പിതാവ് സ്‌നേഹസമ്മാനമായി നല്‍കിയത് ലോട്ടറി, യുവാവിന്റെ ഭാഗ്യം, പോക്കറ്റിലെത്തിയത് 8 കോടി
വാഷിംഗ്ടണ്‍: ഒരാളുടെ ഭാഗ്യം എപ്പോഴാണ് മാറുന്നതെന്ന് പറയാനാവില്ല. ഒരു ലോട്ടറി കൊണ്ട് ജീവിതം തന്നെ മാറിയവരുണ്ട്. ഭാഗ്യം നമുക്കൊപ്പമുണ്ടെങ്കില്‍ ഏത് ലോട്ടറിയും അടിക്കുമെന്നാണ് പറയാറുള്ളത്. യുഎസ്സിലെ വിര്‍ജീനിയയിലുള്ള ഒരു യുവാവിനെ അതുപോലൊരു ഭാഗ്യം തുണച്ചിരിക്കുകയാണ്.
തന്റെ പിതാവാണ് ഭാഗ്യത്തിന് കാരണമെന്ന് പറയുകയാണ് ആരോണ്‍ ആന്‍ഡ്രൂസ് എന്ന ഈ യുവാവ്. ജീവിതത്തില്‍ വലിയൊരു സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ആരോണ്‍. അതുകൊണ്ട് സമ്മാനത്തുക കേട്ട് ശരിക്കും ഞെട്ടിപ്പോയെന്ന് പറയുകയാണ് യുവാവ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് താന്‍ ലോട്ടറി എടുക്കുന്നതെന്ന് യുവാവ് പറയുന്നു.

പിതാവ് തനിക്ക് സ്‌നേഹ സമ്മാനമായി നല്‍കിയ ടിക്കറ്റാണ് ഇപ്പോള്‍ ജീവിതം മാറ്റിമറിക്കുന്ന ഭാഗ്യമായി മാറിയിരിക്കുന്നത്. ആഴ്ച്ചയില്‍ ആയിരം ഡോളര്‍ എന്ന നിരക്കിലാണ് സമ്മാനം ലഭിക്കുക. ഇന്ത്യയില്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 83988 രൂപ ആഴ്ച്ചയില്‍ ആരോണിന് ലഭിക്കും. ഇക്കഴിഞ്ഞ ഏപ്രിലിലാണ് തന്റെ വിവാഹം കഴിഞ്ഞത്.
ഭാര്യയുമൊത്ത് പിതാവിന്റെ ബേസ്‌മെന്റിലാണ് താനിപ്പോള്‍ താമസിക്കുന്നതെന്ന് ആരോണ്‍ വിര്‍ജീനിയ ലോട്ടറിയോട് പറഞ്ഞു. ഓഗസ്റ്റ് മൂന്നിനാണ് പിതാവ് ഈ ടിക്കറ്റ് വാങ്ങിയത്. ക്യാഷ് 4 ലൈഫ് നറുക്കെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു ടിക്കറ്റ് വാങ്ങിയത്. തുടര്‍ന്ന് ആ ടിക്കറ്റ് തനിക്ക് സമ്മാനിക്കുകയായിരുന്നുവെന്നും ആരോണ്‍ പറഞ്ഞു.
തനിക്ക് ലഭിച്ച ലോട്ടറിയുടെ ആദ്യ അഞ്ച് നമ്പറുകളാണ് കൃത്യമായി വന്നത്. അതാണ് ആഴ്ച്ചയില്‍ ആയിരം ഡോളര്‍ ലഭിക്കാന്‍ കാരണം. ജീവിതകാലം മുഴുവന്‍ ഈ തുക ലഭിച്ച് കൊണ്ടിരിക്കും. എന്റെ പിതാവ് നല്ലൊരാളാണ്. എന്നെ നന്നായി നോക്കുന്നതില്‍ മാത്രമാണ് അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുന്നതെന്ന് ആന്‍ഡ്രൂസ് പറഞ്ഞു.
അതേസമയം ആരോണ്‍ പക്ഷേ തുക മുഴുവനായി വാങ്ങുകയാണ് ചെയ്തത്. ഒറ്റതവണ പേമെന്റാണിത്. ഇതോടെ ഒരു മില്യണ്‍ അദ്ദേഹത്തിന് ലഭിക്കും. എട്ട് കോടി രൂപയ്ക്ക് മുകളില്‍ വരുമിത്. ഈ പണം ലഭിച്ചതോടെ തന്റെ വലിയൊരു ആഗ്രഹമാണ് നടക്കാന്‍ പോകുന്നതെന്ന് ആരോണ്‍ പറയുന്നു. സ്വന്തമായി ഒരു വീട് തനിക്ക് വാങ്ങാന്‍ സാധിക്കുമെന്നും ആരോണ്‍ പറഞ്ഞു.
ട്രയാങ്കിളിലെ ഫുള്ളര്‍ ഹൈറ്റ്‌സ് റോഡിലെ പിജെ നെയ്ബര്‍ഹുഡ് വെറൈറ്റി സ്റ്റോറില്‍ നിന്നാണ് ആരോണിന്റെ പിതാവ് ഈ ടിക്കറ്റ് വാങ്ങിയത്. മകനെ ബേസ്‌മെന്റില്‍ നിന്ന് മാറാനും, പുതിയ വീട് വാങ്ങാനും ഈ ലോട്ടറി നേട്ടം സഹായിക്കുമെന്ന് പിതാവ് പറഞ്ഞു.
നേരത്തെ മസാചുസെറ്റ്‌സില്‍ താമസിക്കുന്ന ബ്രസീലുകാരനും ഇതുപോലെ ബംപര്‍ ലോട്ടറി അടിച്ചിരുന്നു. ഒരു മില്യണാണ് സമ്മാനമായി അടിച്ചത്. സ്‌ക്രാച്ച് ഓഫ് ടിക്കറ്റാണ് ഇയാള്‍ വാങ്ങിയത്. എയ്ല്‍ടണ്‍ ഫെരേര എന്ന യുവാവിനാണ് ഈ ഭാഗ്യം തേടിയെത്തിയത്. മസാചുസെറ്റ്‌സ് സ്റ്റേറ്റ് ലോട്ടറി ഓഫീസിലെത്തിയാണ് ഫെരേര ഈ തുക കൈപറ്റിയത്.












Click it and Unblock the Notifications