വന്ദേഭാരത് സ്ലീപ്പര്‍ എത്തുന്നു; റൂട്ട്, സമയം ധാരണയായി, തേജസ്-രാജധാനി ചേര്‍ന്നാല്‍ ഇനി സ്ലീപ്പര്‍
ന്യൂഡല്‍ഹി: ഏറെ നാളായി കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തുന്നു. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. വേഗതയില്‍ തേജസ് എക്‌സ്പ്രസിനും സൗകര്യങ്ങളില്‍ രാജധാനിക്കും സാങ്കേതിക വിദ്യയില്‍ വന്ദേഭാരത് എക്‌സ്പ്രസിനും സമാനമായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍. രാത്രി യാത്ര ലക്ഷ്യമിട്ടാണ് വന്ദേഭാരത് സ്ലീപ്പര്‍ എത്തുന്നത്.
നിലവില്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവയില്‍ കിടന്നുള്ള യാത്രയ്ക്ക് സൗകര്യമില്ല. അതുകൊണ്ടുതന്നെ ദീര്‍ഘദൂര യാത്ര സാധ്യവുമല്ല. ഈ സാഹചര്യത്തിലാണ് കിടന്നുള്ള യാത്രയ്ക്കും രാത്രി യാത്രയും ലക്ഷ്യമിട്ട് സ്ലീപ്പര്‍ വരുന്നത്. ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ഡല്‍ഹിയില്‍ നിന്ന് ബിഹാറിലെ പട്‌നയിലേക്കായിരിക്കും ഈ മാസം സര്‍വീസ് ആരംഭിക്കുക എന്ന് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.

വന്ദേഭാരത് സ്ലീപ്പര്‍ യാത്ര തുടങ്ങേണ്ട തിയ്യതി സംബന്ധിച്ച് റെയില്‍വെയുടെ ഔദ്യോഗിക പ്രഖ്യാനം വൈകാതെയുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയം കൂടി പരിശോധിച്ച ശേഷം ഫ്‌ളാഗ് ഓഫ് തിയ്യതി തീരുമാനിക്കും. 16 കോച്ചുകളാണ് ഈ ട്രെയിനില്‍ ഉണ്ടാകുക. 827 ബെര്‍ത്തുകള്‍ ഉണ്ടായിരിക്കും. 611 തേഡ് എസി, 188 സെക്കന്റ് എസി, 24 ഫസ്റ്റ് എസി സൗകര്യമുണ്ടാകും.
വന്ദേഭാരതിന്റെ രണ്ട് റേക്കുകള്‍ ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് ഫാക്ടറിയില്‍ നിര്‍മിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വെയ്ക്കാണ് ആദ്യ സോണ്‍ ലഭിക്കുക. പരീക്ഷണ ഒട്ടം നടത്തിയ ശേഷമാകും സ്ഥിരം സര്‍വീസ്. സിസിടിവി ക്യാമറ, വായനയ്ക്കുള്ള വെളിച്ചം, ആകര്‍ഷകമായ അകത്തളം, ഓട്ടോമാറ്റിക് വാതിലുകള്‍ എന്നിവയെല്ലാം വന്ദേഭാരത് സ്ലീപ്പറില്‍ ഉണ്ടാകും.
പട്‌നയില്‍ നിന്ന് വൈകീട്ട് പുറപ്പെടും
മണിക്കൂറില്‍ 160 കിലോമീറ്ററിലാകും വന്ദേഭാരത് സ്ലീപ്പറിന്റെ യാത്ര. നിലവില്‍ 16 കോച്ചുള്ള ട്രെയിന്‍ ആണ് സര്‍വീസ് നടത്തുക എങ്കിലും പിന്നീട് 24 കോച്ചുകളാക്കി ഉയര്‍ത്താന്‍ സാധിക്കും. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ്. പട്‌നയിലെ രാജേന്ദ്ര നഗര്‍ ടെര്‍മിനലില്‍ നിന്ന് വൈകീട്ടായിരിക്കും ട്രെയിന്‍ പുറപ്പെടുക. രാവിലെ ഡല്‍ഹിയിലെത്തും.
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ സര്‍വീസ് തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ് എന്ന് ബിഹാറിലെ ധനാപൂര്‍ ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ സര്‍വീസ് തുടങ്ങുമെന്നാണ് അവരും അറിയിച്ചത്. ബിഹാറിലേക്ക് അടുത്ത കാലത്തായി നിരവധി വന്ദേഭാരത് എക്‌സ്പ്രസുകള്‍ റെയില്‍വെ അനുവദിച്ചിരുന്നു. അതിന് പുറമെയാണ് സ്ലീപ്പര്‍ കൂടി വരുന്നത്. എന്‍ഡിഎയെ വിജയിപ്പിച്ചതിനുള്ള സമ്മാനമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
ഡല്‍ഹിയെ ബന്ധിപ്പിച്ചാകും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ യാത്രകള്‍. കൊല്‍ക്കത്ത, ലഖ്‌നൗ, ചെന്നൈ, സിക്കന്തരാബാദ്, ബെംഗളൂരു തുടങ്ങിയ റൂട്ടുകളിലെല്ലാം ആദ്യഘട്ടത്തില്‍ തന്നെ വന്ദേഭാരത് സ്ലീപ്പര്‍ ലഭിക്കുമെന്നാണ് വിവരം. കേരളത്തിലേക്കും ഒരു സ്ലീപ്പര്‍ ലഭിക്കുമെന്ന് നേരത്തെ റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യഘട്ടത്തിലുണ്ടാകുമോ എന്ന് വ്യക്തമല്ല.












Click it and Unblock the Notifications