കേവലം 416 രൂപ മാറ്റിവയ്ക്കാനുണ്ടോ? കൈയിൽ കിട്ടുക രണ്ട് കോടിയിലധികം. പിപിഎഫ് പരീക്ഷിച്ചു നോക്കൂ...
നമ്മളിൽ ഭൂരിഭാഗം മാസത്തിലെ ചിലവുകൾക്ക് പ്രാധാന്യം കൽപിച്ചു ജീവിതം മുന്നോട്ട് നീക്കുന്നവരാണ്. എന്നാൽ ഇങ്ങനെയുള്ള ചിന്താഗതി കൊണ്ടുള്ള ഏറ്റവും വലിയ പ്രശ്‌നം ഭാവിയിലെ അനിശ്ചിതത്വം തന്നെയാണ്. നിങ്ങളുടെ റിട്ടയർമെന്റ് കാലം, അതല്ലെങ്കിൽ കുടുംബത്തിലെ മറ്റ് ചിലവുകൾ എന്നിവ വരുമ്പോൾ പലരും കൈമലർത്തുന്നത് നാം കാണാറുണ്ട്. എന്തെന്നാൽ കൃത്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ അവർ ശ്രമിച്ചില്ല എന്നതാണ് കാരണം.
ഇപ്പോഴും സമയം വൈകിയിട്ടില്ല, നിങ്ങൾക്ക് ഇത്തരത്തിൽ ഭാവിയെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടെങ്കിൽ തീർച്ചയായും ഗുണകരമാവുന്ന സേവിംഗ്‌സ് സ്‌കീമുകൾ ഒട്ടേറെയുണ്ട്. അതിൽ ദീർഘകാല നിക്ഷേപങ്ങളും അത് കൂടാതെ പരിമിത കാലത്തേക്കുള്ള ഹ്രസ്വ നിക്ഷേപങ്ങളും ഒക്കെയുണ്ടെന്നും നിങ്ങൾക്ക് അറിവുള്ള കാര്യമായിരിക്കും. എന്നാൽ അതിൽ വ്യത്യസ്‌തമായ ഒരു പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.

എന്താണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്?
കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ള ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. അതിന് ധാരാളം ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നതാണ് യാഥാർഥ്യം. എങ്കിലും ഈ പദ്ധതിയെ ആകർഷകമാകുന്ന ഘടകങ്ങളിൽ ഒന്ന് അതിന്റെ സുരക്ഷിതത്വം തന്നെയാണ്. അധികം റിസ്‌കില്ലാതെ നല്ല റിട്ടേൺ ലഭിക്കാൻ ഇതിലും മികച്ചൊരു അവസരം നിങ്ങൾക്ക് ലഭിക്കില്ല. എങ്കിലും ഈ പദ്ധതി അത്രത്തോളം ജനകീയമായി മാറിയിട്ടില്ല എന്നതും വസ്‌തുതയാണ്.
വെറും 416 രൂപ കൊണ്ട് കോടീശ്വരൻ ആവാൻ ഈ പദ്ധതിയിലൂടെ കഴിയും എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. അതിനായി നിങ്ങൾ ഒരു ദിവസം മാറ്റി വയ്‌ക്കേണ്ടത് 416 രൂപയാണെന്ന് ചുരുക്കം. എന്ന് വച്ചാൽ മാസത്തിൽ ഏകദേശം 12,500 രൂപ. അങ്ങനെയെങ്കിൽ നിലവിലെ പലിശ വച്ച് നിങ്ങൾ 35 വർഷത്തേക്ക് നിക്ഷേപം തുടർന്നാൽ മെച്യൂരിറ്റി തുക 2 കോടി കടക്കും.
ഇതൊക്കെയും ഇതിന്റെ ഗുണ വശങ്ങളാണ്, കൂടാതെ സർക്കാർ പദ്ധതി ആയതിനാൽ തന്നെ ഇതിന് മറ്റ് നിക്ഷേപ പദ്ധതികളായ ഓഹരി വിപണി, എസ്എപി പോലെയുള്ളവയ്ക്ക് ഉള്ളത് പോലെ റിസ്‌ക് ആവശ്യമില്ല. അതും മറ്റൊരു ഗുണമാണ്, കൂടാതെ എഫ്‌ഡി പോലെ അല്ലെങ്കിലും ഏതാണ്ട് അതുപോലെ തന്നെയാവും ഇതിന്റെയും പ്രവർത്തനം.
ഇനി ഈ പദ്ധതിക്ക് ചില ദോഷ വശങ്ങൾ കൂടിയുണ്ട്, അതും നിങ്ങൾ അറിഞ്ഞിരിക്കണം. ന്യൂനതകൾ എന്ന് പറയുന്നതാവും ശരി. പ്രധാനമായും ഇതിന്റെ റിട്ടേൺ തന്നെയാണ് പോരായ്‌മ. ഇത്രയധികം കാലയളവ് കൊണ്ട് ഉണ്ടാവുന്ന നേട്ടം എസ്എപി, ഓഹരി വിപണി പോലെയുള്ളവ വച്ച് നോക്കുമ്പോൾ തീരെ ചെറുതാണ്.
കൂടാതെ കുറഞ്ഞ പലിശ നിരക്കാണ് മറ്റൊരു തിരിച്ചടി. നിലവിൽ 7.1 ശതമാനം പലിശ മാത്രമാണ് ഈ പദ്ധതിക്ക് ലഭിക്കുക. ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കാണ് ഈ സ്‌കീം അനുയോജ്യം, ഹ്രസ്വകാലത്തിന് ഇതിന് നഷ്‌ടമാവും. പിന്നെ നേരത്തെ ക്ലോസ് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ വേറെയുമുണ്ട്.












Click it and Unblock the Notifications