയത്.
ഉടൻ തന്നെ ജീവനക്കാരനോട് പ്രണവിന് ചെയ്യാനാകുന്ന ജോലി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു എംഎ യൂസഫലി. അടുത്ത തവണ മാളില്‍ വരുമ്പോള്‍ പ്രണവ് മാളില്‍ ജോലി ചെയ്യുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താൻ കാലുകൊണ്ട് വരച്ച യൂസഫലിയുടെ ചിത്രവും അദ്ദേഹത്തിന് നല്‍കിയാണ് പ്രണവ് മടങ്ങിയത്.
അതേസമയം, ഇന്നലെയായിരുന്നു ലുലു ഗ്രൂപ്പിന്റെ പാലക്കാട്ടെ മിനി ഷോപ്പിങ് മാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പാലക്കാട് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അൽപം മാറി കൊച്ചി-സേലം ദേശീയ പാതയോട് ചേര്‍ന്ന് കണ്ണാടിയിലാണ് പുതിയ മാൾ പണിതിരിക്കുന്നത്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണത്തിലാണ് ഇതിന്റെ നിർമാണം നടത്തിയത്.
ഒരു ലക്ഷം ചതുരശ്രയടി വരുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍, ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, മത്സ്യം, ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. പുറമെ നിന്ന് എത്തിച്ചത് അല്ലാതെ കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറി, പഴം, പാല്‍ ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് ഉപഭോക്താക്കൾക്ക് വാങ്ങാനാവും എന്നതാണ് സവിശേഷത.












Click it and Unblock the Notifications