ഇനി കേരളത്തിന്റെ ആകാശക്കാഴ്ച കാണാം; ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍, ടിക്കറ്റ് നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ മുഖം മാറ്റുന്ന നടപടിയുമായി ടൂറിസം വകുപ്പ്. നേരത്തെ പ്രഖ്യാപിച്ച ഹെലി - ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുകയാണ് ടൂറിസം വകുപ്പ്. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന.
ഇതിന് മുന്നോടിയായി യാത്ര ബുക്ക് ചെയ്യാന്‍ ടൂറിസം വകുപ്പ് പ്രത്യേക ആപ്പ് പുറത്തിറക്കും. ടിക്കറ്റ് തുക ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ഈ ആപ്പിലൂടെ സഞ്ചാരികള്‍ക്ക് അറിയാനാകും. മാത്രമല്ല യാത്രയില്‍ പാലിക്കേണ്ട മുന്‍കരുതലും നിര്‍ദേശങ്ങളും എല്ലാം ആപ്പില്‍ ഉണ്ടായിരിക്കും. മന്ത്രിസഭ പാസാക്കിയ ഹെലി-ടൂറിസം നയത്തിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് തയ്യാറാക്കുന്നത്.

വ്യോമയാന മന്ത്രാലയം, ഗതാഗതം, തദ്ദേശം, ടൂറിസം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാകും ഹെലി ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനം. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (കെടിഐഎല്‍) ആണ് പദ്ധതിയുടെ ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. ഹെലിപാഡുകളും ഹെലിസ്റ്റേഷനുകളും നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ധ സമിതി സര്‍വേയും സാധ്യതാ പഠനവും നടത്തും.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെലികോപ്ടര്‍ കമ്പനികളുടെ നേതൃത്വത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കും എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പുതിയ നയം പ്രകാരം സ്വകാര്യ നിക്ഷേപകര്‍ക്ക് സ്വന്തം സ്ഥലങ്ങളിലോ സര്‍ക്കാര്‍ ഭൂമിയിലോ ഹെലിപാഡുകളും ഹെലിപോര്‍ട്ടുകളും എയര്‍സ്ട്രിപ്പുകളും നിര്‍മിക്കം. ഇതിന് പ്രത്യേക സബ്സിഡിയും ഇളവും നല്‍കും എന്നാണ് വിവരം.
ഹെലിടൂറിസം പദ്ധതി വിനോദ സഞ്ചാരമേഖലയ്ക്ക് കുതിപ്പ് നല്‍കും എന്നാണ് സര്‍ക്കാരിന്റെ നിഗമനം. വിദേശത്ത് നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് വേഗത്തില്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്താനും മനോഹരമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനും ഇതുവഴി അവസരമുണ്ടാകും. പദ്ധതിയുടെ ആദ്യ ഘട്ടം എറണാകുളം നെടുമ്പാശേരിയില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം, കൊല്ലം, ജടായുപാറ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കുമരകം, ഇടുക്കി, മൂന്നാര്‍, കോഴിക്കോട്, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളെ കേന്ദ്രീകരിക്കും. വെകാതെ ഹെലി ടൂറിസത്തിനായി 14 ജില്ലകളിലെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ട്. ആറ് മുതല്‍ 12 പേര്‍ക്ക് വരെ കയറാവുന്ന ഹെലികോപ്റ്ററുകളാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് സജ്ജീകരിക്കുന്നത്.












Click it and Unblock the Notifications