ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഇന്ത്യൻ സിഇഒ ആര്? സുന്ദർ പിച്ചയ്ക്ക് 1846 കോടി, സത്യ നദെല്ലയ്ക്ക് 664 കോടിയും
ആഗോള തലത്തിൽ തന്നെയുള്ള ടെക്-ബിസിനസ് സ്ഥാപനങ്ങളിൽ പലതിന്റെയും തലപ്പത്ത് ഇന്ത്യൻ വംശജരാണ് ഇപ്പോഴുള്ളത്. ഇന്ത്യക്കാരുടെ തൊഴിൽ വൈദഗ്ധ്യത്തെയും കഴിവിനെയും അടയാളപ്പെടുത്തുന്ന മറ്റൊരു കാര്യമാണത് എന്ന് നിസംശയം പറയാം. എന്നാൽ അതിൽ പലരുടെയും ശമ്പളം കേട്ടാൽ ആരും ഞെട്ടിപ്പോകും. കോടികൾ വാർഷിക ശമ്പളം കൈപ്പറ്റുന്നവരാണ് ഇവരിൽ ഏറിയ പങ്കും.
സുന്ദർ പിച്ചൈ, സത്യ നാദെല്ല, ശന്തനു നാരായൺ, അരവിന്ദ് കൃഷ്‌ണ എന്നിവരാണ് പട്ടികയിലെ പ്രമുഖർ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഐബിഎം എന്നിങ്ങനെ ആഗോള തലത്തിലെ പ്രമുഖ കമ്പനികളുടെ തലപ്പത്ത് ഉള്ള പല സിഇഒമാരുടെയും വാർഷിക ശമ്പളം ചില കമ്പനികളുടെ ആകെ വിപണി മൂല്യത്തേക്കാൾ അധികം വരുമെന്നതാണ് കൗതുകകരമായ വസ്‌തുത.

അതിൽ തന്നെ ഇന്ത്യൻ സിഇഒമാർ കൈപ്പറ്റുന്നത് വലിയ ശമ്പളമാണ്. അത്തരത്തിൽ നിലവിൽ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന ഇന്ത്യൻ സിഇഒ മാർ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒരുകാര്യം മനസിലാക്കേണ്ടത് എന്തെന്നാൽ സാധാരണ ശമ്പളം മാത്രമല്ല ഇവരുടെ പാക്കേജിൽ ഉൾപ്പെടുന്നത്. കമ്പനിയുടെ ഓഹരി വിഹിതവും അധിക ആനുകൂല്യങ്ങളും ഒക്കെ ചേരുന്നതാണ് ഇവരുടെ പാക്കേജുകൾ എന്ന് ഓർക്കണം.
സുന്ദർ പിച്ചൈ
ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ ഗൂഗിളിന്റെ സിഇഒയായി പ്രവർത്തിച്ചു വരികയാണ്. ചുമതലയേറ്റെടുത്ത ശേഷം നിരവധി വിപ്ലവകരമായ മാറ്റങ്ങൾ ചുക്കാൻ പിടിച്ച വ്യക്തി കൂടിയാണ് സുന്ദർ പിച്ചൈ. പല ചെറുപ്പക്കാരുടെയും മാതൃകാ പുരുഷൻ കൂടിയാണ് സുന്ദർ പിച്ചൈ. അദ്ദേഹത്തിന് ലഭിക്കുന്ന വാർഷിക ശമ്പളം ഒരുപക്ഷേ നമ്മളിൽ പലർക്കും സ്വപ്‌നം കാണാൻ കഴിയുന്നതിലും അപ്പുറമാണ്.
നിലവിൽ 1846 കോടി രൂപയാണ് അദ്ദേഹം ശമ്പളമായി കൈപ്പറ്റുന്നത്. ഇത് ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഇന്ത്യൻ സിഇഒ എന്ന റെക്കോർഡ് സുന്ദർ പിച്ചൈക്ക് നൽകുന്നു. നേരത്തെ കോവിഡ് കാലത്ത് നേരിയ കുറവ് വന്നെങ്കിലും വീണ്ടും വിപണി സജീവമായപ്പോൾ സുന്ദർ പിച്ചൈയുടെ ശമ്പളം സാധാരണ നിലയിലേക്ക് തിരികെ വരികയായിരുന്നു.
സത്യ നാദെല്ല
ഇന്ത്യൻ സിഇഒമാരിൽ ശമ്പളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയാണ്. സുന്ദർ പിച്ചൈയുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും രണ്ടാമതുള്ള സത്യ നാദെല്ല വാങ്ങുന്നത് 664 കോടി രൂപയോളമാണ്. എന്നാൽ സത്യ നാദെല്ല തന്നെ തന്റെ ശമ്പളത്തിൽ കുറവ് വരുത്തിയെന്നാണ് റെഗുലേറ്ററി ഫയലിംഗുകൾ വ്യക്തമാക്കുന്നത്.
ശന്തനു നാരായൺ
അഡോബ് സിഇഒയായ ശന്തനു നാരായൺ ആണ് പട്ടികയിൽ മൂന്നാമത്. നേരത്തെ ഈ എഞ്ചിനീയറിങ് ടെക്‌നോളജി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായും ജനറൽ മാനേജരായും കമ്പനിയിൽ പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. ആപ്പിൾ, സിലിക്കൺ ഗ്രാഫിക്‌സ് തുടങ്ങിയ മറ്റ് കമ്പനികളിലും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഏകദേശം 300 കോടി രൂപയാണ് അദ്ദേഹത്തിന് നിലവിൽ വാർഷിക ശമ്പളമായി കിട്ടുന്നത്.
അരവിന്ദ് കൃഷ്‌ണ
നിലവിൽ ഐബിഎമ്മിന്റെ സിഇഒയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അരവിന്ദ് കൃഷ്‌ണൻ. കഴിഞ്ഞ നാല് വർഷത്തിൽ അധികമായി കമ്പനിയുടെ സിഇഒയായി പ്രവർത്തിക്കുന്നയാളാണ് അരവിന്ദ് കൃഷ്‌ണൻ. മാത്രമല്ല മൂന്ന് പതിറ്റാണ്ടിൽ അധികമായി ഇതേ കമ്പനിയിൽ തന്നെയാണ് അദ്ദേഹം തുടരുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ശമ്പളം 165 കോടി രൂപയോളമാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications