തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറിനായി കാത്തിരിക്കേണ്ട; കേരളത്തിന് നിരാശ; കുടുതൽ വന്ദേഭാരതും വരില്ല
തിരുവനന്തപുരം:കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം, തിരുവനന്തപുരം-കാസർഗോഡ്, നാഗർകോവിൽ-ചെന്നൈ എഗ്മോ റൂട്ടുകളിലോടുന്ന വന്ദേഭാരത് ട്രെയിനുകളുടെ ഒക്യുപെൻസി റെയ്റ്റ് തന്നെ ഇത് അടിവരയിടുന്നു. ഈ ട്രെയിനുകളിലെ ഒക്യുപ്പൻസി നിരക്ക് സ്ഥിരമായി 160 ശതമാനം കടക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഡിമാന്റ് ഉയർന്നതോടെ മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം, കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനുകളുടെ കോച്ച് ഘടന 16-ൽ നിന്ന് 20 ആയി അടുത്തിടെ റെയിൽവേ വർദ്ധിപ്പിച്ചിരുന്നു. 20 കോച്ചുകളുള്ള വന്ദേ ഭാരത് സർവീസിന്റെ സീറ്റിംഗ് കപ്പാസിറ്റി 1,440 യാത്രക്കാരാണ്. മുഴുവൻ സീറ്റിലും യാത്രക്കാരുണ്ടാകാറുണ്ടെന്നാണ് റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നത്.
നാഗർകോവിൽ-ചെന്നൈ എഗ്മോ വന്ദേ ഭാരത് കേരളത്തിലൂടെ ഓടുന്നില്ലെങ്കിലും, അത് തിരുവനന്തപുരം ഡിവിഷന് കീഴിലാണ് വരുന്നത്. സംസ്ഥാന തലസ്ഥാനത്ത് നിന്നുള്ള നിരവധി യാത്രക്കാർ ചെന്നൈയിൽ എത്താൻ ഈ സർവീസിനെ ആശ്രയിക്കുന്നുണ്ട്.

അതേസമയം വന്ദേ ഭാരത് ട്രെയിനുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടെങ്കിലും 'ട്രാക്ക് കൻജെഷൻ' കാരണം കേരളത്തിന് അധിക സർവീസുകൾ അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറാകുന്നില്ലെന്നാണ് പുതിയ റിപ്പോർട്ട്. പുതിയ അതിവേഗ ട്രെയിനുകൾ ആരംഭിച്ചാൽ നിരവധി പാസഞ്ചർ സർവീസുകൾ കൂടുതൽ നേരം നിർത്തിവെക്കാൻ റെയിൽവേയെ നിർബന്ധിതരാക്കും.
ഇത് ആയിരക്കണക്കിന് ദിവസേനയുള്ള യാത്രക്കാരെ ബാധിക്കും', റെയിൽവെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ബെംഗളൂരുവിലേക്ക് ഒരു നേരിട്ടുള്ള വന്ദേ ഭാരത് സർവീസിനായി ആവശ്യം ശക്തമാണ്. നേരത്തേ എറണാകുളം- ബെംഗളൂരു റൂട്ടിലോടിയ വന്ദേഭാരതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഉത്സവകാല സീസണിൽ സ്പെഷ്യൽ ട്രെയിനായിട്ടായിരുന്നു അന്ന് സർവ്വീസ് അവതരിപ്പിച്ചത്. ആഘോഷങ്ങൾ അവസാനിച്ചതോടെ സ്പെഷ്യൽ സർവ്വീസും നിർത്തി. ഇത് തുടരണമെന്നായിരുന്നു യത്രക്കാരുടെ പ്രധാന ആവശ്യം. എന്നാൽ എംപിമാരടക്കം ഇക്കാര്യത്തിൽ ആവശ്യം ഉയർത്തിയിട്ടും അനുകൂല നിലപാട് റെയിൽവെയിൽ നിന്നും ഉണ്ടായിട്ടില്ല.
പുതുതായി റെയിൽവെ അവതരിപ്പിക്കാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് കേരളത്തിന് ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഈ സർവ്വീസ് തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലാകണമെന്നതാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ , തിരക്കേറിയ കേരള-ബെംഗളൂരു ഇടനാഴിയിലൂടെ ഇത് ഓടിക്കുന്നത് അതീവ ബുദ്ധിമുട്ടാണെന്ന് റെയിൽവെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
'എറണാകുളത്ത് നിന്നോ കേരളത്തിലെ മറ്റേതെങ്കിലും സ്റ്റേഷനിൽ നിന്നോ ബെംഗളൂരുവിലേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ അവതരിപ്പിച്ചാൽ എത്ര പാസഞ്ചർ ട്രെയിനുകളെ ബാധിക്കുമെന്ന് പറയാൻ സാധിക്കില്ല. അത്തരമൊരു നീക്കം വിമർശനങ്ങൾക്ക് ഇടയാക്കും. റെയിൽവേ പ്രീമിയം യാത്രക്കാരുടെ മാത്രം താൽപ്പര്യങ്ങൾ പരിഗണിക്കാതെ എല്ലാ വിഭാഗം യാത്രക്കാരുടെയും താൽപ്പര്യങ്ങൾ പരിഗണിക്കണം', റിപ്പോർട്ടിൽ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് മെട്രോമാൻ ഇ ശ്രീധരനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. 'പുതിയ സർവീസുകൾ ആരംഭിക്കുകയാണെങ്കിൽ, അവ കുറഞ്ഞ വേഗതയിൽ ഓടാൻ നിർബന്ധിതരാകുകയോ പാസഞ്ചർ ട്രെയിൻ സമയക്രമം തടസ്സപ്പെടുത്തുകയോ ചെയ്യും. റെയിൽവേ ഇതിനകം ചെയ്തതുപോലെ കോച്ച് ശേഷി വർദ്ധിപ്പിക്കുക എന്നതാണ് പ്രായോഗിക പരിഹാരം. ദീർഘകാലാടിസ്ഥാനത്തിൽ, ഇത്തരം കൂടുതൽ ട്രെയിനുകൾ തടസ്സമില്ലാതെ ഓടിക്കാൻ ഒരു പ്രത്യേക അതിവേഗ ഇടനാഴി സൃഷ്ടിക്കുക മാത്രമാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സ്ലീപ്പർ ട്രെയിൻ വരികയാണെങ്കിൽ തന്നെ പ്രധാനമായും തിരുവനന്തപുരം-മംഗളൂരു റൂട്ടിലായിരിക്കും അവതരിപ്പിച്ചേക്കുക. എന്നാൽ സർവ്വീസ് എപ്പോൾ വരുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ദേശീയ തലത്തിൽ ഒക്ടോബർ 15 നോടെ സ്ലീപ്പർ സർവ്വീസ് എത്തുമെന്നാണ് റെയിൽവെ മന്ത്രി സൂചിപ്പിച്ചത്.












Click it and Unblock the Notifications