ഗ്വാളിയോറിലെ രാജകുമാരൻ, താമസം 4000 കോടിയുടെ കൊട്ടാരത്തിൽ; സ്വന്തം ബിസിനസ്, ആരാണ് മഹാനാര്യമാൻ?
ബ്രിട്ടീഷ് ഭരണകാലത്തിനും മുൻപ് തന്നെ ഇന്ത്യയിൽ സമ്പന്നമായ ഒട്ടേറെ നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. അത്തരത്തിൽ നാട്ടുരാജ്യങ്ങളുടെ സമ്പത്ത് കണ്ട് മോഹിച്ചു തന്നെയാണ് വിദേശികൾ ഇവിടേക്ക് വന്നെത്തിയതും. ഇന്ന് നൂറ്റാണ്ടുകൾക്ക് ഇപ്പുറവും തങ്ങളുടെ രാജകുടുംബത്തിന്റെ വേരുകൾ അതേപോലെ സംരക്ഷിക്കുന്ന ചില കൂട്ടരും നമ്മുടെ നാട്ടിലുണ്ട്.
അത്തരത്തിൽ സമ്പന്നമായ ഒരു നാട്ടുരാജ്യമായിരുന്നു മധ്യപ്രദേശിലെ ഗ്വാളിയോർ. നിലവിൽ ഗ്വാളിയോർ രാജകുടുംബത്തിന്റെ അവകാശിയെ നിങ്ങളിൽ പലർക്കും അറിയാം. ഇന്ത്യയുടെ വ്യോമയാന വകുപ്പ് മന്ത്രി കൂടിയായ രാഷ്ട്രീയക്കാരൻ ജ്യോതിരാദിത്യ സിന്ധ്യയാണ് അത്. അദ്ദേഹത്തെ അറിയാത്തവർ നമ്മുടെ നാട്ടിൽ ചുരുക്കം പേരെ ഉണ്ടാവുകയുള്ളൂ.

എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയുടെ പാരമ്പര്യം നിധി പോലെ സൂക്ഷിക്കുന്ന, എന്നാൽ കുടുംബ സ്വത്തിന്റെ പങ്കിനേക്കാൾ സ്വന്തം അധ്വാനത്തിന് വില കൽപ്പിക്കുന്ന ഒരാളുണ്ട് ആ കുടുംബത്തിൽ. അതാണ് ഗ്വാളിയാറിന്റെ രാജകുമാരനായ മഹാനാര്യമാൻ സിന്ധ്യ. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണ് അദ്ദേഹം.
മഹാനാര്യമാൻ സിന്ധ്യ
കോടിക്കണക്കിന് രൂപയുടെ ആസ്‌തി ഉള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും സ്വന്തമായി ചെറിയ ബിസിനസിലൂടെ പണം സമ്പാദിക്കാനാണ് ഈ ചെറുപ്പക്കാരന് കൂടുതൽ ഇഷ്‌ടം. ഇപ്പോഴും ഗ്വാളിയോർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജയ് വിലാസ് പാലസിലാണ് സിന്ധ്യ കുടുംബത്തിന്റെ താമസം. മഹാനാര്യമാനും ഇവിടെ തന്നെയാണ് കഴിയുന്നത്.
സ്വന്തമായി ബിസിനസ് നടത്തുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. നിലവിൽ ഒരു പച്ചക്കറി സ്‌റ്റാർട്ട് അപ്പ് യൂണിറ്റാണ് സിന്ധ്യ നോക്കി നടത്തുന്നത്. കർഷകരിൽ നിന്ന് പച്ചക്കറികളും പഴങ്ങളും മൊത്തമായി വാങ്ങി വൻകിട കമ്പനി ഉടമകൾക്ക് എത്തിക്കുന്ന സംരംഭമാണിത്. ടൺ കണക്കിന് പച്ചക്കറികളാണ് ഇങ്ങനെ കർഷകരിൽ നിന്ന് ഇവർ വാങ്ങുന്നത്. നിലവിൽ ഒരു കോടിയലധികം രൂപയാണ് അവരുടെ മാസ വരുമാനം.
സിന്ധ്യ കുടുംബം
ഏകദേശം 4000 കോടി രൂപയാണ് സിന്ധ്യ കുടുംബം കഴിയുന്ന ജയ് വിലാസ് കൊട്ടാരത്തിന്റെ മൂല്യം കണക്കാക്കുന്നത്. മൂന്ന് നിലകളിലായി 12 ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന അതിമനോഹരമായ ബംഗ്ലാവ് ആണ് ഈ ജയ് വിലാസ് പാലസ്. യൂറോപ്യൻ ശൈലിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഈ കൊട്ടാരത്തിന്റെ അന്തരാവകാശി മഹാനാര്യമാൻ സിന്ധ്യയാണ്.
ഏകദേശം 560 കിലോഗ്രാം സ്വർണം കൊണ്ട് അലങ്കരിച്ച ഹാളാണ് ഈ കൊട്ടാരത്തിന്റെ ഏറ്റവും വലിയ ആകർഷണം. വ്യത്യസ്‌തമായ തീമുകളിലാണ് കൊട്ടാരത്തിലെ മൂന്ന് നിലകളുടെയും രൂപകൽപ്പന നടത്തിയിരിക്കുന്നത്. ഈ വീടിൻെറ ദർബാർ ഹാളിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പരവതാനി ഉള്ളതെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications