20 കോച്ചുമായി വന്ദേഭാരത് ആദ്യം; 1440 പേര്‍ക്ക് യാത്ര, 8 മണിക്കൂറിനിടെ 2 സ്റ്റോപ്പ് മാത്രം, നവ്യാനുഭവം
സാധാരണ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് എട്ട് അല്ലെങ്കില്‍ 16 കോച്ചുകളാണുള്ളത്. എന്നാല്‍ രാജ്യത്ത് ആദ്യമായി 20 കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിച്ചു. സെമി ഹൈ സ്പീഡ് ട്രെയിനുകളുടെ ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചെന്നൈയിലെ കോച്ച് ഫാക്ടറില്‍ വികസിപ്പിച്ച ട്രെയിനിന്റെ സര്‍വീസ് ഒട്ടേറെ പ്രത്യേകതകളുള്ളതാണ്.
ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കാണ് ഈ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വരാണസി. ഒട്ടേറെ ഹൈന്ദവ തീര്‍ഥാടകരെത്തുന്ന ഈ നഗരത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നത് കൂടിയാണ് പുതിയ ട്രെയിന്‍. ടിക്കറ്റ് നിരക്ക്, സമയം തുടങ്ങി എല്ലാ വിവരങ്ങളും പുറത്തുവന്നു...

20 കോച്ചുള്ള രാജ്യത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ വരാണസിയില്‍ നിന്ന് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ചു. ഇതിന്റെ ഫ്‌ളാഗ് ഓഫ് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി നിര്‍വഹിച്ചിരുന്നു. കോച്ചുകളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. ഒരുവേള 1440 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. വെയ്റ്റ് ലിസ്റ്റില്‍ കുരുങ്ങുന്ന അവസ്ഥ കുറയുമെന്ന് ചുരുക്കം.
ട്രെയിന്‍ നമ്പര്‍, സമയം, ടിക്കറ്റ് നിരക്ക്
നേരത്തെ ഈ റൂട്ടില്‍ ചെറിയ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തിയിരുന്നു. അത് മാറ്റിയ ശേഷമാണ് 20 കോച്ചുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വെ സോണിന് കീഴില്‍ വന്‍ മാറ്റങ്ങളാണ് അതിവേഗം സംഭവിക്കുന്നത്. 22436/22435, 22415/22416 എന്നീ രണ്ട് ജോഡി ട്രെയിനുകളാണ് ന്യൂഡല്‍ഹിക്കും വരാണസിക്കുമിടയില്‍ സര്‍വീസ് നടത്തുക.
771 കിലോമീറ്റര്‍ ദൂരമുള്ള യാത്ര എട്ട് മണിക്കൂര്‍ കൊണ്ട് അവസാനിക്കും. ഈ റൂട്ടില്‍ ഓടുന്ന ഏറ്റവും വേഗതയേറിയ ട്രെയിന്‍ ആണിത്. വരാണസിയില്‍ നിന്ന് രാവിലെ ആറ് മണിക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 2 ണിക്ക് ന്യൂഡല്‍ഹിയിലെത്തും. ഉച്ചയ്ക്ക് മൂന്നിന് മറ്റൊരു ട്രെയിന്‍ വരാണസിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11ന് ന്യൂഡല്‍ഹിയിലെത്തും. ഇതേ വേളയില്‍ ഡല്‍ഹിയില്‍ നിന്ന് വരാണസിയിലേക്കും സര്‍വീസുണ്ട്.
ദീര്‍ഘദൂര സര്‍വീസ് ആണെങ്കിലും രണ്ട് സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പ്രയാഗ്‌രാജ് ജങ്ഷന്‍, കാണ്‍പൂര്‍ സെന്‍ട്രല്‍ എന്നീ സ്റ്റേഷനുകളില്‍ മാത്രം. തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകളുടെ കണക്ക് കൂടി പരിഗണിച്ചാല്‍ മൊത്തം നാല് സ്റ്റേഷനുകളില്‍ മാത്രമാകും ട്രെയിന്‍ നിര്‍ത്തുക. മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രമേ യാത്ര സാധ്യമാകൂ.
1440 സീറ്റുകളാണ് ട്രെയിനിലുള്ളത്. എസി ചെയര്‍ കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നീ രണ്ട് സീറ്റ് ഒപ്ഷനുകള്‍ മാത്രമേയുള്ളൂ. വരാണസിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് എസി ചെയര്‍ കാര്‍ സീറ്റില്‍ യാത്ര ചെയ്യാന്‍ 1795 രൂപയാണ് ടിക്കറ്റ് നിരക്ക്. അതേസമയം, എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ സീറ്റിന് 3320 രൂപയും. അതിവേഗം എത്താന്‍ സാധിക്കുമെന്നതും മികച്ച സൗകര്യമുള്ളതും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ.












Click it and Unblock the Notifications