തട്ടിപ്പിനായി വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോട്ടറിയെടുത്തു, യുവാവിന് കിട്ടിയത് 41 ലക്ഷം
വാഷിംഗ്ടണ്‍: ഭാഗ്യം ഒരാളുടെ ജീവിതത്തിലേക്ക് എപ്പോഴാണ് കടന്നുവരുന്നതെന്ന് പലപ്പോഴും പറയാന്‍ സാധിക്കില്ല. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ഭാഗ്യം തേടി വരിക. എന്നാല്‍ ആവശ്യമുള്ള സമയത്ത് ചിലപ്പോള്‍ ലഭിച്ചെന്നും വരില്ല. എന്നാല്‍ അമേരിക്കയിലെ ഒരു യുവാവിന് തന്നെ തേടി വന്ന ദൗര്‍ഭാഗ്യം ഉപയോഗിച്ച് വലിയ നേട്ടം കൊയ്തിരിക്കുകയാണ്.
വമ്പന്‍ ലോട്ടറിയാണ് ഇയാള്‍ക്ക് ഇപ്പോള്‍ അടിച്ചിരിക്കുന്നത്. അതിലൂടെ ലക്ഷങ്ങളാണ് ഈ യുവാവിന് ലഭിക്കുക. മേരിലാന്‍ഡ് ലോട്ടറിയില്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നയാളാണ് ഈ യുവാവ്. സ്ഥിരമായി ചില നമ്പറുകളും ലോട്ടറിയെടുക്കാനായി ഇയാള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ജീവിതത്തിലെ ഭാഗ്യമായി മാറിയിട്ടില്ലായിരുന്നു.

സാധാരണ ലൈസന്‍സ് പ്ലേറ്റുകളില്‍ നിന്നുള്ള നമ്പറുകള്‍, പിറന്നാള്‍ തിയതികള്‍ എന്നിവയായിരുന്നു യുവാവ് ടിക്കറ്റെടുക്കാനായി ഉപയോഗിക്കാറുണ്ടായിരുന്നത്. സ്ഥിരമായി താന്‍ ഒരു പാറ്റേണ്‍ പിന്തുടര്‍ന്നിരുന്നതായി യുവാവ് മേരിലാന്‍ഡ് ലോട്ടറി അധികൃതരോട് പറഞ്ഞു. എന്നാല്‍ ജൂലായ് ഇരുപതിന് ശേഷം ഈ രീതിക്ക് മാറ്റം വരികയായിരുന്നു.
പണം തട്ടാനായി തന്നെ വിളിച്ചയാളുടെ നമ്പറുകളാണ് ലോട്ടറിയെടുക്കാനായി ഉപയോഗിച്ചതെന്ന് യുവാവ് വ്യക്തമാക്കി. തുടര്‍ച്ചയായി ഒരു നമ്പറില്‍ നിന്ന് പണം ആവശ്യപ്പെട്ട് ടെക്സ്റ്റ് മെസേജുകള്‍ വന്നുകൊണ്ടിരുന്നു. ഇത് ആകെ ബുദ്ധിമുട്ടിച്ച് തുടങ്ങിയപ്പോഴാണ് യുവാവിന് പുതിയൊരു ആശയം മനസ്സില്‍ തോന്നിയത്.
തുടര്‍ച്ചയായ മെസേജുകളോടെ ആ നമ്പര്‍ മനസ്സില്‍ പതിഞ്ഞിരുന്നുവെന്ന് യുവാവ് പറഞ്ഞു. മെസേജിന് പുറമേ കോളുകളും നിരന്തരം വന്നിരുന്നു. ഇതോടെ തട്ടിപ്പുകാരന്റെ നമ്പര്‍ ഗുണകരമായി ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവാവ് ലോട്ടറി അധികൃതരോട് പറഞ്ഞു.
ഇതിലുള്ള ചില നമ്പറുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറുകള്‍ക്ക് പകരം ഉപയോഗിക്കുകയായിരുന്നു ഇയാള്‍. ആ തീരുമാനം വലിയ ഭാഗ്യമാണ് കൊണ്ടുവന്നതെന്ന് യുവാവ് പറഞ്ഞു. മേരിലാന്‍ഡ് ലോട്ടറിയുടെ പിക് 5 ടിക്കറ്റിലൂടെയാണ് യുവാവിനെ തേടി വന്‍ ഭാഗ്യമെത്തിയത്. സാലിസ്ബറിയിലെ വാള്‍മാര്‍ട്ടില്‍ നിന്നാണ് ഈ ടിക്കറ്റ് യുവാവ് വാങ്ങിയത്.
50000 യുഎസ് ഡോളറാണ് യുവാവിന് സമ്മാനമായി അടിച്ചത്. 41 ലക്ഷം രൂപയില്‍ അധികം വരും ഇത്. തന്റെ കടങ്ങളെല്ലാം അടച്ചുതീര്‍ക്കാന്‍ ഈ പണത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുമെന്ന് യുവാവ് പറഞ്ഞു. ബാക്കിയുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുമെന്നും യുവാവ് വ്യക്തമാക്കി.
നേരത്തെ മേരിലാന്‍ഡ് ലോട്ടറിയില്‍ ഒരു വയോധികനും വമ്പന്‍ സമ്മാനം അടിച്ചിരുന്നു. സ്‌ക്രാച്ച് ഓഫ് ടിക്കറ്റില്‍ ഒരു ബില്യണാണ് ഇയാള്‍ക്ക് സമ്മാനമായി അടിച്ചത്. ലോട്ടറിയെടുക്കാന്‍ മനസ്സില്‍ തോന്നിയപ്പോഴാണ് ടിക്കറ്റെടുത്തത്. ഇതില്‍ സമ്മാനം നേടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് വയോധികന്‍ പറഞ്ഞു.












Click it and Unblock the Notifications