Get Updates
Get notified of breaking news, exclusive insights, and must-see stories!

താങ്കള്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടോ? മോഹന്‍ലാല്‍ നിര്‍ത്തണം ഈ പരിപാടി... തുറന്നടിച്ച് ബൈജു കൊട്ടാരക്കര

തിരുവനന്തപുരം: മലയാളികളുടെ ഇഷ്ടനായകന്‍ മോഹന്‍ലാലിന്റെ സിനിമ പോലെ തന്നെ പരസ്യങ്ങളും വളരെ പ്രശസ്തമാണ്. അദ്ദേഹം അഭിനയിച്ച പരസ്യങ്ങളിലെ വാചകങ്ങള്‍ പലതും കൊച്ചുകുട്ടികള്‍ക്ക് പോലും മനഃപ്പാഠം. സ്വര്‍ണം വാങ്ങുമ്പോള്‍ മികച്ചതേത് എന്ന് പറയുന്ന ജ്വല്ലറി പരസ്യങ്ങള്‍ മുതല്‍ വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിനാ എന്ന് ചോദിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ വരെ ഇതില്‍പ്പെടും.

സിനിമ പോലെ തന്നെ ഒരുപാട് പേരെ വേഗത്തില്‍ ആകര്‍ഷിക്കാന്‍ പ്രമുഖ താരങ്ങളുടെ പരസ്യങ്ങള്‍ വഴി സാധിക്കും. ഇതിന് പിന്നിലെ ചില പ്രതിസന്ധികളും പ്രയാസങ്ങളും എടുത്തു പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. മോഹന്‍ലാല്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്ന അദ്ദേഹം പ്രസക്തമായചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

1

കാലിക പ്രസക്തമായ വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പങ്കുവെക്കുന്ന ബൈജു കൊട്ടാരക്കരയുടെ ന്യൂസ് ഗ്ലോബ് ടിവി പരിപാടിയിലാണ് അദ്ദേഹം മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങളെ ഇഴകീറി പരിശോധിക്കുന്നത്. സാധാരണക്കാര്‍ സാമ്പത്തിക പ്രയാസം വരുമ്പോള്‍ ആദ്യം ചെയ്യുക സ്വര്‍ണം പണയം വയ്ക്കുകയാണ്. ഇതിനായി ബാങ്കുകളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയുമാണ് നാം ആശ്രയിക്കാറ് എന്നും ബൈജു കൊട്ടാരക്കര പറയുന്നു.

2

കൈയ്യിലുള്ള മോതിരം 4000 രൂപയ്ക്ക് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചു. 3000 രൂപ തിരിച്ചടച്ചു. ബാക്കി വരുന്ന ആയിരം രൂപയ്ക്ക് വീണ്ടും 2000ത്തിലധികം രൂപ പലിശ ഈടാക്കി. വീണ്ടും 1500 രൂപ അടച്ചു. ശേഷം സ്വര്‍ണം എടുക്കാന്‍ ചെന്നപ്പോള്‍ വേറെ കുറേ വിഷയങ്ങള്‍. അവര്‍ ലേലത്തിന് വച്ചിരിക്കുന്നു. വിവാദമായപ്പോള്‍ സ്ഥാപനത്തിന്റെ എറണാകുളം ശാഖ പലിശ കുറച്ച് ആ വ്യക്തിക്ക് സ്വര്‍ണം കൈമാറി. അടുത്തിടെ നടന്ന ഒരു സംഭവം പറയുകയായിരുന്നു ബൈജു കൊട്ടാരക്കര.

