പുതിയ വന്ദേഭാരത് വരില്ല; എന്താണ് സംഭവിച്ചത്? മലയാളികൾക്കും കനത്ത നിരാശ
ദക്ഷിണേന്ത്യയിൽ വന്ദേഭാരത് സർവ്വീസുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കൂടുതൽ വന്ദേഭാരതുകൾ വേണമെന്ന ആവശ്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ വന്ദേഭാരതിനായി ആവശ്യമുയർത്തിയ കർണാടകയ്ക്ക് കനത്ത നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. മലയാളികൾക്കും നിരാശ നൽകുന്നതാണ് റിപ്പോർട്ട്. പ്രത്യേകിച്ച് മലബാറിൽ നിന്നുള്ള യാത്രക്കാർക്ക്.
മംഗളൂരുവിനും മുംബൈക്കും ഇടയിൽ പ്രതീക്ഷിക്കപ്പെട്ട വന്ദേഭാരതിനോാടാണ് റെയിൽവെ പുറംതിരിഞ്ഞ് നിൽക്കുന്നത്. ഈ പദ്ധതിക്ക് തൽക്കാലം സാധ്യത കുറവാണെന്ന സൂചനയാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്നത്.
മംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് മത്സ്യഗന്ധ എക്സ്പ്രസും മുംബൈ സിഎസ്ടി സൂപ്പർഫാസ്റ്റുമാണ് നിലവിലുള്ള പ്രധാന സർവീസുകൾ. ഈ രണ്ട് ട്രെയിനുകളും മിക്കപ്പോഴും ഫുള്ർ ആണ്. നേത്രാവതി, തിരുവനന്തപുരം ദുരന്തോ ഉൾപ്പെടെയുള്ള മംഗളൂരു വഴി കടന്നുപോകുന്ന ട്രെയിനുകളിലും സീറ്റുകൾ ലഭ്യമല്ല. വടക്കേ ഇന്ത്യയിലേക്ക് പോകുന്നവർക്ക് പൻവേൽ വരെ മാത്രമേ ട്രെയിൻ സൗകര്യമുള്ളൂ. ഈ യാത്രാക്ലേശം പരിഹരിക്കാൻ വന്ദേ ഭാരത് പോലുള്ള ഒരു സർവീസ് അനിവാര്യമാണെന്നാണ് യാത്രക്കാരുടെ ആവശ്യം.

നിലവിൽ മംഗളൂരു-മഡ്ഗാവോൺ റൂട്ടിൽ ഒരു വന്ദേ ഭാരത് സർവീസുണ്ട്. മുംബൈയിൽ നിന്ന് മഡ്ഗാവോണിലേക്കും ഒരു വന്ദേ ഭാരത് സർവീസ് നടത്തുന്നുണ്ട്. എന്നാൽ മുംബൈയെയും മംഗളൂരുവിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിനില്ല. മംഗളൂരു-മഡ്ഗാവോൺ ട്രെയിൻ മുംബൈയിലേക്ക് നീട്ടുകയോ, നിലവിലെ ഈ രണ്ട് സർവീസുകളും സംയോജിപ്പിക്കുകയോ ചെയ്യണമെന്നതായിരുന്നു ആവശ്യം. 2023-ൽ ആരംഭിച്ച മംഗളൂരു-മഡ്ഗാവോൺ വന്ദേ ഭാരതിന് കുറഞ്ഞ യാത്രക്കാരെ മാത്രമേ ലഭിക്കുന്നുള്ളൂ എന്നതിനാൽ, ഇത് മുംബൈയിലേക്ക് നീട്ടുന്നത് കൂടുതൽ പ്രയോജനകരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മംഗളൂരുവിനും മുംബൈക്കും ഇടയിൽ യാത്ര ചെയ്യാൻ മിക്ക ട്രെയിനുകൾക്കും നിലവിൽ 14 മുതൽ 19 മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ, വന്ദേ ഭാരത് വന്നാൽ നിലവിലുള്ള ട്രെയിനുകളെ അപേക്ഷിച്ച് കുറഞ്ഞത് നാല് മണിക്കൂറെങ്കിലും നേരത്തെ ലക്ഷ്യസ്ഥാനത്തെത്താം
മംഗളൂരു മുതൽ മുംബൈ വരെയുള്ള റെയിൽവേ റൂട്ട് മൂന്ന് റെയിൽവേ സോണുകൾക്ക് കീഴിൽ വരുന്നതാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിലെ പ്രധാന വെല്ലുവിളി. മംഗളൂരു മുതൽ തോക്കൂർ വരെ ദക്ഷിണ റെയിൽവേയും തോക്കൂർ മുതൽ റോഹ വരെ കൊങ്കൺ റെയിൽവേയും റോഹ മുതൽ മുംബൈ വരെ സെൻട്രൽ റെയിൽവേയുമാണ് നിയന്ത്രിക്കുന്നത്. ട്രെയിനിന്റെ ആരംഭ സ്റ്റേഷനും അവസാന സ്റ്റേഷനും ദക്ഷിണ റെയിൽവേയുടെയും സെൻട്രൽ റെയിൽവേയുടെയും പരിധിയിലായതിനാൽ, ഈ രണ്ട് സോണുകൾക്കും വന്ദേ ഭാരത് പദ്ധതി ഏകോപിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് കാലതാമസത്തിന് കാരണമാകും.
മംഗളൂരു-തിരുവനന്തപുരം, കാസർകോട്-തിരുവനന്തപുരം, ബെംഗളൂരു-തിരുവനന്തപുരം റൂട്ടുകളിൽ വന്ദേ ഭാരത് സർവീസുകൾ നിലവിലുണ്ട്. മംഗളൂരു-ബെംഗളൂരു റൂട്ടിലെ വൈദ്യുതീകരണ ജോലികൾ ഡിസംബറോടെ പൂർത്തിയായാൽ ഫെബ്രുവരിയോടെ അവിടെയും ഒരു വന്ദേ ഭാരത് പ്രതീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും മുംബൈ-മാംഗളൂരു റൂട്ടിൽ വന്ദേഭാരത് എത്തുന്നത് യാത്രക്കാർക്ക് കൂടുതൽ ആശ്വാസമാകും.












Click it and Unblock the Notifications