വന്ദേഭാരത് ഗോവ-മംഗളൂരു സർവ്വീസ് കോഴിക്കോടേക്ക് നീട്ടും?;അല്ലെങ്കിൽ കോഴിക്കോടേക്ക് വന്ദേഭാരത് സ്ലീപ്പർ,പ്രതീക്ഷ
വന്ദേഭാരത് എക്സ്പ്രസുകൾക്ക് വലിയ സ്വീകാര്യത ലഭിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടേക്ക് കൂടുതൽ വന്ദേഭാരത് സർവ്വീസുകൾ വേണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാനത്തിനുള്ള മൂന്നാം വന്ദേഭാരത് ഈ നവംബർ ഓടെ എത്തുമെന്ന് അടുത്തിടെ റെയിൽവെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവിനേയും എറണാകുളത്തേയും ബന്ധിപ്പിക്കുന്നതാണ് സർവ്വീസ്. ഇതുകൂടാതെ പുതിയ വന്ദേഭാരത് കൂടി കേരളത്തിലേക്ക് എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ യാത്രക്കാർ. ഗോവ-മംഗളൂരു സർവ്വീസ് കോഴിക്കോട്ടേക്ക് നീട്ടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
2023 ഡിസംബറിനാണ് മംഗളൂരു സെൻട്രൽ-മഡ്ഗാവ് (ഗോവ) വന്ദേ ഭാരത് എക്സ്പ്രസ് സർവ്വീസ് തുടങ്ങിയത്. വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്ന ഈ ട്രെയിൻ മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 8:30-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:10-ന് മഡ്ഗാവിൽ എത്തിച്ചേരും. ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. മഡ്ഗാവിൽ നിന്ന് വൈകുന്നേരം 6:10-ന് മടങ്ങി രാത്രി 10:45-ന് മംഗളൂരുവിൽ തിരിച്ചെത്തും.

ഏഴ് ചെയർ കാറുകളും ഒരു എക്സിക്യൂട്ടീവ് ചെയർ കാറും ഉൾപ്പെടെ എട്ട് കോച്ചുകളാണ് ട്രെയിനിന് ഉള്ളത്. രാജ്യത്തെ 76 വന്ദേ ഭാരത് ട്രെയിനുകളിൽ ഏറ്റവും കുറഞ്ഞ യാത്രക്കാരുള്ള സർവ്വീസ് കൂടിയാണിത്. ശരാശരി 36-50% മാത്രമാണ് ഇതിലെ യാത്രക്കാരുടെ എണ്ണം. ഉഡുപ്പി, കാർവാർ, ഗോവ എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നുണ്ടെങ്കിലും, കുറഞ്ഞ യാത്രക്കാർ കാരണം ട്രെയിൻ നഷ്ടത്തിലാണ്.
കോഴിക്കോട്ടേക്ക് ഈ റൂട്ട് ദീർഘിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഏകദേശം 180 കിലോമീറ്ററും രണ്ടര മണിക്കൂറും അധികമായി യാത്ര ദീർഘിപ്പിക്കാൻ ഇത് സഹായിക്കും. ഇതുവഴി യാത്രക്കാരുടെ എണ്ണം 70-80% ആയി വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വടക്കൻ കേരളത്തിലെ യാത്രക്കാർക്കും തീർത്ഥാടകരെയും സർവ്വീസ് വളരെയധികം ഗുണപ്രദമാകും. ഗോവയിലെ മലയാളികൾക്കും മൂകാംബിക ക്ഷേത്രം സന്ദർശിക്കുന്നവർക്കും സർവ്വീസ് വലിയ ആശ്വാസമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ട്രെയിൻ നീട്ടണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എംപി എംകെ രാഘവൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പലതവണ നിവേദനം നൽകിയിരുന്നു. ഇപ്പോഴിതാ കേരളത്തിലെ ബിജെപി നേതാക്കളും സമാന ആവശ്യം ഉയർത്തി റെയിൽവെ സഹ മന്ത്രിക്ക് നിവേദനം നൽകിയിരിക്കുകയാണ്.
ബിജെപി ജില്ല പ്രസിഡന്റ് കെപി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ ജില്ല ഭാരവാഹികളാണ് മന്ത്രിയെ കണ്ട് ആവശ്യം അറിയിച്ചത്. കണ്ണൂർ യശ്വന്തപുര ട്രെയിൻ കോഴിക്കോട് വരെ നീട്ടേണ്ടതിന്റെയും മംഗലാപുരം -രാമേശ്വരം ട്രെയിനിന്റെയും ആവശ്യകത നേതാക്കൾ മന്ത്രിയെ അറിയിച്ചു. ഈ രണ്ട് കാര്യത്തിലും ഉചിതമായ നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.വന്ദേഭാരത് കോഴിക്കോടുവരെ നീട്ടാനാവുമോ എന്ന കാര്യം പരിഗണനയിലാണെന്നും അല്ലാത്ത പക്ഷം കോഴിക്കോടിനെ ബന്ധിപ്പിച്ച് വന്ദേ ഭാരത് സ്ലീപ്പർ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായും നേതാക്കൾ അറിയിച്ചു.
മുൻപും വന്ദേഭാരത് പരിഗണിക്കാമെന്ന ഉറപ്പ് റെയിൽവെമന്ത്രി നൽകിയിരുന്നു. ഈ നിർദ്ദേശം റെയിൽവേ ബോർഡിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും സജീവ പരിഗണനയിലാണെങ്കിലും ഷെഡ്യൂൾ സംബന്ധിച്ച ആശങ്കകളും കർണാടക നേതാക്കളുടെ എതിർപ്പുകളുമാണ് തീരുമാനം വൈകിക്കുന്നതെന്നാണ് സൂചന.
എംപി നളിൻ കുമാർ കട്ടീൽ ഉൾപ്പെടെയുള്ള കർണാടക നേതാക്കൾ മുംബൈ-ഗോവ വന്ദേ ഭാരതുമായി (70% യാത്രക്കാർ) ലയിപ്പിക്കുന്നതിനായി മുംബൈയിലേക്ക് റൂട്ട് നീട്ടണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണട്. ഈ വർഷം മാർച്ചിൽ മുംബൈ-മംഗളൂരു വന്ദേ ഭാരത് പരിഗണിച്ചെങ്കിലും ഗോവയിൽ നിന്നുള്ള ആവശ്യം കുറവായതിനാൽ ഉപേക്ഷിച്ചു. കൊങ്കൺ പാതയിലെ തിരക്ക് കോഴിക്കോടേക്ക് സർവ്വീസ് നീട്ടുന്നതിന് വിലങ്ങുതടിയാണ്.
അതേസമയം സർവ്വീസ് കോഴിക്കോടേക്ക് നീട്ടുകയാണെങ്കിൽ, മംഗളൂരുവിൽ നിന്ന് രാവിലെ 8:30-ന് പുറപ്പെട്ട് ഏകദേശം 3:30 -ന് ട്രെയിൻ കോഴിക്കോട് എത്തും. മഡ്ഗാവിൽ നിന്ന് വൈകുന്നേരം 6:10-ന് പുറപ്പെട്ട് രാത്രി 11:00-ന് കോഴിക്കോട് എത്തും. പുതിയ ട്രെയിൻ ആവശ്യമില്ലാത്തതുകൊണ്ട് സാമ്പത്തികമായി ഇത് ലാഭകരവുമാണ്.












Click it and Unblock the Notifications