വിരാട് കോഹ്ലിയുടെ പുത്തൻ ഹെയർ സ്‌റ്റൈലിന്റെ ചിലവെത്ര? കുറഞ്ഞത് ഒരു ലക്ഷമോ, സ്‌റ്റൈലിസ്‌റ്റ് പറയുന്നത് ഇത്ര
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. ശരിക്കും ഇന്ത്യയിൽ എന്നല്ല ലോകത്തിൽ തന്നെ ഇപ്പോൾ ഏറ്റവുമധികം ആരാധകരുള്ള താരം തന്നെയാണ് വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ വസ്ത്രധാരണവും രൂപ മാറ്റവും ഒക്കെ എന്നും ആരാധകർക്ക് ഇടയിൽ വലിയ ചർച്ചാ വിഷയമാണ്. ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ കോടിക്കണക്കിന് ഫാൻസ് ഉള്ള കോഹ്ലി ചില വ്യത്യസ്‌തകളും ഇടയ്ക്ക് പരീക്ഷിക്കാറുണ്ട്.
ഇപ്പോഴിതാ ഐപിഎൽ പതിനേഴാം സീസണിൽ അത്തരമൊരു രൂപ മാറ്റവുമായാണ് കോഹ്ലി എത്തിയത്. ആദ്യം പലർക്കും കാര്യം പിടി കിട്ടിയിരുന്നില്ല. എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോഴാണ് കോഹ്‌ലിയുടെ ഹെയർ സ്‌റ്റൈലിലെ മാറ്റം പ്രകടമായത്. ഇതോടെ ആരാധകർ ഈ ലുക്കിനെ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ ഈ ഹെയർസ്‌റ്റൈലിന്റെ ചിലവിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ഹെയർ ഡ്രസറും, ഒട്ടേറെ ആരാധകർ ഉള്ളയാളുമായ ആലിം ഹക്കീം. വിരാട് കോഹ്‌ലിയുടെ മാത്രമല്ല മറ്റൊരു മുതിർന്ന ഇന്ത്യൻ താരമായിരുന്ന എംഎസ് ധോണിയുടെയും ഹെയർ ഡ്രസർ കൂടിയാണ് ആലിം ഹക്കീം. താൻ ഈ സേവനത്തിന് ഈടാക്കുന്ന തുകയെ കുറിച്ച് അദ്ദേഹം മനസ് തുറക്കുകയുണ്ടായി.
വിരാട് കോഹ്‌ലിയുടെ ഹെയർസ്‌റ്റൈലിനായി താൻ എത്ര രൂപ ഈടാക്കിയെന്ന് നേരിട്ട് വെളിപ്പെടുത്തുന്നില്ലെങ്കിലും ഹക്കിം ഒരു ഏകദേശ സൂചന നൽകിയിട്ടുണ്ട്. "എന്റെ ഫീസ് വളരെ ലളിതമാണ്, ഞാൻ എത്ര തുക ഈടാക്കുമെന്ന് എല്ലാവർക്കും അറിയാം. ഇത് ഒരു ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. അതാണ് എന്റെ ഏറ്റവും കുറഞ്ഞ തുക" എന്നായിരുന്നു അദ്ദേഹം ബ്രൂട്ട് ഇന്ത്യയോട് പറഞ്ഞത്.
"മഹി സാറും വിരാടും എന്റെ വളരെ പഴയ സുഹൃത്തുക്കളാണ്, അവർ വളരെക്കാലമായി മുടിവെട്ടാൻ എന്റെ അടുത്തേക്കാണ് വരാറുള്ളത്. ഐപിഎൽ വരുന്നതിനാൽ, ഞങ്ങൾ രസകരമായതും വ്യത്യസ്‌തവുമായ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കൂടാതെ വിരാടിന് എപ്പോഴും ഇത് നമ്മൾ പരീക്ഷിക്കണം, അടുത്ത തവണ എന്തായാലും നോക്കണം എന്നൊക്കെ പറയാറുണ്ട്" ഹക്കിം പറഞ്ഞു.
അതേസമയം, കോഹ്‌ലിയുടെ ഹെയർ സ്‌റ്റൈലിന് ധാരാളം ആരാധകരാണ് ഇപ്പോൾ തന്നെ ഉണ്ടായിരിക്കുന്നത്. അതിനിടെയാണ് ആലിം ഹക്കീമിന്റെ തുറന്നുപറച്ചിൽ. കോഹ്‌ലിയുടെ ഹെയർ സ്‌റ്റൈലിന് എത്ര രൂപ ഈടാക്കുന്നുവെന്ന് അദ്ദേഹം തീർത്തു പറഞ്ഞിട്ടില്ലെങ്കിലും അതിൽ ഏകദേശ ധാരണ ഉണ്ടാക്കാൻ ഇടയുള്ള തന്റെ വരുമാനം വ്യക്തമാക്കി എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications