'അവധി താ കളക്‌ടർ മാമാ, ഹെവി റെയ്ൻ സർ'; അവധി പ്രഖ്യാപിക്കാത്ത എറണാകുളം കളക്‌ടർക്ക് ട്രോൾ പെരുമഴ
എറണാകുളം: കളക്‌ടർമാർ സ്‌കൂൾ അവധിയും പ്രഖ്യാപിക്കുന്നത് കാത്ത് വിദ്യാർത്ഥികൾ ടിവിയും നോക്കിയിരിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇത് ന്യൂജൻ കാലമാണ്, ഇവിടെ അവധി വേണമെന്ന് അങ്ങോട്ട് വിദ്യാർഥികൾ ആവശ്യപ്പെടും അതും സോഷ്യൽ മീഡിയ വഴി. യെല്ലോ അലർട്ട് ഉണ്ടായിട്ടും ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കാതിരുന്ന എറണാകുളം കളക്‌ടറുടെ പേജ് ഈ ആവശ്യങ്ങളുടെ വേദിയായിരുന്നു കഴിഞ്ഞ മണിക്കൂറുകളിൽ.
അവധി നൽകാത്ത കളക്‌ടറെ പരിഹസിച്ചും ട്രോളിന് വിധേയമാക്കിയും ഫേസ്‌ബുക്ക് പേജ് അക്ഷരാർത്ഥത്തിൽ ഒരു ക്ലാസ് റൂം പോലെയായി എന്നതാണ് രസകരമായ വസ്‌തുത. ചിലർ ആജ്ഞാപിച്ചും ചിലർ അപേക്ഷിച്ചും മറ്റ് ചിലർ അനുനയത്തിലും ഒക്കെ കളക്‌ടറോട് അവധി ചോദിക്കുന്ന കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഔദ്യോഗിക പേജ്. മൂവായിരത്തോളം കമന്റുകളാണ് ഈ പേജിൽ ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം വന്നത്.

വിശാലഹൃദയനായ നമ്മുടെ കളക്‌ടർ സർ നാളെ അവധി തരുന്നത് ആയിരിക്കും, ഹെവി റൈൻ സർ, അവധി താ കളക്‌ടർ മാമ എന്നിങ്ങനെ കമന്റുകൾ ധാരാളം. തിരക്ക് മൂലം അവധി പറയാൻ മറന്നതാണോ എന്ന് ചോദിക്കുന്ന രക്ഷിതാക്കളെയും ഇക്കൂട്ടത്തിൽ കാണാം. ഒടുവിൽ കളക്‌ടർക്ക് പറയാനുള്ളത് മറ്റൊരു വ്യക്തി കമന്റിലൂടെ പറഞ്ഞു, 'ഗോ റ്റു യുവർ ക്ലാസസ്'.
ഉറക്കത്തിൽ നിന്നുണർന്ന് പുതപ്പുമായി ജനലിലൂടെ പുറത്തേക്കു നോക്കി അവധി പ്രഖ്യാപിക്കുന്ന കോട്ടയം ജില്ലാ കളക്‌ടറുടെ ട്രോൾ വിഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വിവിധ ട്രോൾ ഗ്രൂപ്പുകളിൽ എറണാകുളം കളക്‌ടറും ഇപ്പോൾ താരമാണ്. ഇതോടെ മഴയുടെ മീമുകൾ തപ്പി ഇറങ്ങിയിരിക്കുകയാണ് ട്രോളന്മാർ മുഴുവൻ.
കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന മഴയുടെ സാഹചര്യം കണക്കിലെടുത്ത് കളക്‌ടർ എൻഎസ്കെ ഉമേഷ് അവധി പ്രഖ്യാപിക്കും എന്ന് തന്നെയായിരുന്നു വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ കരുതിയത്. എന്നാൽ അദ്ദേഹം പരാതികളിലും പരിവേദനങ്ങളിലും ഒന്നും വഴങ്ങിയില്ല. ബുധനാഴ്‌ച യെല്ലോ അലർട്ട് ആയിരുന്നു എറണാകുളം ജില്ലയിൽ പ്രഖ്യാപിച്ചത്.
തിങ്കളാഴ്‌ച ജില്ലയിൽ കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ചൊവ്വാഴ്‌ച മുഹറം ആയതിനാൽ അവധിയായിരുന്നു. ഇതോടെ കുട്ടികളാകെ മടിപിടിച്ചുപോയെന്ന് ചൂണ്ടിക്കാട്ടിയ 'വിദഗ്‌ധ കമന്റ്' തൊഴിലാളികളും പേജിൽ എത്തി എന്നതാണ് ശ്രദ്ധേയമായ കാര്യം. ചില സെലിബ്രിറ്റികളും കമന്റ് ചെയ്‌തത് കാണാം. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേ നേടിയ ഒരു കത്ത് കമന്റ് രൂപത്തിൽ ഇട്ടതിനായിരുന്നു. നിരവധി പേരാണ് ഇതിന് ലൈക്കടിച്ചത്.
കളക്‌ടർ മാമന്, അപ്പൻ അറിയാതെ അപ്പന്റെ ഫേസ്ബുക്കിൽ കയറി ഇടുന്ന പോസ്‌റ്റ്. മാമൻ ഞങ്ങളുടെ ഹൃദയത്തിൽ ആയിരുന്നു. മാമൻ മുറിവ് ഏൽപിച്ചത് ഞങ്ങളുടെ വിശ്വാസത്തിലാണ്. മഴ ഇല്ലാത്തപ്പോൾ പോലും അവധി തന്നിരുന്ന മാമ്മൻ ഇപ്പൊ നല്ല മഴ ഉണ്ടായിട്ടും അവധി തരാത്തതിൽ നല്ല വിഷമം ഉണ്ട്. ആ വിശ്വാസം ആണ് മാമൻ ഈ മഴയിൽ ഒഴുക്കി കളഞ്ഞത്. എത്ര കൂട്ടുകാർ ആണ് എല്ലാ ദിവസവും മാമന് വേണ്ടി പ്രാർത്ഥിച്ചിരുന്നത്. എന്നാലും ഈ പണി മാമനിൽ നിന്നും ആരും പ്രതീക്ഷിച്ചില്ല; കമന്റിൽ പറയുന്നു.












Click it and Unblock the Notifications