3

തിരുവനന്തപുരത്ത് ഇതേ ധനകാര്യസ്ഥാപനം നല്‍കിയ ഒരു പരസ്യത്തെ കുറിച്ചും ബൈജു കൊട്ടാരക്കര പറയുന്നു. 25000ത്തോളം വരുന്ന ആളുകളുടെ സ്വര്‍ണം നിശ്ചിത സമയത്തിനകം പണം തിരിച്ചടച്ചില്ല എന്ന കാരണത്തില്‍ ലേലം ചെയ്യുന്നതാണ് പരസ്യം. കിലോ കണക്കിന് സ്വര്‍ണമാണ് ലേലം ചെയ്യാന്‍ പോകുന്നത്. ഒരു ജില്ലയിലെ മാത്രം കണക്കാണിതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

4

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കൊള്ള പലിശയ്ക്ക് എതിരെയാണ് ബൈജു കൊട്ടാരക്കര തന്റെ വീഡിയോയുടെ ആദ്യ ഭാഗങ്ങളില്‍ സംസാരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ സാധാരണക്കാരോട് ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിച്ച അദ്ദേഹം മോഹന്‍ലാല്‍ ചെയ്ത ധനകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ സംബന്ധിച്ചും സൂചിപ്പിച്ചു. ഇന്ന് ഒരു പത്രത്തിലെ ഒന്നാം പേജില്‍ കണ്ട പരസ്യമാണ് ഇതെല്ലാം പറയാന്‍ കാരണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

5

മോഹന്‍ലാലിനെ വച്ചുള്ളതാണ് പത്രത്തിലെ പരസ്യം. താരത്തിന് ഏത് പരസ്യത്തിലും അഭിനയിക്കാം. പക്ഷേ, ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് മോഹന്‍ലാല്‍ ചില കാര്യങ്ങള്‍ ആലോചിക്കണമെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. താങ്കള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ സ്വര്‍ണം പണയം വച്ച് പണം വാങ്ങിയിട്ടുണ്ടോ എന്നാണ് സംവിധായകന്റെ ചോദ്യം.

6

ഒരു സ്ഥാപനത്തിലും താങ്കള്‍ സ്വര്‍ണം പണയം വച്ചിട്ടില്ല. പരസ്യം ചെയ്യുന്ന സ്ഥാപനത്തിലും വച്ചിട്ടില്ല. എന്നാല്‍ താങ്കളുടെ ഫോട്ടോ വച്ച് ഗോള്‍ഡ് ലോണ്‍ സംബന്ധിച്ച പരസ്യം വന്നിരിക്കുന്നു. അതാണ് കുഴപ്പം. വളരെ പ്രശസ്തനായ ഒരു വ്യക്തി ഇത്തരം പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ സ്വയം വില കുറയുകയാണ് എന്ന് ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

7

മരുന്ന് പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ലാലിന്റെ നടപടിയെയും ബൈജു കൊട്ടാരക്കര വിമര്‍ശിച്ചു. ഏത് മരുന്ന് ഉപയോഗിക്കണം എന്ന് പറയേണ്ടത് ഡോക്ടര്‍മാരാണ്. എന്നാല്‍ മോഹന്‍ലാലിനെ വച്ചുള്ള പരസ്യം വഴി മരുന്ന് വില്‍ക്കുമ്പോള്‍ രണ്ട് സാധ്യതകളാണുള്ളത്. ആ മരുന്ന് ഗുണനിരവാരമില്ലാത്തതായിരിക്കാം. അല്ലെങ്കില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാത്ത മരുന്നായിരിക്കാമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

8

മോഹന്‍ലാല്‍ ശമ്പളമായി കോടികളാണ് വാങ്ങുന്നതെന്നും അത് സംബന്ധിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും വ്യക്തമാക്കുന്ന ബൈജു കൊട്ടാരക്കര, താങ്കള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാതിരുന്നാല്‍ സാധാരണക്കാര്‍ക്ക് അത് ഉപകാരപ്പെട്ടേക്കാമെന്നു ചൂണ്ടിക്കാട്ടുന്നു. തനിക്ക് വ്യക്തിപരമായി ഒരു താരങ്ങളോടും അസൂയ ഇല്ല. എങ്കിലും ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ വയ്യെന്നും സൂചിപ്പിച്ചാണ് ബൈജു കൊട്ടാരക്കര തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

ഈ ചിത്രത്തില്‍ എന്താണ് ഒളിപ്പിച്ചത്? 'എനിക്ക് വേണ്ടത് സ്‌നേഹം മാത്രം'; വൈറലായി ശ്വേത മേനോന്റെ ഫോട്ടോ

(സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+